'കള്ളക്കേസെടുത്ത് പീഡിപ്പിക്കുന്നു'; പൊലീസിനെതിരെ മുഹമ്മദ് ഷിയാസ് വീണ്ടും ഹൈക്കോടതിയിൽ
ഒരേ സംഭവത്തിൽ നാല് കേസെടുത്തത് തെളിവെന്നും ഹരജിയിൽ പറയുന്നു.
കൊച്ചി: പൊലീസിനെതിരെ എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് വീണ്ടും ഹൈക്കോടതിയിൽ. കള്ളക്കേസെടുത്ത് പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് കോടതിയിൽ ഹരജി നൽകി. ഒരേ സംഭവത്തിൽ നാല് കേസെടുത്തത് ഇതിന് തെളിവെന്നും ഹരജിയിൽ പറയുന്നു. പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ നടന്ന പ്രതിഷേധത്തിന്റെ പേരിൽ ഒന്നാം പ്രതിയാക്കി കേസെടുത്തത് പൊലീസിന്റെ ഗൂഢാലോചനയാണെന്നും ഷിയാസ് ആരോപിച്ചു. ഹരജി ഹൈക്കോടതി അടുത്തദിവസം പരിഗണിക്കും.
കോതമംഗലം സംഘർഷവുമായി ബന്ധപ്പെട്ടാണ് മുഹമ്മദ് ഷിയാസിനെതിരെ നാല് കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തത്. നേരത്തെ മുൻകൂർ ജാമ്യാപേക്ഷയുമായി ഷിയാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹരജിയിൽ, അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു.
അതേസമയം, കേസിൽ മുഹമ്മദ് ഷിയാസും മാത്യു കുഴൽനാടൻ എം.എൽ.എയും ഇന്ന് പൊലീസിനു മുന്നില്‍ ഹാജരായിരുന്നില്ല. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടികാട്ടിയാണ് ഹാജരാകാൻ കഴിയില്ലെന്ന് അറിയിച്ചത്. ഇന്ന് കോതമംഗലം പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നായിരുന്നു ഇരുവർക്കും ലഭിച്ച നോട്ടീസ്.