സിപിഎം സംസ്ഥാന സമ്മേളനം: 'വമ്പൻ പദ്ധതി മാത്രം പോരാ, അടിസ്ഥാന വിഭാഗങ്ങളെ മറക്കരുത്', വിമർശനവുമായി പ്രതിനിധികൾ

'പിഎസ്‌സി അംഗങ്ങൾക്ക് സ്വർണ്ണക്കരണ്ടിയിൽ ശമ്പളം നൽകുന്നു, ആശാവർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കുന്നില്ല'

Update: 2025-03-07 14:38 GMT
Editor : സനു ഹദീബ | By : Web Desk
സിപിഎം സംസ്ഥാന സമ്മേളനം: വമ്പൻ പദ്ധതി മാത്രം പോരാ, അടിസ്ഥാന വിഭാഗങ്ങളെ മറക്കരുത്, വിമർശനവുമായി പ്രതിനിധികൾ
AddThis Website Tools
Advertising

കൊല്ലം: മന്ത്രിമാരുടെ പ്രവർത്തനം പോരെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തിൽ വിമർശനം. മന്ത്രിമാർ പ്രവർത്തനം മെച്ചപ്പെടുത്തുന്നില്ല. മുഖ്യമന്ത്രി ഒഴികെയുള്ള മന്ത്രിമാർ പ്രതീക്ഷക്കൊത്ത് ഉയരുന്നില്ല. മുഖ്യമന്ത്രിയെ പ്രതിപക്ഷം കൂട്ടമായി ആക്രമിച്ചിട്ടും പ്രതിരോധിക്കുന്നില്ല. വ്യാവസായിക വളർച്ചക്ക് പിന്നാലെ പോകുമ്പോൾ പരമ്പരാഗത മേഖലക്ക് അവഗണനയെന്നും വിമർശനം ഉയർന്നു.

സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന് നേരെയും ചർച്ചയിൽ രൂക്ഷ വിമർശനം ഉയർന്നു. സ്ഥാനമാനങ്ങൾ എല്ലാം കണ്ണൂരുകാർക്ക് നൽകുന്നു എന്നാണ് വിമർശനം. മെറിറ്റും മൂല്യവും എപ്പോഴും പാർട്ടി സെക്രട്ടറി പറയും. പക്ഷേ സ്ഥാനങ്ങൾ വീതം വയ്ക്കുന്നത് കണ്ണൂരുകാർക്ക് മാത്രമെന്നാണ് വിമർശനം. പത്തനംതിട്ടയിൽ നിന്നുള്ള പി ബി ഹർഷകുമാറാണ് വിമർശിച്ചത്.

ആശാ വർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കാത്തതിനെയും സമ്മേളനത്തിൽ പ്രതിനിധികൾ വിമർശിച്ചു. പിഎസ്‌സി അംഗങ്ങൾക്ക് സ്വർണ്ണക്കരണ്ടിയിൽ ശമ്പളം നൽകുന്നു. എന്നാൽ ആശാവർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കുന്നില്ല. സമരം തെളിഞ്ഞ വെള്ളത്തിൽ നഞ്ച് കലക്കിയത് പോലെ സർക്കാരിനെ ബാധിക്കുന്നു. തദ്ദേശ വാർഡ് വിഭജനം ദോഷം ചെയ്തെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി. വിഭജനം നടത്തിയത് ഉദ്യോഗസ്ഥരെ മാത്രം വിശ്വാസത്തിലെടുത്തതാണ്. ഇത് ദോഷം ചെയ്‌തെന്നും പ്രതിനിധികൾ വ്യക്തമാക്കി.

തൊഴിലാളികളെ മറക്കരുതെന്നും ചർച്ചയിൽ പ്രതിനിധികൾ ഓർമ്മിപ്പിച്ചു. വമ്പൻ വ്യവസായങ്ങൾക്ക് പിറകെ പോകുമ്പോൾഅടിസ്ഥാന വിഭാഗങ്ങളെ മറക്കരുത്. വമ്പൻ പദ്ധതി മാത്രം പോരാ. അടിസ്ഥാന തൊഴിലാളി വർഗത്തെ സംരക്ഷിക്കണം. പാർട്ടി കെട്ടിപ്പടുത്തത് തൊഴിലാളികളിലൂടെയാണ്. കയർ തൊഴിലാളികളെ രണ്ടാം പിണറായി സർക്കാർ തഴഞ്ഞെന്നും പി.പി ചിത്തരഞ്ജന്റെ വിമർശനം.

അതേസമയം, മുഖ്യമന്ത്രിക്ക് ചർച്ചയിൽ പ്രശംസ. വിമർശനങ്ങളെ ഒറ്റയ്ക്ക് നേരിടേണ്ടി വരുന്നു. സർക്കാരിന് നേരെ വരുന്ന വിമർശനങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കാൻ എല്ലാ മന്ത്രിമാരും തയ്യാറാകുന്നില്ലെന്ന് കൊല്ലത്തുനിന്നുള്ള പ്രതിനിധി.

സ്ത്രീപക്ഷ നിലപാടിൽ പാർട്ടിക്ക് ആത്മാർത്ഥതയില്ലെന്നും സംസ്ഥാന സമ്മേളനത്തിലെ പൊതു ചർച്ചയിൽ വിമർശനം ഉയർന്നു. സ്ത്രീ പക്ഷ നിലപാടിൽ പാർട്ടിക്ക് ആത്മാർത്ഥ കുറവ് ഉണ്ട്. അന്ധവിശ്വാസം, അനാചാരം എന്നിവ ക്യാമ്പയിൻ രൂപത്തിൽ ഏറ്റെടുക്കാറുള്ള പാർട്ടി സ്ത്രീ പക്ഷ നിലപാടിൽ ഈ സമീപനം കാണിക്കുന്നില്ലെന്ന് കെ.അനുശ്രീ വിമർശിച്ചു.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News