പാർട്ടിയോട് നന്ദികേട് കാണിച്ച രാജേന്ദ്രനെ കൈകാര്യം ചെയ്യാൻ ആഹ്വാനം ചെയ്ത് എം.എം മണി

ദേവികുളം മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന എ.രാജയെ നിയമസഭാ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ ശ്രമിച്ചെന്നാരോപിച്ച്, സി.പി.എം നേതാവും മുൻ എം.എൽ.എയുമായ എസ്. രാജേന്ദ്രനെ കഴിഞ്ഞ ജനുവരിയിൽ ഒരു വർഷത്തേക്ക് പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.

Update: 2022-10-17 01:19 GMT
Advertising

ഇടുക്കി: ദേവികുളം മുൻ എം.എൽ.എ എസ്. രാജേന്ദ്രനെതിരെ വിവാദ പരാമർശവുമായി എം.എം മണി. പാർട്ടിയോട് നന്ദികേട് കാണിച്ച രാജേന്ദ്രനെ കൈകാര്യം ചെയ്യണം എന്നാണ് ആഹ്വാനം. മൂന്നാറിൽ നടന്ന എസ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്റ വാർഷിക യോഗത്തിലായിരുന്നു മണിയുടെ വിവാദ പരാമർശം.

പാർട്ടിയുടെ ബാനറിൽ എംഎൽ.എയും, ജില്ലാ പഞ്ചായത്ത് അംഗവുമായ ആളാണ് എസ്. രാജേന്ദ്രൻ. ഉണ്ട ചോറിന് നന്ദി കാണിക്കാതെ പാർട്ടിയെ വഞ്ചിച്ചു. രണ്ടുപ്രാവശ്യം മത്സരിച്ചവർ മാറി നിൽക്കാൻ പാർട്ടി ആവശ്യപ്പെട്ടപ്പോൾ പകരം സ്ഥാനാർഥിയാക്കിയ എ. രാജയെ തോൽപിക്കാൻ ശ്രമിച്ചു. അങ്ങനെയുള്ള രാജേന്ദ്രനെ കൈകാര്യം ചെയ്യണമെന്നായിരുന്നു എം.എം മണിയുടെ പ്രസംഗം.

''15 വർഷം എം.എൽ.എ സ്ഥാനമടക്കം എല്ലാ സൗകര്യങ്ങളും (എസ്. രാജേന്ദ്രൻ) അനുഭവിച്ചു. ഇതിന് ശേഷം വീണ്ടും എം.എൽ.എ സ്ഥാനം ലഭിക്കാതെ വന്നതോടെ, പാർട്ടി സ്ഥാനാർഥി എ. രാജയെ തോൽപിക്കാൻ കളികൾ നടത്തി. ഒരു നന്ദിയുമില്ലാത്ത ജൻമമാണ്. പാർട്ടി വിരുദ്ധ നടപടികളുടെ ഭാഗമായി സസ്‌പെൻഡ് ചെയ്തു. എന്നിട്ടും ഒളിഞ്ഞിരുന്ന് പാർട്ടിക്കെതിരെ പണിയുകയാണ്. രാജേന്ദ്രനെ വെറുതെ വിടരുത്, തൊഴിലാളികൾ ഇയാളെ കൈകാര്യം ചെയ്യണം''-എം.എം മണി പറഞ്ഞു.

അതേ സമയം ആരുടെയും ഭീഷണിക്ക് വഴങ്ങില്ലെന്നും, മൂന്നാറിൽ ജനിച്ചു വളർന്ന തന്നെ കൈകാര്യം ചെയ്യാൻ ശ്രമിച്ചാൽ അതിനെ നേരിടുമെന്നായിരുന്നു എസ്. രാജേന്ദ്രന്റെ മറുപടി. ''സമനില തെറ്റിയ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അതിനോട് പ്രതികരിക്കാനില്ല. എന്നെ നേരിടണമെന്നും കൈകാര്യം ചെയ്യണമെന്നും തോഴിലാളികളോട് പറഞ്ഞാൽ അവർക്ക് എന്നെ അറിയാം. തോട്ടം മേഖലയിൽ ജനിച്ചുവളർന്ന എന്നെ കൈകാര്യം ചെയ്യാൻ ആരെങ്കിലും ശ്രമിച്ചാൽ അത് അത് നേരിടും. ജനിച്ചു വളർന്ന നാടാണിത്. ആരുടെയും ഭീഷണിക്ക് വഴങ്ങി നാടു വിടില്ല. ഭീഷണി സംബന്ധിച്ച് തൽക്കാലം പൊലീസിൽ പരാതി നൽകുന്നില്ല''- രാജേന്ദ്രൻ പറഞ്ഞു.

ദേവികുളം മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന എ.രാജയെ നിയമസഭാ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ ശ്രമിച്ചെന്നാരോപിച്ച്, സി.പി.എം നേതാവും മുൻ എം.എൽ.എയുമായ എസ്. രാജേന്ദ്രനെ കഴിഞ്ഞ ജനുവരിയിൽ ഒരു വർഷത്തേക്ക് പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. രാജേന്ദ്രന്റെ സസ്‌പെൻഷൻ കാലാവധി ജനുവരിയിൽ അവസാനിക്കാനിരിക്കെയാണ് മണിയുടെ പുതിയ പരാമർശം.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News