"ഏതു സമയത്ത്, എന്തു സംഭവിക്കുമെന്ന് ആർക്കുമറിയില്ല"; മുല്ലപ്പെരിയാർ ഡാമിന്റെ താഴ്‌വാരത്തു താമസിക്കുന്നവർ പറയുന്നു

"125 വർഷം പഴക്കമുള്ള ഡാം വച്ചുകൊണ്ടിരുന്നാൽ ആർക്കാണ് പേടിയില്ലാത്തത്?"

Update: 2021-10-27 12:32 GMT
Editor : abs | By : Web Desk
Advertising

ഇടുക്കി: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണമെന്ന് ഒരേ സ്വരത്തിൽ ആവശ്യപ്പെട്ട് ഡാമിന് താഴ്‌വാരത്തു താമസിക്കുന്നവർ. ഡാമിന് ബലക്ഷയമുണ്ടെന്നും പുതിയ അണക്കെട്ട് മാത്രമേ പരിഹാരമായി ഉള്ളൂവെന്നും നാട്ടുകാര്‍ പറയുന്നു. കേരള-തമിഴ്‌നാട് സർക്കാറുകൾ ഒരുമിച്ചിരുന്നു സംസാരിച്ചാൽ ഇക്കാര്യത്തിൽ പരിഹാരം വേഗത്തിൽ സാധ്യമാകുമെന്നും പ്രദേശവാസികള്‍ മീഡിയവണ്ണിനോട് പറഞ്ഞു.

നാട്ടുകാരുടെ പ്രതികരണങ്ങൾ ഇങ്ങനെ;

'125 വർഷം പഴക്കമുള്ള ഡാം വച്ചുകൊണ്ടിരുന്നാൽ ആർക്കാണ് പേടിയില്ലാത്തത്? പേടിച്ചാണ് കിടക്കുന്നത്. ഡാം പൊളിച്ചാലും ഇല്ലെങ്കിലും പുതിയത് പണിയണം. ചൈനയിലൊക്കെ എത്രയോ ഡാം പൊട്ടിയെന്ന് വാർത്തയിൽ കേൾക്കുന്നു. അമ്പത് വർഷം പഴക്കമുള്ള ഡാം വരെ പൊട്ടുന്നു. ഈ ഡാം എത്ര വർഷമായി. ഇതിപ്പൊ നിറഞ്ഞാണ് നിൽക്കുന്നത്. ഏതുസമയത്ത്, എന്തു സംഭവിക്കുമെന്ന് ആർക്കും അറിയില്ല. ഇവിടെയെല്ലാം ഭൂചലനം ഉണ്ടാകുന്ന സ്ഥലമാണ്. ഒന്നര മാസം മുമ്പ് രാത്രി എട്ടരയ്ക്ക് ഭയങ്കര ശബ്ദമുണ്ടായി. വെളിയിൽ വന്നു നോക്കിയപ്പോൾ ചെറിയ ഭൂചലനമാണ്.'- നാട്ടുകാരിൽ ഒരാൾ പറഞ്ഞു.

ഡാം ഇന്നല്ലെങ്കിൽ നാളെ അപകടാവസ്ഥയിലേക്ക് പോകുമെന്നും അതിന് മുമ്പ് സർക്കാറുകൾ സംസാരിച്ച് പരിഹാരം കണ്ടെത്തണമെന്നും മറ്റൊരാൾ ആവശ്യപ്പെട്ടു. 'ഇതിൽ ഒത്തിരിപ്പേർ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നുണ്ട്. ഇത് സംസാരിച്ചാൽ തീരാവുന്ന പ്രശ്‌നമേയുള്ളൂ. നമ്മൾ തമിഴ്‌നാടിന് വെള്ളം കൊടുക്കത്തില്ല എന്നൊന്നും ഒരു സർക്കാറും പറഞ്ഞിട്ടില്ല.' - അദ്ദേഹം ചൂണ്ടിക്കാട്ടി. 

'കഴിഞ്ഞ തവണ രാത്രി രണ്ടു മണിക്കാണ് കലക്ടറുടെ നേതൃത്വത്തിൽ വീട്ടിൽ നിന്നു മാറ്റിയത്. ആ അവസ്ഥ കുഞ്ഞുങ്ങൾക്കൊക്കെ ഭീതിയായിരുന്നു. ഈ ഡാമുകൾക്ക് നമുക്കൊരു പ്രയോജനവുമില്ല. വേനലാകുമ്പോൾ മുഴുവനായി വറ്റിപ്പോകും. വരുംതലമുറയ്ക്ക് ഈ ഡാം പുതുക്കിപ്പണിയണമെന്നാണ് ആവശ്യം.'- മറ്റൊരു പ്രദേശവാസി പറഞ്ഞതിങ്ങനെ.

ഡാമിന്റെ ഗ്യാലറിക്ക് അകത്ത് കയറി നോക്കിയാലേ അതിന്റെ ഒഴുക്ക് അറിയാനാകൂ എന്ന് ഒരാൾ ചൂണ്ടിക്കാട്ടി. 'ഇരുപത് വർഷം മുമ്പ് ഞങ്ങൾ അതിന് അകത്ത് കയറിയതാണ്. അന്നേരം ഉറവായിട്ട് വെള്ളം പോയിക്കൊണ്ടിരിക്കുന്നു. തമിഴ്‌നാട് സർക്കാർ വന്ന് കുറേ സിമന്റ് തേച്ച്, കറുത്ത പെയിന്റടിച്ച് പോകും. നമ്മൾ മലയാളികളെ ആരെയും അങ്ങോട്ട് കയറ്റിവിടുന്നില്ല. ഒരു കാരണവശാലും അങ്ങോട്ടു പോകാനോ കാണാനോ പറ്റത്തില്ല. ഡാമിന് എന്തെങ്കിലും സംഭവിച്ചാൽ അഞ്ചു ജില്ല തീരും. വെള്ളം വന്നാൽ ഇവിടെ 80 അടി പൊക്കമായിരിക്കും. എല്ലാ വർഷം മഴ വരുമ്പോൾ മാത്രമാണ് ഇതൊക്കെ ചർച്ച ചെയ്യുന്നത്'- അദ്ദേഹം പറഞ്ഞു.   

Full View

142 അടി ജലനിരപ്പിൽ മാറ്റം വരുത്തേണ്ടെന്ന് മേൽനോട്ട സമിതി

അതിനിടെ, മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീംകോടതി അനുവദിച്ച 142 അടിയെന്ന ജലനിരപ്പിൽ മാറ്റം വരുത്തേണ്ടെന്നും തങ്ങളുടെ തീരുമാനത്തോട് കേരളം വിയോജിച്ചുവെന്നും മേൽനോട്ട സമിതി സുപ്രീം കോടതിയെ അറിയിച്ചു. മുല്ലപ്പെരിയാർ കേസ് സുപ്രീം കോടതി പരിണിക്കവേയാണ് സമിതി നിലപാട് അറിയിച്ചത്. റിപ്പോർട്ടിൽ മറുപടി നൽകാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു.

ഡാമിലെ ജലനിരപ്പ് 139 അടിയായി ക്രമീകരിക്കണമെന്നും കേരളം കോടതിയിൽ ആവശ്യപ്പെട്ടു. സെപ്തംബർ ഒക്ടോബർ മാസങ്ങളിൽ ശക്തമായ മഴ പെയ്തെന്നും നവംബറിലും ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടെന്നും കേരളം ചൂണ്ടിക്കാട്ടി. 137.60 അടിയാണ് ഇപ്പോഴുള്ളതെന്നത് ആശങ്ക ഉണ്ടാക്കുന്നുണ്ടെന്നും സംസ്ഥാനം വ്യക്തമാക്കി. അണക്കെട്ടിന്റെ സുരക്ഷ പ്രധാനമാണെന്ന് പറഞ്ഞ സുപ്രീം കോടതി കേസ് പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News