'സ്ത്രീധനം ഒരിക്കലും പ്രോത്സാഹിപ്പിക്കാൻ കഴിയാത്ത കാര്യം, ശക്തമായ നടപടിയുണ്ടാകും'; മന്ത്രി വീണാ ജോർജ്

അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്നാണ് പിജി ഡോക്ടർമാരുടെ സംഘടന അറിയിച്ചിരിക്കുന്നത്

Update: 2023-12-07 04:39 GMT
Advertising

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ യുവഡോക്ടർ ഷഹന ജീവനൊടുക്കിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി വീണാ ജോർജ്. സ്ത്രീധനം ഒരിക്കലും പ്രോത്സാഹിപ്പിക്കാൻ കഴിയാത്ത കാര്യമാണെന്നും വനിതാ ശിശുവികസന വകുപ്പിന്റെ റിപ്പോർട്ട് എത്തിയാലുടൻ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Full View

ഷഹനയുടെ മരണത്തിൽ അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്നാണ് പിജി ഡോക്ടർമാരുടെ സംഘടന അറിയിച്ചിരിക്കുന്നത്. സംഘടന ഷഹനയ്ക്കും കുടുംബത്തിനും ഒപ്പമാണെന്നും പൊലീസ് അന്വേഷണം കൃത്യമായി നടക്കുന്നു എന്നറിഞ്ഞതിൽ സന്തോഷമുണ്ടെന്നും അസോസിയേഷൻ പ്രതിനിധി ഉണ്ണി ആർ.പിള്ള പറഞ്ഞു.

അതേസമയം കേസിൽ റുവൈസിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റുവൈസിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റവും സ്ത്രീധന നിരോധന നിയമവും ചുമത്തി കേസ് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ രാത്രിയോടെ കസ്റ്റഡിയിലെടുത്തത്. റുവൈസിന്റെ അറസ്റ്റ് ഇന്ന് തന്നെ ഉണ്ടായേക്കുമെന്നാണ് വിവരം.

ഭീമമായ സ്ത്രീധനം നൽകാത്തതിനാൽ വിവാഹത്തിൽ നിന്ന് പ്രതി പിന്മാറിയെന്ന് മരിച്ച ഷഹനയുടെ അമ്മയും സഹോദരിയും മൊഴി നൽകിയിരുന്നു. ആരോപണങ്ങൾക്ക് പിന്നാലെ പിജി ഡോക്ടർമാരുടെ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്നും റുവൈസിനെ പുറത്താക്കി. സംഭവത്തിൽ ഡോക്ടർ ഷഹനയുടെ ബന്ധുക്കൾ നാളെ സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകും.

ചൊവ്വാഴ്ചയാണ് വെഞ്ഞാറമൂട് സ്വദേശി ഷഹനയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പിൽ സ്ത്രീധന പീഡനത്തെ തുടർന്നാണ് ജീവനൊടുക്കുന്നതെന്ന് ഷഹാന കുറിച്ചിരുന്നു. ഷഹാനയുടെയും റുവൈസിന്റെയും വിവാഹം ഉറപ്പിച്ചിരുന്നെങ്കിലും റുവൈസും കുടുംബവും കോടിക്കണക്കിന് രൂപ ആവശ്യപ്പെട്ട് യുവതിയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News