'കേരളത്തിലുള്ളത് ഫാസിസ്റ്റ് അജണ്ടകൾക്ക് ഒത്താശ ചെയ്യുന്ന ഭരണകൂടം': പ്രൊവിഡൻസ് സ്‌കൂളിലെ ഹിജാബ് നിരോധനത്തിൽ മുൻ ഹരിത നേതാവ്
'വിദ്യാർഥി സംഘടനകൾ വിദ്യാർത്ഥികളുടെ അവകാശ സംരക്ഷണത്തിനായി വലിയ പോരാട്ടങ്ങൾ നയിച്ചെ മതിയാവൂ'
കോഴിക്കോട്: പ്രൊവിഡൻസ് ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ വിദ്യാർത്ഥിനികളെ ശിരോവസ്ത്രം ധരിക്കാൻ അനുവദിക്കുന്നില്ലെന്ന പരാതിയില്‍ പ്രതികരണവുമായി മുൻ ഹരിത സംസ്ഥാന പ്രസിഡന്റ് മുഫീദ തെസ്നി. ഫാസിസ്റ്റ് അജണ്ടകൾ പിടി മുറിക്കപ്പെടുന്ന കാലത്ത്, അതിന് ഒത്താശ ചെയ്യുന്ന ഭരണകൂടമാണ് കേരളത്തിലുള്ളതെന്ന് മുഫീദ ആരോപിക്കുന്നു.
വിദ്യാർഥി സംഘടനകൾ വിദ്യാർത്ഥികളുടെ അവകാശ സംരക്ഷണത്തിനായി വലിയ പോരാട്ടങ്ങൾ നയിച്ചെ മതിയാവൂവെന്നും സമരങ്ങൾ ആവർത്തിക്കപ്പെടട്ടെയെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ അവര്‍ വ്യക്തമാക്കുന്നു. ജനാതിപത്യ മത വിരുദ്ധ നടപടികൾ അവസാനിപ്പിക്കുക എന്ന മുദ്രാവാക്യമുയർത്തി 2015 ൽ കോഴിക്കോട് പ്രൊവിഡൻസ് കോളേജിലേക്ക് ഹരിതയുടെ സംസ്ഥാന കമ്മിറ്റി ഹിജാബ് നിരോധന വിഷയത്തിൽ മാർച്ച് സംഘടിപ്പിച്ചിരുന്നുവെന്നും അവര്‍ എഴുതി.
പ്രൊവിഡൻസ് ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ പ്ലസ് വൺ പ്രവേശനത്തിനെത്തിയ വിദ്യാർഥിനിയോട് ശിരോവസ്ത്രം അനുവദിക്കില്ലെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചതാണ് പുതിയ വിവാദം. അതേസമയം യൂണിഫോമിൽ ശിരോവസ്ത്രമില്ലെന്നാണ് പ്രിൻസിപ്പലിന്റെ വിശദീകരണം. തട്ടമിടാൻ പറ്റില്ലെന്നാണോ എന്ന് ആവർത്തിച്ച് ചോദിച്ചപ്പോൾ ഇവിടെ ഇങ്ങനെയാണ്, സൗകര്യമുണ്ടെങ്കിൽ കുട്ടിയെ ചേർത്താൽ മതിയെന്നും പ്രിൻസിപ്പൽ പറഞ്ഞതായി വിദ്യാർത്ഥിനിയുടെ രക്ഷിതാവ് പറഞ്ഞു. ചില കുട്ടികള്‍ക്ക് മാത്രമായി യൂണിഫോമിൽ മാറ്റം വരുത്താനാകില്ലെന്നും പ്രിൻസിപ്പൽ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
"ജനാതിപത്യ മത വിരുദ്ധ നടപടികൾ അവസാനിപ്പിക്കുക" എന്ന മുദ്രാവാക്യമുയർത്തി 2015 ൽ കോഴിക്കോട് പ്രൊവിഡൻസ് കോളേജിലേക്ക് ഹരിതയുടെ സംസ്ഥാന കമ്മിറ്റി ഹിജാബ് നിരോധന വിഷയത്തിൽ ഒരു മാർച്ച് സംഘടിപ്പിച്ചിരുന്നു.
കൊല്ലങ്ങൾക്കിപ്പുറം വീണ്ടും അതേ സ്ഥാപനത്തിൽ ഹിജാബ് വീണ്ടും ചർച്ച ചെയ്യപ്പെടുകയാണ് . ഇന്നവർക്ക് കർണാടക പോലുള്ള സംസ്ഥാനങ്ങളിലെ ഹിജാബ് നിരോധന കോടതിവിധികൾ ധൈര്യം പകരുന്നുണ്ട്. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധന പ്രശ്നങ്ങളുമായി ബന്ധപ്പെടുത്തി മുന്നെ ഹരിത സംസ്ഥാന കമ്മിറ്റി നടത്തിയ സർവ്വേയിൽ പല സ്ഥാപനങ്ങളിലും ഹിജാബ് നിരോധനമുണ്ട് എന്നുള്ള വാസ്തവം തിരിച്ചറിയാൻ സാധിച്ചിട്ടുണ്ട്.
ഫാസിസ്റ്റ് അജണ്ടകൾ പിടി മുറിക്കപ്പെടുന്ന കാലത്ത്, അതിന് ഒത്താശ ചെയ്യുന്ന ഭരണകൂടമാണ് കേരളത്തിലുള്ളത് എന്നിരിക്കെ വിദ്യാർഥിസംഘടനകൾ വിദ്യാർത്ഥികളുടെ അവകാശ സംരക്ഷണത്തിനായി വലിയ പോരാട്ടങ്ങൾ നയിച്ചെ മതിയാവൂ.
സമരങ്ങൾ ആവർത്തിക്കപ്പെടട്ടെ.