എസ്.ഐ അപമര്യാദയായി പെരുമാറിയെന്ന എം.എല്‍.എയുടെ പരാതി; ഒരു മാസമായിട്ടും നടപടിയെടുക്കാതെ ആഭ്യന്തര വകുപ്പ്

എസ്.ഐക്ക് വീഴ്ച സംഭവിച്ചതായി കണ്ണൂർ എ.സി.പി നേരത്തെ ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിരുന്നു

Update: 2024-02-04 01:35 GMT
Editor : Lissy P | By : Web Desk
Advertising

കണ്ണൂർ: എസ്.ഐ അപമര്യാദയായി പെരുമാറിയെന്ന എം.എൽ.എ എം.വിജിന്റെ പരാതിയിൽ ഒരു മാസമായിട്ടും നടപടിയെടുക്കാതെ ആഭ്യന്തര വകുപ്പ്. കണ്ണൂർ ടൗൺ എസ്.ഐക്കെതിരെ നൽകിയ പരാതിയിലാണ് ആഭ്യന്തര വകുപ്പ് നടപടിയെടുക്കാൻ മടിക്കുന്നത്. എസ്.ഐക്ക് വീഴ്ച സംഭവിച്ചതായി കണ്ണൂർ എ.സി.പി നേരത്തെ ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിരുന്നു. എസ്.ഐയുടെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചെന്നും നടപടിയെടുക്കണ്ടത് ആഭ്യന്തര വകുപ്പെന്നും സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പറഞ്ഞു.

കേരള ഗവ.നഴ്സസ് അസോസിയേഷൻ കണ്ണൂർ കലക്ടട്രേറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു എം.എൽ.എക്ക് പൊലീസിൽ നിന്ന് അധിക്ഷേപം നേരിടണ്ടി വന്നത്. പിന്നാലെ ടൗൺ എസ്.ഐ പി.പി ഷമീലിനെതിരെ എം.വിജിൻ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. പരാതിയിൽ അന്വേഷണം നടത്തിയത് കണ്ണൂർ എ .സി പി.ടി.കെ രത്ന കുമാറാണ്. എസ് ഐ അനാവശ്യമായി പ്രകോപനമുണ്ടാക്കിയെന്നും പ്രോട്ടോക്കാൾ ലംഘനമുണ്ടായെന്നും എ.സി.പി സിറ്റി പൊലീസ് കമ്മീഷണർക്ക് റിപ്പോർട്ട് നൽകി. എം.എൽ.എയെ തിരിച്ചറിഞ്ഞില്ലന്ന എസ്.ഐയുടെ വിശദീകരണം തൃപ്തികരമല്ലന്നും റിപ്പോർട്ടിലുണ്ടായിരുന്നു.

എസ്.ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് സി.പി.എം നേതൃത്വവും രംഗത്ത് എത്തി. മാർച്ചിൽ പങ്കെടുത്ത നഴ്സുമാർക്കെതിരെ കേസെടുത്ത നടപടി തിരുത്തണമെന്നും സി.പി.എം ആവശ്യപ്പെട്ടിരുന്നു.എന്നാൽ മാസം ഒന്ന് കഴിഞ്ഞിട്ടും ആഭ്യന്തര വകുപ്പ് അനങ്ങിയില്ല. എ.സി.പി നൽകിയെ റിപ്പോർട്ടിന്‍റെ  അടിസ്ഥാനത്തിൽ എസ്.ഐക്ക് ഒരു കാരണം കാണിക്കൽ നോട്ടീസ് പോലും നൽകിയില്ല. എസ്.ഐക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നും എന്നാൽ നടപടിയെടുക്കണ്ടത് ആഭ്യന്തര വകുപ്പാണെന്നുമായിരുന്നു സി.പി.എം ജില്ലാ സെക്രട്ടറിയുടെ പ്രതികരണം. ആഭ്യന്തര വകുപ്പിൽ നിന്നും നീതി കിട്ടുന്നില്ലന്ന് കണ്ണൂരിലെ സി.പി.എം അണികൾ പരാതി പറഞ്ഞു തുടങ്ങിയിട്ട് കാലമേറെയായി. അതിനിടെ ഭരണ കക്ഷി എം.എൽ.എ നൽകിയ പരാതി പോലും ആഭ്യന്തര വകുപ്പ് അവഗണിക്കുന്നതിൽ നേതൃത്വത്തിനും കടുത്ത അമർഷമുണ്ട്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News