പോക്‌സോ കേസിലെ ഇരയെ പൊലിസ് പ്രതിക്കൊപ്പം വിട്ടതായി അമ്മയുടെ പരാതി
ഇതിനിടെ ഉദ്യോഗസ്ഥനും സ്ത്രീയും തമ്മിൽ തർക്കമുണ്ടാവുകയും ഉദ്യോഗസ്ഥന് വെട്ടേൽക്കുകയും ചെയ്തിരുന്നു
പോക്‌സോ കേസിലെ ഇരയായ പെൺകുട്ടിയെ പൊലിസ് പ്രതിക്കൊപ്പം വിട്ടതായി അമ്മയുടെ പരാതി. തിരുവനന്തപുരം മലയിൻകീഴ് പൊലിസിനെതിരെയാണ് ആരോപണം. വൈദ്യപരിശോധനയിൽ ലൈംഗിക ചൂഷണത്തിന് ഇരയായെന്ന് കണ്ടെത്തിയ ശേഷവും പ്രതിയായ രണ്ടാനച്ഛനൊപ്പം കുട്ടിയെ താമസിപ്പിച്ചെന്ന് അമ്മ പറയുന്നു. തിരുവനന്തപുരത്ത് എയർഫോഴ്‌സ് ഉദ്യോഗസ്ഥൻ പ്രതിയായ പോക്‌സോ കേസിലാണ് പൊലിസിനെതിരെ ഗുരുതര ആരോപണവുമായി ഇരയുടെ അമ്മയും മുംബൈ മലയാളിയുമായ സ്ത്രീ രംഗത്തെത്തിയത്. ആദ്യ വിവാഹം വേർപെട്ട ശേഷം തിരുവനന്തപുരം വലിയമല ഐ.എസ്.ആർ.ഒ കേന്ദ്രത്തിലെ എയർഫോഴ്‌സ് ഉദ്യോഗസ്ഥനൊപ്പം ഏതാനും മാസമായി ഒരുമിച്ച് താമസിക്കുകയായിരുന്നു ഇവർ. തന്റെ ആറ് വയസുള്ള കുട്ടിയെ ഉദ്യോഗസ്ഥൻ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നതായി ചൂണ്ടിക്കാട്ടി സ്ത്രീ പൊലിസിനെ സമീപിക്കുകയായിരുന്നു. വൈദ്യപരിശോധനയിൽ ഇത് സ്ഥിരീകരിച്ചിട്ടും അതേ ദിവസം രാത്രി പ്രതിയുടെ വീട്ടിൽ കുട്ടിയേയും തന്നെയും താമസിപ്പിക്കുകയാണ് മലയിൻകീഴ് പൊലിസ് ചെയ്തതെന്ന് സ്ത്രീ പറയുന്നു.
പീഡനം തെളിഞ്ഞിട്ടും പ്രതിയെ അന്ന് തന്നെ അറസ്റ്റ് ചെയ്യാത്തതിൽ പൊലിസിന് വീഴ്ച സംഭവിച്ചെന്നും ആരോപണമുണ്ട്. ഇതിനിടെ ഉദ്യോഗസ്ഥനും സ്ത്രീയും തമ്മിൽ തർക്കമുണ്ടാവുകയും ഉദ്യോഗസ്ഥന് വെട്ടേൽക്കുകയും ചെയ്തിരുന്നു. പിന്നാലെ വധശ്രമത്തിന് യുവതിയെയും പോക്‌സോ കേസിൽ എയർഫോഴ്‌സ് ഉദ്യോഗസ്ഥനെയും അറസ്റ്റ് ചെയ്യുകയും കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് പൊലിസ് മാറ്റുകയും ചെയ്തു. എന്നാൽ ആരോപണം നിഷേധിച്ച പൊലിസ്, കുട്ടിയുടെ അമ്മ താമസിച്ചിരുന്ന വാടക വീട്ടിലേക്കാണ് കുട്ടിയെ മാറ്റിയതെന്ന് വിശദീകരിച്ചു.