ഒരു വശത്ത് ഡാമും മറുവശത്ത് കുത്തനെയുള്ള കുന്നും; ഇടുക്കിയിൽ കാട്ടാനകളെ പിടികൂടുന്നത് ദുഷ്‌കരമെന്ന് വനംവകുപ്പ് സർജൻ
അരിക്കൊമ്പൻ, മൊട്ടബാലൻ, ചക്കക്കൊമ്പൻ എന്നീ ആനകൾ പ്രദേശത്ത് ഭീതി ഉയർത്തിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് അധികൃതർ രംഗത്തിറങ്ങിയിരിക്കുന്നത്
ഇടുക്കി: ജില്ലയിലെ ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിലെ കാട്ടാനകളെ നിരീക്ഷിക്കുന്നത് തുടരുന്നു. വനം വകുപ്പ് ചീഫ് വെറ്റിനറി സർജൻ ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. വയനാട്ടിൽ നിന്നുള്ള ദ്രുത കർമ്മ സേനയ്‌ക്കൊപ്പം ഇടുക്കിയിൽ നിന്നുള്ള സംഘവും നിരീക്ഷണത്തിൽ പങ്കെടുക്കുന്നുണ്ട്.
അരിക്കൊമ്പൻ, മൊട്ടബാലൻ, ചക്കക്കൊമ്പൻ എന്നീ ആനകൾ പ്രദേശത്ത് ഭീതി ഉയർത്തിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് അധികൃതർ രംഗത്തിറങ്ങിയിരിക്കുന്നത്. എന്നാൽ ഒരു വശത്ത് ഡാമും മറുവശത്ത് ജനവാസമുള്ള കുന്നുമായതിനാൽ ബുദ്ധിമുട്ടേറിയ ഭൂപ്രകൃതിയാണ് ഇവിടെ ഉള്ളതെന്നാണ് അരുൺ സക്കറിയ പറയുന്നത്. ആനകൾക്ക് റേഡിയോ കോളർ ഘടിപ്പിച്ച് ട്രാക്ക് ചെയ്ത് ഓടിക്കാമെന്നും നിവൃത്തിയില്ലെങ്കിൽ പിടികൂടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അതത്ര എളുപ്പമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ആനകളെ കാട്ടിലേക്ക് ഓടിക്കുക, റേഡിയോ കോളർ ഘടിപ്പിച്ച് നിരീക്ഷിക്കുക, അക്രമകാരികളെ മറ്റു സ്ഥലത്തേക്ക് മാറ്റുകയെന്ന മൂന്നു നിർദേശങ്ങളാണ് വനംവകുപ്പ് മുന്നോട്ട് വെച്ചിരുന്നത്. ഇതിൽ ആദ്യം തീരുമാനം നടപ്പാക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചിട്ടില്ല. ഇനി രണ്ട് വഴിയിലേക്ക് നീങ്ങേണ്ടി വരും. ആനകളിൽ അരിക്കൊമ്പനാണ് ഏറ്റവും അപകടകാരി. അതിനാൽ ഈ ആനയെ മയക്കുവെടി വെച്ച് പിടികൂടിയേക്കാം. പക്ഷേ ഇതിന് ഏറ്റവും വലിയ വെല്ലുവിളി പ്രദേശത്തെ ഭൂപ്രകൃതിയാണെന്നാണ് അധികൃതർ പറയുന്നത്.
Monitoring of wild elephants continues in Idukki