മുണ്ടക്കൈ ദുരന്തം: മരണസംഖ്യ 205 ആയി

11 പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ

Update: 2024-07-31 11:22 GMT
Advertising

കല്പറ്റ: മുണ്ടക്കൈ ദുരന്തത്തിൽ മരണപ്പെട്ടവരുടെ എണ്ണം 205 ആയി. ഇതുവരെ 160 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. 45 ശരീര ഭാഗങ്ങളും ദുരന്തമുഖത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. ദുരന്തത്തിൽ മരണപ്പെട്ടവരിൽ തിരിച്ചറിഞ്ഞ 94 മൃതദേഹങ്ങളിൽ നടപടി പൂർത്തിയാക്കിയ 66 എണ്ണം ബന്ധുക്കൾക്ക് വിട്ടുനൽകി. 126 മ‍ൃതദേഹങ്ങളാണ് ഇതുവരെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കയത്. 112 പേർ ദുരിതാശ്വാസ ക്യാമ്പിൽ തുടരുന്നുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ 11 പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ദുരന്തത്തിൽ നിന്ന് രക്ഷിച്ച 195 പേരെയാണ് ഇതുവരെ ആശുപത്രികളിൽ എത്തിച്ചത്. ഇതിൽ 90 പേർ വിവിധ ആശുപത്രികളിലായി ഇപ്പോഴും ചികിത്സയിൽ തുടരുന്നുണ്ട്. വയനാട്ടിൽ 85 പേരും മലപ്പുറത്ത് 5 പേരുമാണ് ചികിത്സയിലുള്ളത്. 112 പേർ വിവിധ ക്യാമ്പുകളിൽ കഴിയുന്നു. 

ചൂരൽമല ടെലിഫോൺ എക്സ്ചേഞ്ച് വരെയും ഉരുൾപൊട്ടലിനെ തുടർന്ന് പാലം ഒലിച്ചുപോയ ചൂരൽമല ടൗൺ വരെയുമുള്ള പ്രദേശത്ത് വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചതായി കെ.എസ്.ഇ.ബി അറിയിച്ചു. ബുധനാഴ്ച പുലർച്ചെയോടെ തന്നെ ഉരുൾപൊട്ടൽ കേന്ദ്രത്തിൽ നിന്ന് നാല് കിലോമീറ്റർ വരെയുള്ള പ്രദേശത്ത് വൈദ്യുതിബന്ധം പുനസ്ഥാപിച്ചിരുന്നു.

ദുരന്തത്തിൽ നിന്ന് രക്ഷപെട്ടവർക്ക് വൈദ്യസഹായം ലഭ്യമാക്കാൻ ചൂരൽമലയിലെ കൺട്രോൾ റൂം കേന്ദ്രീകരിച്ച് ഓക്സിജൻ ആംബുലൻസ് ഉൾപ്പെടെ മെഡിക്കൽ പോയിന്റ് സൗകര്യമൊരുക്കും. ഇവിടെ ഡോക്ടർമാരെയും മറ്റ് ആരോഗ്യപ്രവർത്തകരെയും മുതിർന്ന ഉദ്യോഗസ്ഥനെയും കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനായി നിയമിക്കും. ഇന്ന് വയനാട് കലക്ടറേറ്റിൽ ചേർന്ന മന്ത്രിതല യോഗത്തിലാണ് തീരുമാനം. മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, എ.കെ ശശീന്ദ്രൻ, വി. അബ്ദുറഹ്മാൻ, കെ. കൃഷ്ണൻകുട്ടി, ജി.ആർ അനിൽ, രാമചന്ദ്രൻ കടന്നപ്പള്ളി, ഒ.ആർ. കേളു തുടങ്ങിയവർ പങ്കെടുത്തു.

വയനാട് വിഷയത്തിൽ ലോക്സഭയിൽ ശ്രദ്ധക്ഷണിക്കൽ നോട്ടീസ്‍ അവതരിപ്പിച്ച കെ.സി വേണു​ഗോപാൽ എം.പി കനത്ത നാശമാണ് വായനാട് സംഭവിച്ചതെന്ന് പറഞ്ഞു. മൃതദേഹങ്ങൾ നദിയിൽ ഒഴുകി, ഗ്രാമം അപ്പാടെ ഒലിച്ചു പോയി, നൂറിലധികം പേരെ ഇനിയും കണ്ടെത്തേണ്ടതുണ്ട്, കേന്ദ്ര -സംസ്ഥാന സർക്കാരിന്റെ ഒപ്പം കൈകോർത്ത ജനങ്ങൾ കേരളത്തിന്റെ പ്രത്യേകതയാണ്- അദ്ദേഹം വ്യക്തമാക്കി. ദുരന്തിൽ 200 പേരെ കാണ്മാണില്ലെന്നും സൈന്യം കൂടി ഇറങ്ങിയതോടെ നല്ല രീതിയിലാണ് രക്ഷാപ്രവർത്തനം നടത്തുന്നതെന്നും എൻ.കെ പ്രേമചന്ദ്രൻ എം.പിയും വിശദീകരിച്ചു.

അതേസമയം വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തിൽ അമിത് ഷാ പ്രതികരിച്ചില്ല. ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് കേരളത്തിന് മുന്നറിയിപ്പ് നൽകിയതാണെന്ന് വ്യക്തമാക്കിയ അമിത് ഷാ മുന്നറിപ്പ് ലഭിച്ച ഉടൻ ജനങ്ങളെ കുടിയൊഴിപ്പിച്ച നിരവധി അനുഭവങ്ങൾ മുന്നിലുണ്ടെന്നും പറഞ്ഞു. ഇപ്പോൾ വേണ്ടത് ഊർജ്ജിതമായ രക്ഷാപ്രവർത്തനമാണെന്നും അത് പൂർത്തിയായ ശേഷം രാഷ്ട്രീയം പറയാമെന്നും വ്യക്തമാക്കി.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News