മുന്‍ മിസ് കേരള ഉള്‍പ്പെടെയുള്ളവരുടെ മരണം: ഹോട്ടലിൽ നിന്ന് പിടിച്ചെടുത്ത ഹാർഡ് ഡിസ്ക് പരിശോധിക്കും
അപകടത്തിൽപ്പെട്ട വാഹനം ഹോട്ടലിൽ നിന്നും അപകടം നടന്ന സ്ഥലത്തേക്ക് എത്തിയ വഴികളും അന്വേഷിക്കും
കൊച്ചിയിൽ മുൻ മിസ് കേരള ഉൾപ്പെടെ കാർ അപകടത്തിൽ മരിച്ച കേസിൽ ഹോട്ടലിൽ നിന്ന് പിടിച്ചെടുത്ത ഹാർഡ് ഡിസ്ക് വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കാൻ പൊലീസ്. ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയതാണ് ഹാർഡ് ഡിസ്ക്. ഹോട്ടലിലെ പരിപാടി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം.
ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽ നടന്ന പാർട്ടിയുടെ ദൃശ്യങ്ങളാണ് പരിശോധിക്കുന്നത്. പിടിച്ചെടുത്ത ഹാർഡ് ഡിസ്ക്കിന്റെ പാസ് വേർഡ് പൊലീനിന് ലഭിച്ചിട്ടില്ല. ഇതോടെ ഐടി വിദഗ്ധരുടെ സഹായത്തോടെ ഹാർഡ് ഡിസ്ക് പരിശോധിക്കാൻ തീരുമാനിക്കുകയായിരുന്നു.
കേസിൽ പിടിയിലായ ഡ്രൈവർ അപകടസമയത്ത് മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. ഇയാൾ മദ്യം ഉപയോഗിച്ചതിന് തെളിവു ശേഖരിക്കും. കൂടാതെ മറ്റെന്തെങ്കിലും ലഹരി വസ്തുക്കൾ ഉപയോഗിച്ചിരുന്നോ എന്ന കാര്യവും ഹാർഡ് ഡിസ്ക് പരിശോധനയിലൂടെ വ്യക്തമാകുമെന്നാണ് പ്രതീക്ഷ.
അപകടത്തിൽപ്പെട്ട വാഹനം ഹോട്ടലിൽ നിന്നും അപകടം നടന്ന സ്ഥലത്തേക്ക് എത്തിയ വഴികളും അന്വേഷിക്കും. പാർട്ടി നടന്ന ഹാളും അവിടേക്കുള്ള ഇടനാഴിയിലെയും ദൃശ്യങ്ങളാണ് പ്രധാനമായും പരിശോധിക്കുക. കേസിൽ അറസ്റ്റിലായ ഡ്രൈവർ അബ്ദുറഹ്മാന് അപകടത്തിൽ പരിക്ക് പറ്റിയിരുന്നു. നിലവിൽ ആരോഗ്യസ്ഥിതി മോശമായതിനാൽ ഇയാൾ ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിലാണ്.