‘മലപ്പുറം ജില്ലയെ ചതിച്ച് നേടിയതാണ്’; സുജിത്ദാസ് നെഞ്ചിൽ കുത്തി ഞെളിഞ്ഞ് നടക്കുന്ന മെഡലുകൾ തിരിച്ച് വാങ്ങണമെന്ന് എംഎസ്എഫ്

കള്ളക്കേസുംകള്ളത്തരവും കൊള്ളത്തരവും കൊലപാതകവും കടത്ത് സംഘവുമായി കാട്ടിക്കൂട്ടൽ നടത്തിയ ഒരു പൊലീസ്കാരന് നൽകാനുള്ളതല്ല മെഡലുകളെന്ന് പി.കെ നവാസ്

Update: 2024-09-04 07:06 GMT
Advertising

മലപ്പുറം:സുജിത് ദാസ് നെഞ്ചിൽ കുത്തി ഞെളിഞ്ഞ് നടക്കുന്ന മെഡലുകൾ തിരിച്ച് വാങ്ങണമെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ പി.കെ നവാസ്. മലപ്പുറം ജില്ലയെ ചതിച്ച് നേടിയതാണ് ഈ മെഡലുകളെന്നും നവാസ് ​​ഫേസ്ബു​ക്കിലെഴു​തിയ കുറിപ്പിൽ പറഞ്ഞു. 

കള്ളക്കേസും കള്ളത്തരവും കൊള്ളത്തരവും കൊലപാതകവും കടത്ത് സംഘവുമായി കാട്ടിക്കൂട്ടൽ നടത്തിയ ഒരു പൊലീസ്കാരന് നൽകാനുള്ളതല്ല ഇത്തരം മെഡലുകളെന്നും നവാസ് പറഞ്ഞു. 2023ൽ പൊലീസിലെ മികച്ച സേവനത്തിന് സുജിത് ദാസിന് ഗാർഡ് ഓഫ് ഹോണർ മെഡൽ നൽകു​മ്പോൾ സർക്കാർ വിശദീകരിചത് മികച്ച പൊലീസിങ്ങിനും ഇന്റലിജൻസിനുമാണെന്നാണ്. എന്നാൽ മലപ്പുറം എസ.പിയായി ചാർ​ജെടുക്കുന്നതിന് മുമ്പ് മലപ്പുറത്തെ ശരാശരി കേസുകൾ 12,000 ആണെങ്കിൽ കൃത്രിമമായി വർദ്ധിപ്പിച്ച് 2023 ൽ 40428 വരെ ആക്കിയതിനുള്ള സർക്കാറിന്റെ അഭിനന്ദനമാണ് ഈ മെഡലെന്ന് നവാസ് പറഞ്ഞു. സുജിത് ദാസ് എത്തിയതിന് ശേഷം കേസുകളുടെ എണ്ണത്തിൽ 350% വർദ്ധനവാണുണ്ടായിരിക്കുന്നത്.

കഴിഞ്ഞ ദിവസം പത്തനംതിട്ട എസ്.പി സ്ഥാനത്ത് നിന്ന് ഇദ്ദേഹത്തെ മാറ്റി നിർത്തിയത് ഗുരുതരമായ മോശംപെരുമാറ്റം ഉണ്ടായതിനാണെന്ന് വ്യക്തമാണ്. ആ സാഹചര്യത്തിൽ സുജിത് ദാസ് മലപ്പുറം ജില്ലയെ വഞ്ചിച്ച് നേടിയ മെഡലുകൾ സർക്കാർ തിരിച്ച് വാങ്ങണം. വിഷയത്തിൽ ഡിജിപിക്കും സർക്കാരിനും പരാതി നൽകിയിട്ടുണ്ട്, പരാതിയിൽ സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ കോടതിയെ സമീപിച്ചാണെങ്കിലും ജില്ലയെ ചതിച്ച് നേടിയ മെഡലുകൾ നെഞ്ചത്ത് കുത്തി നടക്കാൻ അനുവദിക്കില്ലെന്നും നവാസ് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

സുജിത് ദാസ് നെഞ്ചിൽ കുത്തി ഞെളിഞ്ഞ് നടക്കുന്ന മെഡലുകൾ തിരിച്ച് വാങ്ങണം, മലപ്പുറം ജില്ലയെ ചതിച്ച് നേടിയതാണീ മെഡലുകൾ.

2023ൽ പോലീസിലെ മികച്ച സേവനത്തിന് സുജിത് ദാസിന് ഗാർഡ് ഓഫ് ഹോണർ മെഡൽ നൽകി സർക്കാർ അഭിനന്ദിച്ചു. കാരണം മികച്ച പോലീസിംഗിനും, അദ്ദേഹത്തിൻ്റെ ഇൻ്റ്ലിജൻസിനും

ഒന്ന് കൂടി വ്യക്തമാക്കി പറഞ്ഞാൽ അദ്ദേഹം മലപ്പുറം SP യായി ചാർജെടുക്കുന്നതിന്റെ മുൻപ് മലപ്പുറത്തെ ശരാശരി കേസുകൾ 12000 ആണെങ്കിൽ ഈ മഹാൻ കൃത്രിമമായി വർദ്ധിപ്പിച്ച് 2023 ൽ 40428 വരെ ആക്കിയതിന് സർക്കാറിൻ്റെ അഭിനന്ദനമാണ് 2023 ലെ ഈ മെഡൽ. 350% വർദ്ധനവ് !!

ജില്ലയിൽ കള്ളക്കേസും-കള്ളത്തരവും-കൊള്ളത്തരവും-കൊലപാതകവും-കടത്ത്സംഘവും ആയി കാട്ടിക്കൂട്ടൽ നടത്തിയ ഒരു പോലീസ്കാരന് നൽകാനുള്ളതല്ല ഇത്തരം മെഡലുകൾ.

ബാഡ്ജ് ഓഫ് ഹോണർ നൽകുന്നതിലെ നിബന്ധനകൾ പരാമാർശിച്ച് കൊണ്ട് സർക്കാർ 2019 മെയ് 7 ന് ഇറക്കിയ 10/2019 സർക്കുലറിലെ പോയിൻറ് നമ്പർ ആറിൽ പറയുന്നത് "if the recipient of the badge of honor is found to have included in any serious misconduct, after receiving such badge of honor, the badge of honor will be withdrawn and the recipient will not be allowed to wear such badge of honor"എന്നാണ്

കഴിഞ്ഞ ദിവസം പത്തനംതിട്ട SP സ്ഥാനത്ത് നിന്ന് ഇദ്ദേഹത്തെ മാറ്റി നിർത്തിയത് serious misconduct ഉണ്ടായതിനാലാണല്ലോ.

ഇത് പ്രകാരം ശ്രീ സുജിത് ദാസ് ഐ.പി.എസിന് മലപ്പുറം ജില്ലയെ വഞ്ചിച്ച് നേടിയ മെഡലുകൾ സർക്കാർ തിരിച്ച് വാങ്ങണം.

ഇന്ത്യയ്ക്ക് അഭിമാനമായ മലപ്പുറം ജില്ലയിലെ ജനങ്ങൾക്ക് മേൽ ക്രിമിനൽ ചാപ്പ കുത്തി നാണക്കേട് ഉണ്ടാക്കി താങ്കൾ നേടിയ ഈ മെഡലുകൾ അഴിച്ച് വെച്ചേ പറ്റൂ.

DGP ക്കും സർക്കാരിനും പരാതി നൽകിയിട്ടുണ്ട്, മേൽ പരാതിയിൽ സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ കോടതി സമീപിച്ചാണെങ്കിലും ജില്ലയെ ചതിച്ച് നേടിയ മെഡലുകൾ നെഞ്ചത്ത് കുത്തി നടക്കാൻ അനുവദിക്കില്ല.

_പികെ നവാസ്_




 


Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News