'ഈ മോൾ ഒരു ഹൗസ് സർജനാണ്, അത്ര എക്‌സ്പീരിയൻസ്ഡല്ല'; ഡോക്ടറുടെ കൊലപാതകത്തിൽ മന്ത്രി വീണാ ജോർജ്
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടറായ വന്ദന ദാസ് ആണ് കൊല്ലപ്പെട്ടത്.
തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കൊല്ലപ്പെട്ട ഡോക്ടർ ഹൗസ് സർജനാണെന്ന ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പരാമർശത്തിനെതിരെ വിമർശനമുയരുന്നു.
''ഈ മോൾ ഒരു ഹൗസ് സർജനാണ്, അത്ര എക്‌സ്പീരിയൻസ്ഡല്ല. അതുകൊണ്ട് ഇങ്ങനെ ഒരു ആക്രമണമുണ്ടായപ്പോൾ ഭയന്നുപോയിട്ടുണ്ടാകും എന്നാണ് മറ്റു ഡോക്ടർമാർ പറഞ്ഞത്''-ഇതായിരുന്നു മന്ത്രിയുടെ വാക്കുകൾ.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജനായ വന്ദന ദാസ് ആണ് കൊല്ലപ്പെട്ടത്. പുലർച്ചെ നാലരയോടെ പൊലീസ് വൈദ്യപരിശോധനക്ക് എത്തിച്ച പ്രതി സന്ദീപാണ് ഡോക്ടറെ ആക്രമിച്ചത്. പ്രതി അക്രമാസക്തനായപ്പോൾ ഇയാളെ ഒരു വാർഡിലിട്ട് പൂട്ടി. അപ്പോൾ ഈ വാർഡിൽ അകപ്പെട്ടുപോയ ഡോക്ടറെ പ്രതി കുത്തുകയായിരുന്നു. യു.പി സ്‌കൂൾ അധ്യാകനായ പ്രതി ലഹരിക്ക് അടിമയായതിനാൽ സസ്‌പെൻഷനിലാണ്.
ആറിൽ കൂടുതൽ കുത്തുകളാണ് വന്ദനയുടെ ശരീരത്തിലുള്ളത്. കഴുത്തിലും മുതുകിലും നെഞ്ചിലും ആഴത്തിൽ കുത്തേറ്റിട്ടുണ്ട്. നെഞ്ചിലേറ്റ കുത്ത് ശ്വാസകോശത്തിലേക്കാണ് തുളച്ചുകയറിയത്. ഗുരുതരമായി പരിക്കേറ്റ വന്ദനയെ തിരുവനന്തപുരം കിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഡോക്ടറുടെ മരണത്തിൽ പ്രതിഷേധിച്ച് കെ.ജി.എം.ഒയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപമായി വലിയ പ്രതിഷേധമാണ് നടക്കുന്നത്. മൂന്നു മണിക്ക് സെക്രട്ടറിയേറ്റ് മാർച്ച് നടത്തും. ഹൗസ് സർജൻസ് അസോസിയേഷനും പി.ജി ഡോക്ടർ അസോസിയേഷനും എം.ബി.ബി.എസ് വിദ്യാർഥികളും സമരത്തിൽ പങ്കെടുക്കു. വിഷയത്തിൽ ഉച്ചക്ക് ഹൈക്കോടതി പ്രത്യേക സിറ്റിങ് നടത്തും.