കുട്ടികളിൽ ശാസ്ത്രാവബോധം വർധിപ്പിക്കുക ലക്ഷ്യം: ടിങ്കറിംഗ് ലാബുകളുമായി വിദ്യാഭ്യാസ വകുപ്പ്
ഇലക്ട്രോണിക്സ്, റോബോട്ടിക്സ് , ബയോ ഇൻഫർമാറ്റിക്സ് തുടങ്ങിയ വിഷയങ്ങളിൽ പഠനശേഷി കൈവരിക്കുന്നതിനുള്ള പരിശീലനം ലഭ്യമാക്കുകയാണ് ലാബുകളുടെ ലക്ഷ്യം
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസരംഗം ആധുനികവൽക്കരിക്കാൻ ടിങ്കറിങ് ലാബ് പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു.
വിദ്യാർത്ഥികൾക്ക് സ്കൂൾതലം മുതൽ ഇലക്ട്രോണിക്സ്, റോബോട്ടിക്സ് , ബയോ ഇൻഫർമാറ്റിക്സ് തുടങ്ങിയ വിഷയങ്ങളിൽ പഠനശേഷി കൈവരിക്കുന്നതിനുള്ള പരിശീലനം ലഭ്യമാക്കുകയാണ് ടിങ്കറിംഗ് ലാബുകളുടെ ലക്ഷ്യം. സമഗ്ര ശിക്ഷ കേരളം പദ്ധതിയിലൂടെയാണ് ലാബുകൾ സജ്ജമാക്കുന്നത്. സംസ്ഥാനത്ത് ഇതിനോടകം 42 ടിങ്കറിംഗ് ലാബുകൾ ആരംഭിച്ചുകഴിഞ്ഞു.
പൊതുവിദ്യാലയങ്ങളിലെ കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുകയാണ് ടിങ്കറിംഗ് ലാബുകളുടെ ലക്ഷ്യമെന്നും വൈജ്ഞാനിക വിദ്യാർഥി സമൂഹത്തെ സൃഷ്ടിക്കാൻ കഴിയുന്ന പദ്ധതിയാണ് ടിങ്കറിംഗ് ലാബുകൾ എന്നും പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു