മുണ്ടക്കൈ ദുരന്തം: 150ൽ അധികം പേരെ രക്ഷപ്പെടുത്തിയെന്ന് സൈന്യം
വെള്ളരിമല, മുപ്പിടി, മുണ്ടക്കൈ, ചൂരൽമല, അട്ടമല എന്നിവിടങ്ങളിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വയനാട്: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ പ്രദേശത്ത് കുടുങ്ങിക്കിടന്ന 150ൽ അധികം ആളുകളെ രക്ഷപ്പെടുത്തിയെന്ന് സൈന്യം. വെള്ളരിമല, മുപ്പിടി, മുണ്ടക്കൈ, ചൂരൽമല, അട്ടമല എന്നിവിടങ്ങളിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. മറ്റു പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
സൈന്യത്തിന്റെ നാല് സംഘങ്ങളാണ് ഇപ്പോൾ രക്ഷാപ്രവർത്തനം നടത്തുന്നത്. തിരുവനന്തപുരത്ത് നിന്നുള്ള രണ്ട് സംഘങ്ങൾ കൂടി ഉടൻ എത്തും. ബെംഗളൂരുവിൽ നിന്നുള്ള എഞ്ചിനീയർ ടാസ്‌ക് ഫോഴ്‌സും ഉടനെത്തും.
സൈന്യവും ഫയർ ഫോഴ്‌സും ചേർന്ന് പ്രദേശത്ത് താൽക്കാലിക പാലം നിർമിച്ചിട്ടുണ്ട്. പാലം നിർമാണം പൂർത്തിയായതായി മന്ത്രിമാരായ എ.കെ ശശീന്ദ്രനും പി.എ മുഹമ്മദ് റിയാസും അറിയിച്ചു. ചൂരൽമലയേയും മുണ്ടക്കൈയേയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണ് നിർമിച്ചത്. പാലം നിർമാണം പൂർത്തിയായതോടെ രക്ഷാപ്രവർത്തനത്തിന് വേഗത വർധിച്ചിട്ടുണ്ട്.