തമിഴ്നാട്ടിൽ നിന്നുള്ള മന്ത്രിതല സംഘം ഇന്ന് മുല്ലപ്പെരിയാർ ഡാം സന്ദർശിക്കും
ഡാമിലെ നിലവിലെ സ്ഥിതി മന്ത്രിമാർ വിലയിരുത്തും. തേക്കടിയിൽ നിന്ന് ബോട്ട് മർഗമാണ് മന്ത്രിമാർ മുല്ലപ്പെരിയാറിലേക്ക് പോവുക.
തമിഴ്നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈ മുരുകൻ ഉൾപ്പെടുന്ന സംഘം ഇന്ന് മുല്ലപ്പെരിയാർ ഡാം സന്ദർശിക്കും. ഡാമിലെ നിലവിലെ സ്ഥിതി മന്ത്രിമാർ വിലയിരുത്തും. ധനമന്ത്രി ത്യാഗരാജൻ, സഹകരണമന്ത്രി ഐ പെരിയസ്വാമി, രജിസ്ട്രേഷൻ വകുപ്പ് മന്തി പി മൂർത്തി എന്നിവരാണ് സംഘത്തിലെ മറ്റു മൂന്ന് മന്ത്രിമാർ. പൊതുമരാമത്ത് അഡീഷണൽ ചീഫ് സെക്രട്ടറി, കാവേരി സെൽ ചെയർമാൻ, ഏഴ് എം.എൽ.എമാർ എന്നിവരും സംഘത്തിലുണ്ട്.
മുല്ലപ്പെരിയാർ ഡാം തുറന്നതിനെതിരെയും കേരളത്തിലെ മന്ത്രിമാർ ഡാം സന്ദർശിച്ചതിനെതിരെയും പ്രതിഷേധമുയർത്തി എ.ഐ.എ.ഡി.എം.കെയും ചില കർഷക സംഘടനകളും രംഗത്ത് വന്നിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് സന്ദർശനം. തേക്കടിയിൽ നിന്ന് ബോട്ട് മർഗമാണ് മന്ത്രിമാർ മുല്ലപ്പെരിയാറിലേക്ക് പോവുക.
അതേസമയം, എട്ട് ഷട്ടറുകൾ തുറന്നിട്ടും മുല്ലപ്പെരിയാറിൽ ജലനിരപ്പ് താഴുന്നില്ല. നീരാഴുക്ക് കൂടിയതാണ് ജലനിരപ്പ് ഉയരാൻ കാരണം. എട്ട് സ്പിൽവേ ഷട്ടറുകളിലൂടെ 3813.20 ഘനയടി വെള്ളം ഒഴുക്കുന്നുണ്ട്. ഇടുക്കി ഡാമിലും ജലനിരപ്പ് കൂടി. വെള്ളം 2398.40 അടി കടന്നു.