എംടിഎഫ്ഇ തട്ടിപ്പ്; സിബിഐ അന്വേഷണം വേണമെന്ന് നിയവിദഗ്ധർ
ജനങ്ങളില്‍ നിന്ന് തട്ടിയെടുത്ത പണം പോയവഴികളെക്കുറിച്ചറിയാന്‍ സാങ്കേതിവിദ്യയുടെ സഹായത്തോടെയുള്ള അന്വേഷണവും വേണ്ടിവരും.
കോഴിക്കോട്: എംടിഎഫ്ഇ തട്ടിപ്പിന് പിന്നിലെ കാരണക്കാരെ നിയമത്തിന് മുന്നിലെത്തിക്കാന്‍ സിബിഐ അന്വേഷണം വേണമെന്ന നിയവിദഗ്ധർ. എംടിഎഫ്ഇയുടെ രജിസ്ട്രേഷനും പ്രധാന ഉടമകളും വിദേശത്തായതിനാല്‍ സിബിഐ അന്വേഷണമല്ലാതെ അവരിലേക്കെത്താന്‍ മറ്റു വഴികളില്ല. ജനങ്ങളില്‍ നിന്ന് തട്ടിയെടുത്ത പണം പോയവഴികളെക്കുറിച്ചറിയാന്‍ സാങ്കേതിവിദ്യയുടെ സഹായത്തോടെയുള്ള അന്വേഷണവും വേണ്ടിവരും.
എംടിഎഫ്ഇ എന്ന ട്രേഡിങ് കമ്പനി രജിസ്റ്റർ ചെയ്തിരിക്കുന്നത് കാനഡയിലെന്നാണ് കമ്പനി പ്രമോട്ടർമാർ നൽകുന്ന വിവരം. കാനഡിയിലെ ഫിനാന്‍ഷ്യല്‍ ഇന്റലിജിസ് വിഭാഗമായ ഫിന്‍ട്രാക്കില്‍ എംടിഎഫ്ഇ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എംടിഎഫ്ഇയുടെ കാനഡാ ബന്ധത്തിന് ഇതൊരു സ്ഥിരീകരണമാണ്. എംടിഎഫ്ഇ മൊബൈൽ ആപിന്റെ പ്രവർത്തനവും സാമ്പത്തിക ഇടപാടുകളും സിംഗപ്പൂരുമായും ഹോങ്കോങ്ങുമായി ബന്ധപ്പെട്ടാണ് നടക്കുന്നതെന്നാണ് സൈബർ വിദഗ്ധർ നൽകുന്ന സൂചന. മറ്റു രാജ്യങ്ങളുമായി ബന്ധപ്പെട്ട ഇടപാടായാതിനാല്‍ എംടിഎഫ്ഇ തട്ടിപ്പിനെക്കുറിച്ച് അന്വേഷണത്തിന് സാധിക്കുക സിബിഐക്ക് മാത്രമാണ്.
കേന്ദ്ര സംസ്ഥാന സർക്കാറുകള്‍ ഉത്തരവിറക്കുകയോ കോടതി സിബിഐ അന്വേഷണം പ്രഖ്യാപിക്കുയോ വേണം. എംടിഎഫ്ഇ ജനങ്ങളില്‍ നിന്ന് സമാഹരിച്ച തുക എവിടെപ്പോയി, അതില്‍ ഉടമകളുടെ ബന്ധം എങ്ങനെ എന്നിങ്ങനെയൊക്കെ മനസിലാക്കണമെങ്കില്‍ ഉന്നത സാങ്കേതിക സഹായത്തോടെയുള്ള അന്വേഷണം തന്നെ നടക്കണം. സമാനമായ തട്ടിപ്പ് നടത്തിയ ക്യു നെറ്റ് ഉള്‍പ്പെടെയുള്ള കേസുകളില്‍ സർക്കാറുകളും അന്വേഷണ ഏജന്‍സികളുടെ കാണിക്കുന്ന താൽപ്പര്യമില്ലായ്മ മറ്റൊരു വെല്ലുവിളിയാണ്.