'സ്റ്റേഷനില്‍ പോയത് നീതി കിട്ടുമെന്ന് കരുതിയാണ്, അവള്‍ മാനസികരോഗിയാണെന്ന് സിഐ പറഞ്ഞു'... നെഞ്ചുപൊട്ടി മോഫിയയുടെ മാതാവ്

'സ്റ്റേഷനില്‍ അവനായിരുന്നു വോയ്സ്. നീ ഒരു മാനസികരോഗിയാണെന്ന് വരെ അവളെ കുറിച്ച് പറഞ്ഞു. സിഐ ആക്രോശിച്ചു'

Update: 2021-11-25 03:57 GMT
Advertising

സംരക്ഷണം തേടി പൊലീസ് സ്റ്റേഷനിലെത്തിയ മകളോട് സിഐ ഒരു ആശ്വാസവാക്ക് പറഞ്ഞിരുന്നെങ്കില്‍ അവളിന്ന് ജീവനോടെ ഉണ്ടാകുമായിരുന്നെന്ന് മോഫിയ പര്‍വീണിന്‍റെ മാതാവ്. സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് നിയമ വിദ്യാര്‍ഥിനിയായ മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്തത്. പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ നേരിട്ട അവഹേളനം മോഫിയയെ തളര്‍ത്തി. ഇതുവരെയും സിഐക്കെതിരെ നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ്, സംസാരിക്കാന്‍ പറ്റുന്ന അവസ്ഥയില്‍ അല്ലാതിരുന്നിട്ടുകൂടി താനിപ്പോള്‍ ഇതെല്ലാം പറയുന്നതെന്നും കണ്ണീരോടെ മാതാവ് പറഞ്ഞു.

മോഫിയയുടെ മാതാവിന്‍റെ വാക്കുകള്‍

"എന്‍റെ മോള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യേണ്ടേ എന്ന് വിചാരിച്ചാണ്, അല്ലാതെ ഞാന്‍ ഒന്നും പറയാന്‍ പറ്റുന്ന മാനസികാവസ്ഥയില്‍ അല്ല, തകര്‍ന്നുപോയി. കുഞ്ഞുപ്രായത്തില്‍ അവള്‍ അത്രയും അനുഭവിച്ചു. അവന് നല്ല ചികിത്സ കിട്ടിയാല്‍ ഓകെയാവും എന്നായിരുന്നു അവളുടെ പ്രതീക്ഷ. സിഐ നടപടിയെടുക്കാം എന്ന് ഒരു ആശ്വാസ വാക്ക് അവളോട് പറഞ്ഞിരുന്നെങ്കില്‍...

ഐഎഎസാകും, മജിസ്ട്രേറ്റാകും പാവങ്ങള്‍ക്കായി പലതും ചെയ്യണം. സ്ത്രീധനത്തിന് എതിരെ നില്‍ക്കും. എനിക്ക് സ്വര്‍ണമൊന്നും തരരുത് എന്നൊക്കെ അവള് പറയുമായിരുന്നു. നീ ആണാണോ എന്ന് ചോദിച്ചാണ് ഭര്‍ത്താവും അവന്‍റെ ഉമ്മയുമൊക്കെ ആക്ഷേപിച്ചത്. എന്‍റെ കൊച്ച് പഠിക്കുകയാണ് ഇപ്പോ കല്യാണം വേണ്ടെന്ന് അവനോട് പറഞ്ഞതാണ്. ഫോഴ്സ് ചെയ്ത് നിക്കാഹിലെത്തിച്ചു. അതുകഴിഞ്ഞാണ് സ്ത്രീധനം ചോദിച്ചതും സ്വര്‍ണം വേണമെന്ന് പറഞ്ഞതും.

പൊലീസ് സ്റ്റേഷനില്‍ അവള്‍ പോയത് സംരക്ഷണം കിട്ടുമെന്ന് കരുതിയാണ്. സ്റ്റേഷനില്‍ അവനായിരുന്നു വോയ്സ്. നീ ഒരു മാനസികരോഗിയാണെന്ന് വരെ അവളെ കുറിച്ച് പറഞ്ഞു. ഞാന്‍ നിയമത്തിന്‍റെ മുന്നില്‍ വരെ മാനസിക രോഗിയാണ്, ഇനി രക്ഷയില്ലെന്ന് അവള്‍ തിരിച്ചുവന്ന് പറഞ്ഞു. മോളത് വിചാരിക്കേണ്ട, നമുക്ക് നിയമപരമായി ഏതറ്റം വരെയും പോകാമെന്ന് സമാധാനിപ്പിച്ചു. അവളുടെ സ്ത്രീത്വത്തെ അപമാനിച്ചപ്പോഴാണ് അവളവനെ തല്ലിയത്. സിഐ അത്രയും ആക്രോശിച്ചപ്പോള്‍ അവളെ അറസ്റ്റ് ചെയ്യുമോയെന്ന് ഭയന്നുകാണും. അവളൊന്ന് റിലക്സാവട്ടെ എന്ന് കരുതി. അപ്പോള്‍ത്തന്നെ ഞാന്‍ അഡ്വക്കേറ്റിനെ വിളിച്ചപ്പോള്‍ പേടിക്കേണ്ട കോടതിയെ സമീപിക്കാമെന്ന് പറഞ്ഞു. പക്ഷേ അവളാ നീതിക്ക് കാത്തുനിന്നില്ല.

അവളെയും അവനെയും ഡോക്ടറെ കാണിച്ചിരുന്നു. അവന്‍ പലതും മറച്ചുവെച്ചാണ് നിക്കാഹ് നടത്തിയത്. അവന്‍റെ ബലഹീനതകള്‍ മറച്ചുവെയ്ക്കാന്‍ അവളെ മാനസികരോഗിയായി ചിത്രീകരിച്ചു. എനിക്ക് കണ്ണുനീരില്ല ഇപ്പോള്‍. ഒരുപാട് അമ്മമാര് എന്നെ വന്ന് കാണുന്നുണ്ട്. ധൈര്യം തരുന്നുണ്ട്. പൊലീസ് സേനയില്‍ നിന്ന് നമുക്ക് വേണ്ടത് പ്രൊട്ടക്ഷനാണ്. ഇത് എനിക്ക് മുഖ്യമന്ത്രിയെ അറിയിക്കണം". 

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News