ഇടുക്കിയിൽ പ്രദേശവാസിയെ ആക്രമിച്ച പുലിയെ തല്ലിക്കൊന്ന് നാട്ടുകാർ
പുലിയെ കൊന്നത് ആത്മരക്ഷാർഥമാണെന്നും കേസെടുക്കില്ലെന്നും വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ
ഇടുക്കി: ഇടുക്കി മാങ്കുളത്ത് നാട്ടിലിറങ്ങി പ്രദേശവാസിയെ ആക്രമിച്ച പുലിയെ നാട്ടുകാർ തല്ലിക്കൊന്നു. അമ്പതാം മൈൽ സ്വദേശി ഗോപാലനെ ആക്രമിച്ച പുലിയെ ആണ് നാട്ടുകാർ തല്ലിക്കൊന്നത്.
കുറച്ചു നാളുകളായി പ്രദേശത്ത് പുലി ഭീതി പരത്തിയിരുന്നു. ഇന്ന് പുലർച്ചെ ഗോപാലന് നേരെ പുലിയുടെ ആക്രമണമുണ്ടായതോടെ നാട്ടുകാർ ഓടിക്കൂടുകയും രക്ഷാശ്രമത്തിനിടെ പുലിയെ കൊല്ലുകയുമായിരുന്നു.സംഭവത്തെത്തുടർന്ന് വനംവകുപ്പ് സ്ഥലത്തെത്തി പുലിയുടെ ജഡം പ്രദേശത്ത് നിന്ന് നീക്കം ചെയ്തു. പുലിയെ കൊന്നത് ആത്മരക്ഷാർഥമാണെന്നും കേസെടുക്കില്ലെന്നും വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചിട്ടുണ്ട്.
ഇന്നലെ രാത്രിയിൽ അമ്പതാം മൈലിൽ എത്തിയ പുലി രണ്ട് ആടുകളെയും കൊന്നിരുന്നു.ഇതിന് ശേഷം പുലർച്ചെയാണ് ഗോപാലനെ ആക്രമിക്കുന്നത്.ഗോപാലനെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.