'ഐശ്വര്യത്തിന്‍റെ സൈറൺ മുഴങ്ങുന്നതു പോലെ'... പശു ആലിംഗന ദിനത്തെ ട്രോളി മന്ത്രി ശിവന്‍കുട്ടി
നാടോടിക്കാറ്റ് എന്ന സിനിമയിലെ രംഗം പങ്കുവെച്ചാണ് ശിവന്‍കുട്ടിയുടെ പരിഹാസം
തിരുവനന്തപുരം: പ്രണയ ദിനം കൗ ഹഗ് ഡേയായി ആചരിക്കാനുള്ള കേന്ദ്ര മൃഗ സംരക്ഷണ വകുപ്പിന്റെ നിർദേശത്തെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നാടോടിക്കാറ്റ് എന്ന സിനിമയിലെ രംഗം പങ്കുവെച്ചാണ് ശിവന്‍കുട്ടിയുടെ ഫേസ് ബുക്ക് പോസ്റ്റ്.
"ഇച്ചിരി തവിട്.. ഇച്ചിരി തേങ്ങാപിണ്ണാക്ക്... ഐശ്വര്യത്തിന്റെ സൈറൺ മുഴങ്ങുന്നത് പോലെ...!" എന്നാണ് ശിവന്‍കുട്ടിയുടെ പോസ്റ്റ്.
ഫെബ്രുവരി 14ന് പശുക്കളെ ആലിംഗനം ചെയ്യണമെന്നാണ് കേന്ദ്ര മൃഗസംരക്ഷണ ബോർഡ് ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും നിർദേശം നല്‍കിയത്. ഇന്ത്യൻ സംസ്കാരത്തിന്റെയും പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെയും നട്ടെല്ലാണ് പശു. കൗ ഹഗ് ഡേ ആചരിക്കാനായി പുറത്തിറക്കിയ സർക്കുലറിൽ പാശ്ചാത്യ സംസ്കാരത്തിന്റെ അതിപ്രസരം ഇന്ത്യൻ സമൂഹത്തിലുണ്ടെന്ന് മൃഗ സംരക്ഷണ ബോർഡ് കുറ്റപ്പെടുത്തി.
പാശ്ചാത്യ സംസ്കാരം വേദപാരമ്പര്യത്തെ നാശത്തിന്റെ വക്കിൽ എത്തിച്ചിരിക്കുന്നു. നമ്മുടെ പൈതൃകം മറന്നുപോകാനും ഇത് ഇടയാക്കുന്നു. ഈ ഘട്ടത്തിൽ പശുവിനെ കെട്ടിപ്പിടിച്ച് ആഘോഷിക്കുന്നത് വൈകാരികമായ സമൃദ്ധിക്ക് കാരണമാകുമെന്ന് സർക്കുലറിൽ പറയുന്നു.
Summary- Minister V Sivankutty trolls cow hug day