മുട്ടില്‍ മരംമുറിക്കേസിലെ പ്രതികള്‍ മലങ്കര ആദിവാസി കോളനിയിലുമെത്തി; വീട്ടി മരങ്ങള്‍ വെട്ടിക്കടത്തിയത് വെറും 38000 രൂപ നല്‍കി
മുഖ്യ പ്രതി റോജി അഗസ്റ്റിൻ നേരിട്ടെത്തിയാണ് കച്ചവടം ഉറപ്പിച്ചതെന്ന് ആദിവാസികൾ പറയുന്നു.
ലക്ഷങ്ങൾ വിലമതിക്കുന്ന വീട്ടിമരങ്ങൾ വെറും 38000 രൂപ നൽകിയാണ് മലങ്കര ആദിവാസി കോളനിയിൽ നിന്ന് മരംകൊള്ളക്കാർ വെട്ടി കടത്തിയത്. മുഖ്യ പ്രതി റോജി അഗസ്റ്റിൻ നേരിട്ടെത്തിയാണ് കച്ചവടം ഉറപ്പിച്ചതെന്ന് ആദിവാസികൾ പറയുന്നു. മരം മുറിക്കാനുള്ള അനുമതി റോജിക്കുണ്ടെന്ന് ചില ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പറഞ്ഞുവെന്നും ആദിവാസികൾ പറയുന്നു. മീഡിയവൺ എക്സ്ക്ലൂസീവ്.
മുട്ടിൽ മരം മുറിക്കേസിലെ പ്രതികൾ പല ആദിവാസി കോളനികളിൽ നിന്ന് വീട്ടി മരങ്ങൾ വെട്ടിക്കടത്തിയിട്ടുണ്ട്. മലങ്കര ആദിവാസി കോളനിയിലുള്ള കോമന്‍റെ മക്കൾക്ക് ലക്ഷങ്ങൾ വിലമതിക്കുന്ന വീട്ടിമരത്തിന് വെറും 38000 രൂപയേ നൽകിയുള്ളൂ. രണ്ട് ലക്ഷം രൂപ ചോദിച്ചിരുന്നുവെന്ന് ഉടമകളിലൊരാളായ അമ്മിണി മീഡിയവണിനോട് പറഞ്ഞു.
രണ്ട് ലക്ഷം രൂപ ചോദിച്ചു. തരാന്‍ പറ്റില്ലെന്ന് പറഞ്ഞു. അപ്പോ ഒന്നര ലക്ഷം ചോദിച്ചു. അതു തരാന്‍ പറ്റില്ലെന്ന് പറഞ്ഞു. എന്നിട്ട് 38000 ആണ് തന്നത്. അതും മൂന്ന് ഗഡുവായി. എല്ലാ രേഖകളും ഉണ്ടെന്ന് പറഞ്ഞു എന്നാണ് അമ്മിണി പറയുന്നത്.
മരം മുറിക്കാന്‍ അനുമതിയുണ്ടെന്ന് പറഞ്ഞ് ആദിവാസികളെ പറ്റിച്ചത് റോജി മാത്രമല്ല. ചില ഉദ്യോഗസ്ഥരും വന്നെന്ന് ആദിവാസികള്‍ പറയുന്നുണ്ട്. അത് വനം ഉദ്യോഗസ്ഥരാണോ അതോ റവന്യൂ ഉദ്യോഗസ്ഥരാണോ എന്ന കാര്യം അവര്‍ക്ക് അറിയില്ല.