'എം.എൽ.എ നിറഞ്ഞാടിയ നാടകമാണ് താലൂക്ക് ഓഫീസിൽ നടന്നത്'; ജനീഷ് കുമാർ എം.എൽ.എയെ ആക്ഷേപിച്ച് കോന്നി ഡെപ്യൂട്ടി തഹസിൽദാർ

കോന്നി താലൂക്ക് ഓഫീസന്റെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പിലാണ് ജീവനക്കാർ വിനോദ യാത്ര പോയ വിഷയത്തിൽ ജനീഷ് കുമാർ എംഎൽഎയെ ആക്ഷേപിച്ച് ഹെഡ്ക്വാർട്ടേഴ്‌സ് ഡെപ്യൂട്ടി തഹസിൽദാർ എംസി രാജേഷ് പോസ്റ്റിട്ടത്

Update: 2023-02-12 07:59 GMT
Advertising

പത്തനംതിട്ട: ജനീഷ് കുമാർ എം.എൽ.എയെ പരസ്യമായി ആക്ഷേപിച്ച് കോന്നി ഡെപ്യൂട്ടി തഹസിൽദാർ. താലൂക്ക് ഓഫീസിൽ നടന്നത് എം.എൽ.എ നിറഞ്ഞാടിയ നാടകമാണെന്ന് ഡെപ്യൂട്ടി തഹിൽദാർ എം.സി രാജേഷ് വാട്‌സാപ്പ് ഗ്രൂപ്പിൽ ആരോപിച്ചു. വിവാദം തുടരുന്നതിനിടെ വിനോദയാത്രക്ക് പോയ ജീവനക്കാർതിരിച്ചെത്തി. കോന്നി താലൂക്ക് ഓഫീസന്റെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പിലാണ് ജീവനക്കാർ വിനോദ യാത്ര പോയ വിഷയത്തിൽ ജനീഷ് കുമാർ എംഎൽഎയെ ആക്ഷേപിച്ച് ഹെഡ്ക്വാർട്ടേഴ്‌സ് ഡെപ്യൂട്ടി തഹസിൽദാർ എംസി രാജേഷ് പോസ്റ്റിട്ടത്. മുൻകൂട്ടി തിരക്കഥയെഴുതിയ നാടകത്തിൽ എം.എൽ.എ നിറഞ്ഞാടിയെന്ന് ആക്ഷേപിച്ച രാജേഷ് അറ്റന്റൻസ് രജിസ്റ്റർ പരിശോധിച്ചിതനെയും വിമർശിച്ചു. 

എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ കസേരയിൽ കയറിയിരുന്ന് ഇത്തരം പ്രഭാഷണം നടത്താൻ എം.എൽ.എക്ക് അധികാരമുണ്ടോയെന്നും പോസ്റ്റിൽ ചോദിക്കുന്നു. കാലു വയ്യാത്ത ആളെ കാശ് നൽകി വിളിച്ചുവരുത്തി തട്ടിപ്പ് നടത്തുകയാണ് ചെയ്തതെന്നും പോസ്റ്റിലുണ്ട്. രജിസ്റ്റർ പരിശോധിക്കാൻ എം.എൽ.എക്ക് അധികാരമുണ്ടോയെന്ന എ.ഡി.എമ്മിന്റെ പരാമർശം വിവാദമായതിന് പിന്നാലെയാണ് ഡെപ്യൂട്ടി തഹസിൽ ദാരും എം.എൽ.എക്ക് എതിരെ രംഗത്ത് വന്നത്.

അതിനിടെ താലൂക്ക് ഓഫീസിൽ നിന്ന് വിനോദയാത്ര പോയ ജീവനക്കാരുടെ സംഘം തിരിച്ചെത്തി. മാധ്യമങ്ങൾ കാത്ത് നിൽക്കുന്നത് മനസിലാക്കി കോന്നി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ രഹസ്യമായിറങ്ങിയ ഇവർ ടാക്‌സി കളിലും സ്വകാര്യ വാഹനങ്ങളിലുമാണ് വീടുകളിലേക്ക് മടങ്ങിയത്. വിവാദങ്ങളോട് ഇപ്പോൾ പ്രതികരിക്കാനില്ലെന്നും മേലുദ്യോഗസ്ഥർക്ക് വിശദീകരണങ്ങൾ നൽകുമെന്നും ജീവനക്കാർ പറഞ്ഞു. ക്വാറി മാഫിയയുടെ സഹായത്തോടെയാണ് ജീവനക്കാർ വിനോദ യാത്ര പോയതെന്ന എം.എൽ.എ ജെനീഷ് കുമാറിന്റെ ആരോപണത്തെ വകയാർ മുരഹര ട്രാവൽ ഏജൻസി തള്ളി. താലൂക്ക് ഓഫീസ് വിഷയവുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതകളിൽ മാറ്റമില്ലെങ്കിലും കൂടുതൽ പ്രതികരണങ്ങൾ നടത്തി വിവാദം വലുതാകേണ്ടന്നാണ് സി.പി.എമ്മിന്റെയും സി.പി.ഐയുടെയും തീരുമാനം.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News