മാസപ്പടി കേസ്: സിഎംആർഎൽ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും
സി.എം.ആർ.എൽ എംഡി ശശിധരൻ കർത്ത ചോദ്യം ചെയ്യലിൽ നിന്ന് ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു.
കൊച്ചി: മാസപ്പടി കേസിൽ സി.എം.ആർ.എൽ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യൽ തുടരും. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി അഞ്ച് ഉദ്യോഗസ്ഥരെ ഇ.ഡി ചോദ്യം ചെയ്തു. ചീഫ് ഫിനാൻസ് ഓഫീസർ സുരേഷ് കുമാർ, ഐടി മാനേജർ എൻ.സി.ചന്ദ്രശേഖരൻ, കമ്പനി സെക്രട്ടറി പി.സുരേഷ് കുമാർ, സീനിയർ ഓഫീസർ അഞ്ജു, മുൻ കാഷ്യർ വാസുദേവൻ എന്നിവരെയാണ് അന്വേഷണസംഘം ചോദ്യം ചെയ്തത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി വീണയുടെ കമ്പനിയായ എക്‌സാലോജിക്കിന് സി.എം.ആർ.എൽ പണം നൽകിയിട്ടുണ്ടെന്നും എന്നാൽ അത് എന്ത് സേവനത്തിന്റെ പേരിലാണെന്ന് അറിയില്ലെന്നും ഉദ്യോഗസ്ഥർ മൊഴി നൽകി.
എക്‌സാലോജിക്കുമായുള്ള സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ വ്യക്തത വരുത്താൻ സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്തയെ ചോദ്യം ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാൽ ചോദ്യം ചെയ്യലിൽ നിന്ന് ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചു
സി.എം.ആർ.എൽ പ്രതിനിധികളിൽ നിന്ന് പരമാവധി വിവരശേഖരണം നടത്തി ഉടൻ മുഖ്യമന്ത്രിയുടെ മകൾ ടി വീണയ്ക്ക് നോട്ടീസ് നൽകാനാണ് ഇ.ഡിയുടെ നീക്കം.