'18 വയസുവരെ ജോലിക്കൊക്കെ പോയിരുന്നു, എങ്ങനെ വഴിതെറ്റിയെന്ന് എനിക്കറിയില്ല '; ആലുവ പീഡനക്കേസിലെ പ്രതിയുടെ അമ്മ
മോഷണക്കേസുകളിൽ പ്രതിയായ ക്രിസ്റ്റില്‍ രാജിനെ പൊലീസുകാർ പലതവണ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു
തിരുവനന്തപുരം: മകൻ കഞ്ചാവിനും മയക്ക് മരുന്നിനും അടിമയായിരുന്നെന്ന് ആലുവ പീഡന കേസ് പ്രതി ക്രിസ്റ്റില്‍ രാജിന്‍റെ അമ്മ. 18 വയസ് വരെ നല്ലപോലെ ജോലിക്കൊക്കെ പോയിരുന്നു.ആലുവയിൽ മേസ്തരിപ്പണിക്കായിരുന്നു പോയിക്കൊണ്ടിരുന്നത്. അതിന് ശേഷം വഴിതെറ്റിയെന്നും അമ്മ മീഡിയവണിനോട് പറഞ്ഞു. അത് എങ്ങനെയാണെന്നും എനിക്കറിയില്ല. എന്നും നന്നാകണമെന്ന് ഉപദേശിക്കാറുണ്ടെന്നും അമ്മ പറയുന്നു.
മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന ഒമ്പത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയാണ് തിരുവനന്തപുരം നെയ്യാറ്റിൻകര ചെങ്കൽ സ്വദേശിയായ ക്രിസ്റ്റില്‍ രാജ്. ഇയാളെ ഇതുവരെ പിടികൂടാനായിട്ടില്ല.പ്രതിക്കായി തെരച്ചിൽ തുടരുകയാണ്. അതേസമയം, മോഷണക്കേസുകളിൽ പ്രതിയായ ക്രിസ്റ്റില്‍ രാജിനെ പൊലീസുകാർ പലതവണ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. ചെറുപ്പംമുതലെ കുറ്റവാളിയാണെന്നും നാട്ടുകാർ മീഡിയവണിനോട് പറഞ്ഞു.
ഇതര സംസ്ഥാന തൊഴിലാളിയുടെ മകളാണ് പീഡനത്തിന് ഇരയായത്. കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടി അപകടനില തരണം ചെയ്തു. രാത്രി പന്ത്രണ്ടരയോടെയാണ് ക്രൂരമായ സംഭവം നടന്നത്. കുഞ്ഞുമായി പ്രതി നടന്നു പോകുന്നത് കണ്ട അയൽവാസി നടത്തിയ സമയോചിതമായ ഇടപെടലിലാണ് പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനായത്. വീടിന് സമീപത്തെ പാടശേഖരത്തിൽ ചോരയൊലിച്ച നിലയിലായിരുന്നു പെൺകുട്ടിയെ കണ്ടെത്തിയത്. നാട്ടുകാർ ഉടൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടി അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. മാതാപിതാക്കളുടെ അടുത്ത് നിന്നും പ്രതി എങ്ങനെയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന കാര്യത്തിൽ വ്യക്തതതയില്ല. പത്ത് വർഷം മുൻപാണ് കുട്ടിയുടെ കുടുംബം ജോലിക്കായി കേരളത്തിലെത്തുന്നത്.