'ഞാനാണ് വലിയവൻ എന്ന സമീപനത്തിന്റെ കാലം കഴിഞ്ഞു'; കെ.സുധാകരനെതിരെ മുല്ലപ്പള്ളിയുടെ ഒളിയമ്പ്
കെ.പി.സി.സി നേതൃത്വം ഒരു കാര്യവും തന്നോട് കൂടിയാലോചിക്കുന്നില്ല എന്നാണ് മുല്ലപ്പള്ളിയുടെ പരാതി.
കോഴിക്കോട്: കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെതിരെ ഒളിയമ്പുമായി മുല്ലപ്പള്ളി രാമചന്ദ്രൻ. താനാണ് വലിയൻ എന്ന സമീപനത്തിന്റെ കാലം കഴിഞ്ഞിരിക്കുന്നുവെന്ന് മുല്ലപ്പള്ളി പറഞ്ഞു. കെ.പി.സി.സി പുനഃസംഘടനാ ചർച്ചകളുടെ പശ്ചാത്തലത്തിലാണ് പ്രതികരണം. അതിനിടെ ഡി.സി.സി പ്രസിഡന്റ് പ്രവീൺ കുമാർ പുനഃസംഘടന സംബന്ധിച്ച് മുല്ലപ്പള്ളിയുമായി ചർച്ച നടത്തി.
കെ.പി.സി.സി നേതൃത്വവുമായി ഏറെനാളായി ഇടഞ്ഞുനിൽക്കുകയാണ് മുൻ കെ.പി.സി.സി പ്രസിഡന്റ് കൂടിയായ മുല്ലപ്പള്ളി. നേതൃത്വം ഒരു കാര്യവും കൂടിയാലോചിക്കുന്നില്ല എന്നാണ് അദ്ദേഹത്തിന്റെ പരാതി. പാർട്ടിയുടെ ചിന്തൻശിബിരിലും പ്ലീനറി സമ്മേളനത്തിലും മുല്ലപ്പള്ളി പങ്കെടുത്തിരുന്നില്ല.
കെ.സുധാകരൻ കെ.പി.സി.സി പ്രസിഡന്റായ ശേഷം തന്നെ അവഗണിക്കുകയാണെന്ന് മുല്ലപ്പള്ളി നേരത്തെ മാധ്യമങ്ങളോട് തുറന്നുപറഞ്ഞിരുന്നു. സ്വന്തം ജില്ലയിൽ പോലും പാർട്ടി പുനഃസംഘടന നടക്കുമ്പോൾ തന്നോട് കൂടിയാലോചിക്കുന്നില്ല. പാർട്ടിയുമായി ബന്ധപ്പെട്ട പല കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചിരുന്നു.