എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് അപമാനിക്കുന്നുവെന്ന് ലീഗിന് 'ഹരിത' നേതാക്കളുടെ പരാതി
യാസര്‍ എടപ്പാളാണ് ഹരിതയെ നിയന്ത്രിക്കുന്നത് എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമങ്ങളും പി.കെ നവാസിന്റെ ഭാഗത്തു നിന്നുണ്ടായി. പെണ്‍കുട്ടികളുടെ സ്വഭാവശുദ്ധിയെ സംശയത്തില്‍ നിര്‍ത്തുന്ന തരത്തില്‍ ആയിരുന്നു പ്രസിഡന്റിന്റെ സംസാരം.
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് അടക്കമുള്ളവരുടെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ ലീഗ് നേതൃത്വത്തിന് ഹരിത സംസ്ഥാന കമ്മിറ്റിയുടെ പരാതി. മലപ്പുറം ജില്ലയിലെ ഹരിതയുടെ രൂപീകരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയില്‍ വിശദീകരിച്ച ഹരിത സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ പ്രസംഗത്തെ എം.എസ്.എഫ് പ്രസിഡണ്ട് പി.കെ നവാസ് 'വേശ്യയുടെ ചാരിത്ര്യപ്രസംഗം' എന്ന് വിശേഷിപ്പിച്ചുവെന്നും 'വേശ്യക്കും' ന്യായീകരണം ഉണ്ടാവുമെന്ന തലത്തിലാണ് ഹരിതയുടെ വിശദീകരണം ആവശ്യപ്പെട്ടതെന്നുമാണ് പരാതിയില്‍ പറയുന്നത്.
ഹരിതയുടെ പ്രവര്‍ത്തകര്‍ വിവാഹം കഴിക്കാന്‍ മടി ഉള്ളവരാണെന്നും വിവാഹം ചെയ്തു കഴിഞ്ഞാല്‍ കുട്ടികള്‍ ഉണ്ടാവാന്‍ സമ്മതിക്കാത്തവരാണെന്നും പറയുന്ന സംസ്ഥാന നേതാക്കളുടെ വോയ്സ് മെസേജുകള്‍ ലഭിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടികളുടെ സംഘടന ആയതു കൊണ്ടുമാത്രം ആര്‍ക്കും ഓര്‍ഡര്‍ ഇടാം എന്ന ധാര്‍ഷ്ട്യം അനുവദിക്കരുത് എന്നുമാണ് സംസ്ഥാന നേതാക്കള്‍ക്കെഴുതിയ പരാതിയില്‍ ഹരിത നേതൃത്വം പറയുന്നത്. മലപ്പുറം ജില്ലയിലെ ചില എം.എസ്.എഫ് ഭാരവാഹികളുടെ നേതൃത്വത്തിലാണ് ഹരിതക്കെതിരെ അപകീര്‍ത്തികരവും സ്ത്രീവിരുദ്ധവുമായി പ്രചാരണം നടക്കുന്നതെന്ന് പരാതിയില്‍ പറയുന്നു.
യാസര്‍ എടപ്പാളാണ് ഹരിതയെ നിയന്ത്രിക്കുന്നത് എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമങ്ങളും പി.കെ നവാസിന്റെ ഭാഗത്തു നിന്നുണ്ടായി. പെണ്‍കുട്ടികളുടെ സ്വഭാവശുദ്ധിയെ സംശയത്തില്‍ നിര്‍ത്തുന്ന തരത്തില്‍ ആയിരുന്നു പ്രസിഡന്റിന്റെ സംസാരം. തങ്ങള്‍ തീരുമാനിക്കുന്നതു മാത്രമേ ചെയ്യാവൂ എന്ന മേല്‍ഘടകങ്ങളുടെ അഹന്തക്കു മുന്നില്‍ സംഘടനാ ശേഷി ദുര്‍ബലമാകുന്നത് പരിഹാസ്യമാണ്. പെണ്‍കുട്ടികളുടെ സംഘടന ആയതു കൊണ്ടുമാത്രം ആര്‍ക്കും ഓര്‍ഡര്‍ ഇടാം എന്ന ധാര്‍ഷ്ട്യവും അപകടകരവും അനുവദിക്കാന്‍ സാധിക്കാത്തതുമാണ് എന്നും പരാതിയില്‍ പറയുന്നു.
കത്തിന്റെ പൂര്‍ണരൂപം വായിക്കാം...