എട്ടാം ക്ലാസ് വരെ സ്‌കോളർഷിപ്പ്: കേന്ദ്രനടപടി ന്യൂനപക്ഷ സമൂഹത്തോടുള്ള വെല്ലുവിളി-വെൽഫെയർ പാർട്ടി
കേന്ദ്ര സർക്കാരിന്റെ ന്യൂനപക്ഷ സമൂഹത്തോടുള്ള വിരോധമാണ് സ്‌കോളർഷിപ്പ് തടസപ്പെടുത്തുന്നതിലൂടെ ബോധ്യപ്പെടുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം
മലപ്പുറം: ന്യൂനപക്ഷ വിഭാഗത്തിലെ ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് സ്‌കോളർഷിപ്പ് ഒഴിവാക്കിയ നടപടി ന്യൂനപക്ഷ സമൂഹത്തിനോടുള്ള വെല്ലുവിളിയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. കേന്ദ്ര സർക്കാരിന്റെ ന്യൂനപക്ഷ സമൂഹത്തോടുള്ള വിരോധമാണ് സ്‌കോളർഷിപ്പ് തടസപ്പെടുത്തുന്നതിലൂടെ ബോധ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഹമീദ്.
സ്‌കോളർഷിപ്പിനുവേണ്ടി എല്ലാ സർട്ടിഫിക്കറ്റുകളും സമർപ്പിച്ച് സ്‌കൂൾ, ജില്ല, സംസ്ഥാന തലത്തിലുള്ള പരിശോധനകൾ നടത്തി അപേക്ഷ നൽകേണ്ട അവസാന തിയതിയും കഴിഞ്ഞപ്പോഴാണ് കേന്ദ്ര സർക്കാർ തികച്ചും ന്യൂനപക്ഷ വിരുദ്ധമായ തീരുമാനം പ്രഖ്യാപിക്കുന്നത്. മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി വരുമാന സർട്ടിഫിക്കറ്റിനൊപ്പം മൈനോരിറ്റി, ജാതി സർട്ടിഫിക്കറ്റ് നിർബന്ധമായും വേണമെന്ന ഡയറക്ടർ ജനറൽ ഓഫ് എജ്യുക്കേഷന്റെ നിർദേശം നിഗൂഢമായ താൽപര്യങ്ങളുടെ പുറത്തായിരുന്നുവെന്നാണ് മനസ്സിലാകുന്നത്. സവർണ സമൂഹത്തിന് മാത്രമായി അധികാരവും വിദ്യാഭ്യാസവും പിടിച്ചെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇതര സമൂഹങ്ങളുടെ അവകാശത്തെ കേന്ദ്രസർക്കാർ കവർന്നെടുക്കാൻ ശ്രമിക്കുന്നതെന്നും ഹമീദ് വാണിയിമ്പലം കുറ്റപ്പെടുത്തി.
ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയർന്നുവരണമെന്ന് അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് നാസർ കീഴുപറമ്പ് പരിപാടിയിൽ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഗണേഷ് വടേരി റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ട്രഷറർ മുനീർ കാരക്കുന്ന് വരവ് ചെലവ് അവതരിപ്പിച്ചു. വഹാബ് വെട്ടം, ആരിഫ് ചുണ്ടയിൽ സമ്മേളന പ്രമേയം അവതരിപ്പിച്ചു.
Summary: Hameed Vaniyambalam, state president of the Welfare Party, said that the removal of scholarship for children belonging to the minority class from class 1 to class 8 is a challenge to the minority community.