സ്ത്രീവിരുദ്ധ പ്രസ്താവന: കെ. സുരേന്ദ്രനെതിരെ കേസെടുത്തു

ഇടത് വനിത നേതാക്കൾക്കെതിരായ പരാമർശത്തിനെതിരെയാണ് കേസെടുത്തത്

Update: 2023-03-28 16:44 GMT
Advertising

തിരുവവനന്തപുരം: ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനെതിരെ പൊലീസ് കേസെടുത്തു. ഇടത് വനിത നേതാക്കൾക്കെതിരായ പരാമർശത്തിനെതിരെയാണ് കേസെടുത്തത്. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്.

സി.എസ് സുജാത നൽകിയ പരാതിയിലാണ് പൊലീസ് നടപടി. സിപിഎമ്മിലെ വനിതാനേതാക്കൾ പണം അടിച്ചുമാറ്റി തടിച്ചുകൊഴുത്തെന്നും എന്നിട്ട് കേരളത്തിലെ സ്ത്രീകളെ കളിയാക്കുകയാണ് എന്നുമായിരുന്നു സുരേന്ദ്രന്റെ പരാമർശം. പ്രതിപക്ഷ നേതാക്കളടക്കം ഇതിനെതിരെ വ്യാപകമായി രംഗത്ത് വരികയും ചെയ്തു.

രണ്ട് പരാതികളാണ് നിലവിൽ സുരേന്ദ്രനെതിരെ ലഭിച്ചിരിക്കുന്നത്. കോൺഗ്രസ് നേതാവ് വീണ എസ.് നായരും സിപിഎം പ്രവർത്തകൻ അൻവർ ഷാ പാലോടും നൽകിയ പരാതികളാണിത്. മുഖ്യമന്ത്രിക്കും വനിതാ കമ്മിഷനുമാണ് വീണ പരാതി നൽകിയിരിക്കുന്നത്. സുരേന്ദ്രന്റെ പ്രസ്താവന അങ്ങേയറ്റം അപമാനകരവും സ്ത്രീകളോടുള്ള നീച മനോഭാവത്തിന്റെ പ്രതിഫലനവുമാണെന്നും സുരേന്ദ്രനെതിരെ കേസ് രജിസ്റ്റർ ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്നും വീണ പരാതിയിൽ പറയുന്നു.

വിഷയത്തിൽ സി.പി.എം നേതാക്കൾ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല എന്നതടക്കമുള്ള ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. സി.പി.എം വനിതാ നേതാക്കളെ പൂതനയോട് ഉപമിക്കുകയും ബോഡി ഷെയിമിങ്ങിന് വിധേയമാക്കുകയും ചെയ്ത പ്രസ്താവന സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് കാട്ടിയാണ് പരാതി.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News