മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് വിദേശമലയാളിക്ക് പണം: പരിശോധന നടത്താൻ പ്രത്യേക സംഘമെത്തി
വാരപ്പെട്ടി പഞ്ചായത്തിലെ പ്രവാസിയായ ഷിബു ജോസിന് നാലു ലക്ഷം രൂപ അനുവദിച്ചത് നിയമാനുസൃതമല്ലെന്നാണ് വിജിലൻസ് കണ്ടെത്തൽ
കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് എറണാകുളം വാരപ്പെട്ടി സ്വദേശിയായ വിദേശമലയാളിക്ക് മൂന്ന് ലക്ഷം രൂപ അനുവദിച്ചെന്ന വിജിലൻസ് കണ്ടെത്തലിൽ പരിശോധന നടത്താൻ പ്രത്യേക സംഘമെത്തി.എറണാകുളം കളക്ട്രേറ്റിൽ നിന്നും കോതമംഗലം താലൂക്ക് ഓഫീസിൽ നിന്നുമുള്ള പ്രത്യേക സംഘമാണ് പരിശോധന നടത്തിയത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ ക്രമക്കേട് വിജിലൻസ് പുറത്തു കൊണ്ടു വന്ന സാഹചര്യത്തിലാണ് റവന്യൂ സംഘം അപേക്ഷകരെ തേടി നേരിട്ടു വീടുകളിൽ എത്തിയത്. വാരപ്പെട്ടി പഞ്ചായത്തിലെ പ്രവാസിയായ ഷിബു ജോസിന് നാലു ലക്ഷം രൂപ അനുവദിച്ചത് നിയമാനുസൃതമല്ലെന്നാണ് വിജിലൻസ് കണ്ടെത്തൽ. എന്നാൽ താൻ നിയമാനുസൃതമായ രീതിയിലാണ് അപേക്ഷ സമർപ്പിച്ചതെന്നും, രണ്ട് വർഷമായി നാട്ടിൽ ജോലിയില്ലാതെ വൃക്കരോഗിയായി കഴിയുകയായിരുന്നുവെന്നും ഷിബു ജോസ് പ്രതികരിച്ചു.
ഏഴ് മാസം മുമ്പ് വൃക്ക മാറ്റിവച്ചതിന് 18 ലക്ഷം രൂപ ചെലവായെന്നും ഇപ്പോൾ തുടർ ചികിത്സക്ക് 30,000 ഒരോ മാസവും ചെലവാകുന്നുണ്ടെന്നും 18 വർഷം കുവൈറ്റിൽ ജോലിയുണ്ടായിരുന്ന തനിക്ക് ഈ വീടും 19 സെന്റ് സ്ഥലവും അല്ലാതെ മറ്റ് സ്വത്തുക്കളോ വരുമാനമോ ഇല്ലെന്നും ഷിബു കൂട്ടിച്ചേർത്തു.