ഓണക്കോടിക്കൊപ്പം പണം; വിജിലന്‍സ് അന്വേഷണം ഊര്‍ജിതം
നഗരസഭയിലെ സിസി ടിവി ദൃശ്യങ്ങള്‍ വിജിലന്‍സ് സംഘം ശേഖരിച്ചു
തൃക്കാക്കര നഗരസഭയില്‍ ഓണക്കോടിക്കൊപ്പം പണം നല്‍കിയെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണം ഊര്‍ജിതം. നഗരസഭയിലെ സിസി ടിവി ദൃശ്യങ്ങള്‍ വിജിലന്‍സ് സംഘം ശേഖരിച്ചു. ഓണക്കോടിയും കവറുമുള്‍പ്പെടെ കൗണ്‍സിലര്‍മാര്‍ക്ക് നല്‍കുന്ന ദൃശ്യങ്ങളടക്കം വിജിലന്‍സിന് ലഭിച്ചുവെന്നാണ് വിവരം. ഇന്നലെ പകല്‍ ആരംഭിച്ച വിജിലന്‍സിന്‍റെ പരിശോധന ഇന്ന് പുലര്‍ച്ചെ രണ്ടു മണി വരെ നീണ്ടുനിന്നു. കൗണ്‍സില്‍ യോഗത്തിനിടെയുണ്ടായ ബഹളത്തിന് തൊട്ടുപിന്നാലെ ആരംഭിച്ച വിജിലന്‍സ് പരിശോധനയിലും നാടകീയ രംഗങ്ങളാണ് ഉണ്ടായത്.
വിജിലന്‍സ് ഉദ്യോഗസ്ഥര്‍ എത്തിയതിനു പിന്നാലെ നഗരസഭ അധ്യക്ഷ അജിതാ തങ്കപ്പന്‍ ഓഫീസ് പൂട്ടി മടങ്ങി. ഇത് പരിശോധനയക്ക് തടസമായി. അധ്യക്ഷയുടെ മുറിയിലാണ് സിസി ടിവി സെര്‍വര്‍. ഓഫീസിലേക്കെത്താനാകില്ലെന്നും താക്കോല്‍ കൊടുത്തുവിടാമെന്ന് പറഞ്ഞെങ്കിലും പിന്നാലെ നഗരസഭ അധ്യക്ഷയുടെ ഫോണ്‍ സ്വിച്ച് ഓഫായി. ഇതോടെ മറ്റ് ദൃശ്യങ്ങള്‍ ശേഖരിച്ച ശേഷം സെര്‍വര്‍ റൂമിന്‍റെ പൂട്ട് തകര്‍ത്താണ് വിജിലന്‍സ് സംഘം ദൃശ്യങ്ങള്‍ ശേഖരിച്ചത്. നഗരസഭ അധ്യക്ഷയുടെ മുറിയില്‍ നിന്നും കൗണ്‍സിലര്‍മാര്‍ കവറുമായി പോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. തുടര്‍ നടപടികളുടെ ഭാഗമായി സിസി ടിവി ദൃശ്യങ്ങളിലുള്ള കൗണ്‍സിലര്‍മാരുടെ മൊഴി രേഖപ്പെടുത്തും. അധ്യക്ഷയുടെ മൊഴിയെടുക്കാന്‍ വിജിലന്‍സ് ഉടന്‍ നോട്ടിസ് നല്‍കും.