'പൊലീസിന് വീഴ്ച'; എസ്എഫ്‌ഐ മർദിച്ച കേസിൽ പരാതിക്കാരി കോടതിയിലേക്ക്‌

മർദിച്ചവർക്ക് എതിരെ നിസ്സാര വകുപ്പുകൾ ചുമത്തിയാണ് ആറന്മുള പോലീസ് കേസ് എടുത്തതെന്ന് വിദ്യാർഥിനി ആരോപിക്കുന്നു

Update: 2023-12-25 08:24 GMT
Advertising

പത്തനംതിട്ട: എസ്എഫ്‌ഐ പ്രവർത്തകരുടെ മർദ്ദനമേറ്റെന്ന് പരാതി നൽകിയ പത്തനംതിട്ട മൗണ്ട് സിയോൺ കോളജിലെ നിയമവിദ്യാർഥി പോലീസിന് എതിരെ കോടതിയെ സമീപിക്കും. മർദിച്ചവർക്ക് എതിരെ നിസ്സാര വകുപ്പുകൾ ചുമത്തിയാണ് ആറന്മുള പോലീസ് കേസ് എടുത്തതെന്ന് വിദ്യാർഥി ആരോപിക്കുന്നു. 

കേസ് അന്വേഷണത്തിൽ പൊലീസ് ബോധപൂർവ്വം വീഴ്ച വരുത്തിയെന്നും, ഒത്തുതീർപ്പാക്കാൻ ശ്രമിച്ചതായും ചൂണ്ടിക്കാട്ടിയാണ് പെൺകുട്ടി ബുധനാഴ്ച പത്തനംതിട്ട സിജിഎം കോടതി സമീപിക്കുന്നത്. കൂടാതെ ക്രിസ്മസ് അവധിക്ക് ശേഷം വിദ്യാർത്ഥി ഹൈക്കോടതിയിലും ഹർജി നൽകും. വിഷയത്തിൽ ഗവർണർക്കും പെൺകുട്ടി കത്ത് നൽകിയിട്ടുണ്ട്..

കടമ്മനിട്ട മൗണ്ട് സിയോൺ കോളജിലെ വിദ്യാർഥിനിയാണ് പരാതിക്കാരി. കോളജ് ക്യാംപസിൽ വെച്ച് ഈ മാസം 20നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയെയും സുഹൃത്തിനെയും മൂന്ന് എസ്എഫ്ഐ പ്രവർത്തകരെയും കോളജ് മാനേജ്മെന്റ് ഇയർ ഔട്ട് ചെയ്തിരുന്നു. സർവകലാശാലയെ സമീപിച്ചപ്പോൾ എസ്എഫ്ഐ പ്രവർത്തകർക്ക് മാത്രം പരീക്ഷയെഴുതാൻ അവസരം കിട്ടി. തുടർന്ന് തങ്ങൾക്കും ഇളവ് നൽണമെന്നാവശ്യപ്പെട്ട് പ്രിൻസിപ്പലിന് പെൺകുട്ടി കത്തു നൽകി. ഇത് പ്രിൻസിപ്പൽ എസ്എഫ്ഐ പ്രവർത്തകരോട് പറയുകയും പ്രിൻസിപ്പൽ ഓഫീസിന് മുന്നിൽ വെച്ച് ഇവർ പെൺകുട്ടിയെയും സുഹൃത്തിനെയും മർദിക്കുകയുമായിരുന്നു. എസ്എഫ്‌ഐ പ്രവർത്തകർ മുടിക്കുത്തിന് പിടിച്ച് മർദിച്ചുവെന്നാണ് പെൺകുട്ടി പറയുന്നത്. തുടർന്ന് ഇവർ ആശുപത്രിയിൽ അഡ്മിറ്റ് ആയി.

എസ്എഫ്ഐ പ്രവർത്തകർ മർദിച്ചുവെന്ന പെൺകുട്ടിയുടെ പരാതി, പെൺകുട്ടിയുടെ സുഹൃത്ത് തങ്ങളെ മർദിച്ചുവെന്നും പെൺകുട്ടി ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചുവെന്നുമുള്ള എസ്എഫ്ഐ പ്രവർത്തകരുടെ രണ്ട് പരാതികൾ എന്നിങ്ങനെ സംഭവത്തിൽ മൂന്ന് പരാതികളാണ് ആറന്മുള പൊലീസിന് ലഭിച്ചത്. സംഘർഷത്തിൽ പെൺകുട്ടിക്ക് സാരമായ പരിക്കേറ്റിരുന്നു. എന്നാൽ പരാതി നൽകിയിട്ടും പൊലീസ് കേസെടുക്കാതെ വന്നതോടെ 22ാം തീയതി കെഎസ്യു അടക്കം ആറന്മുള സ്റ്റേഷന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.തുടർന്നാണ് പൊലീസ് വിഷയത്തിൽ കേസ് എടുക്കാൻ തയ്യാറായത്.

Full View

എസ്എഫ്ഐയുടെ പരാതിയിൽ പെൺകുട്ടിയ്ക്കെതിരെ എസ്സി-എസ്ടി വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. എന്നാൽ ഈ കേസ് കെട്ടിച്ചമച്ചതാണെന്നും ആറന്മുള പൊലീസ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും ചൂണ്ടിക്കാട്ടി പെൺകുട്ടി ഡിജിപിക്ക് പരാതി നൽകി. തന്റെ മൊഴിയിൽ പറയുന്ന വകുപ്പുകളൊന്നും ചേർത്തിട്ടില്ലെന്നും ആറന്മുള എസ്‌ഐ കൃത്യവിലോപം നടത്തി എന്നുമാണ് പെൺകുട്ടി പരാതിയിൽ പറയുന്നത്. തുടർന്ന് പരാതി സത്യസന്ധമാണോ എന്ന് അന്വേഷിക്കാനും വേണ്ട നടപടികൾ സ്വീകരിക്കാനും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് ഡിജിപി നിർദേശം നൽകിയിരുന്നു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News