സരിതയുടെ പേരിൽ ഉമ്മൻ ചാണ്ടിക്ക് നേരെ എറിഞ്ഞതെല്ലാം സ്വപ്‌നയുടെ രൂപത്തിൽ പിണറായിയുടെ നെഞ്ചത്ത് തിരിച്ച് കൊള്ളുന്നു: എം.കെ മുനീർ

കാറ്റ് അടിക്കുമ്പോഴാണ് ഇലകൾ അനങ്ങുന്നത്. ഇപ്പോഴത്തെ ഇലയനക്കത്തിന് കാരണമായ കാറ്റ് ഏതാണ് എന്നതാണ് കണ്ടെത്തേണ്ടത്. അതിന് ഏത് അന്വേഷണ ഏജൻസിയാണോ പ്രാപ്തമായിട്ടുള്ളത്,ആ അന്വേഷണ ഏജൻസിയെ കൊണ്ട് അന്വേഷിപ്പിച്ചു സത്യം കണ്ടെത്തേണ്ടതുണ്ട്.

Update: 2022-06-12 04:57 GMT
Advertising

കോഴിക്കോട്: സരിതയുടെ പേരിൽ ഉമ്മൻ ചാണ്ടിക്ക് നേരെ വാരി എറിഞ്ഞതെല്ലാം ഇപ്പോൾ സ്വപ്‌നയുടെ രൂപത്തിൽ ബൂമറാങ് പോലെ പിണറായി വിജയന്റെ നെഞ്ചത്ത് കൊണ്ടിരിക്കുകയാണെന്ന് എം.കെ മുനീർ എംഎൽഎ. കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന ചൊല്ല് ഇത്രമേൽ അന്വർഥമായ ഒരു രാഷ്ട്രീയ സാഹചര്യം വേറെയുണ്ടായിട്ടില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

'കൊടുത്താൽ കൊല്ലത്തും കിട്ടു'മെന്ന ചൊല്ല് ഇത്രമേൽ അന്വർത്ഥമായ ഒരു രാഷ്ട്രീയ സാഹചര്യം വേറെയുണ്ടായിട്ടില്ല. മുൻപ് സരിതയുടെ പേരിൽ ഉമ്മൻ ചാണ്ടിക്ക് നേരെ വാരി എറിഞ്ഞതെല്ലാം ഇപ്പോൾ സ്വപ്നയുടെ രൂപത്തിൽ ബൂമറാങ് പോലെ പിണറായി വിജയൻറെ നെഞ്ചത്ത് കൊണ്ടിരിക്കുകയാണ് ! അതോടെ അദ്ദേഹം ഭയാനകമായ രീതിയിൽ നിശബ്ദനായിരിക്കുന്നു.ഈ നിശബ്ദതയും നിഷ്ക്രിയത്വവും ഒരു സ്റ്റേറ്റിന്റെ ആഭ്യന്തര വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയുടേത് കൂടിയാണ് എന്നത് സംസ്ഥാനത്തിന്റെ ഭാവിയെ കുറിച്ചോർക്കുന്ന കേരളീയരെ ആശങ്കയിലാഴ്ത്തുന്നു.

എന്തൊക്കെയോ എവിടെയൊക്കെയോ പൊരുത്തക്കേടുകൾ ഉണ്ട്. എവിടെ നിന്നൊക്കെയോ ദുർഗന്ധങ്ങൾ വമിക്കുന്നുണ്ട്.

കാറ്റ് അടിക്കുമ്പോഴാണ് ഇലകൾ അനങ്ങുന്നത്. ഇപ്പോഴത്തെ ഇലയനക്കത്തിന് കാരണമായ കാറ്റ് ഏതാണ് എന്നതാണ് കണ്ടെത്തേണ്ടത്. അതിന് ഏത് അന്വേഷണ ഏജൻസിയാണോ പ്രാപ്തമായിട്ടുള്ളത്,ആ അന്വേഷണ ഏജൻസിയെ കൊണ്ട് അന്വേഷിപ്പിച്ചു സത്യം കണ്ടെത്തേണ്ടതുണ്ട്.

ആരോപണത്തിന്റെ ശരി തെറ്റുകളിലേക്ക് ഇപ്പോൾ കടക്കുന്നില്ല. പക്ഷേ ഗൗരവമായ കാര്യം, ഉന്നയിക്കപ്പെട്ടത് നിസ്സാരമായ ആരോപണങ്ങൾ അല്ല എന്നതാണ്. പ്രസ്തുത ആരോപണങ്ങൾക്ക് നടുവിൽ നിൽക്കുന്ന ഒരു വ്യക്തി താൻ ശുദ്ധനാണെന്ന് പറഞ്ഞാൽ മാത്രം പോര, തെളിയിക്കുക കൂടി വേണം.

ഈ തത്വമനുസരിച്ചു സംശയത്തിന്റെ നിഴലിൽ കേരളത്തിന്റെ മുഖ്യമന്ത്രി നിൽക്കുന്ന സന്ദർഭമാണ്. ഇക്കാര്യത്തിൽ ഒരു സന്ദേഹത്തിന്റെയും ആവശ്യമില്ല എന്ന അഭിപ്രായമുള്ളവരുണ്ട്‌. എന്നാലും സംശയത്തിന്റെ ആനുകൂല്യം നൽകിയാൽ തന്നെ ഇരുട്ടിന്റെ നിഴലിൽ നിന്നും വെളിച്ചത്തിലേക്ക് മാറി നിന്ന് താൻ കറ പുരളാത്തവനാണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തേണ്ട ബാധ്യത കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഉണ്ട്.

സ്വപ്ന ഉന്നയിച്ചിരിക്കുന്നത് നിസ്സാരമായ ആരോപണങ്ങളല്ല. അവർ പേരെടുത്ത് പറഞ്ഞു പല ആളുകളേയും അതിലേക്ക് ബന്ധിപ്പിച്ചിരിക്കുന്നു. അതിൽ ഒന്നാം സ്ഥാനത്ത് ഒരു സംസ്ഥാനത്തിന്റെ പ്രഥമ സ്ഥാനത്തുള്ള മുഖ്യമന്ത്രിയുടെ പേരുമുണ്ട്. അപ്പോൾ പ്രതിബദ്ധതയുള്ള ഒരു മുഖ്യമന്ത്രിയുടെ പ്രഥമ ചുമതല താനും തനിക്ക് ചുറ്റുമുള്ളവരും ഇതിൽ ഉൾപ്പെട്ടിട്ടില്ലെന്ന് ജനങ്ങൾക്ക് മുൻപിൽ ബൊധ്യപ്പെടുത്തലാണ്.

ബിരിയാണിയിലടക്കം ദേശവിരുദ്ധമായ കാര്യങ്ങൾ കടത്തി എന്ന് ആരോപണത്തിന്റെ മുനയിൽ നിൽക്കുന്ന ഒരാളാണ് നമ്മുടെ സ്റ്റേറ്റിന്റെ ചീഫ്.അദ്ദേഹമാണ് നമ്മുടെ ഭരണകർത്താവ്. ഗൂഡാലോചന എന്ന് പറഞ്ഞു പറയുന്നവരെ മുഴുവൻ കൽത്തുറുങ്കിൽ അടയ്ക്കുന്നതിന് പകരം അതിൽ പറഞ്ഞ കാര്യങ്ങളൊന്നും എന്നെ ബാധിക്കുന്നതല്ലെന്ന് ബോധ്യപ്പെടുത്തേണ്ട ബാധ്യത മുഖ്യമന്ത്രിക്കുണ്ട്.

അല്ലാത്ത പക്ഷം കറുത്ത മാസ്കിനെ പോലും പേടിച്ചു ഇനിയെത്ര നാൾ ഇങ്ങനെ മുന്നോട്ട് പോകാൻ സാധിക്കും..!

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News