"മലയുടെ മുകളിൽ ആളുകൾ കുടുങ്ങി കിടക്കുന്നുണ്ട്, എന്നെ തടയരുത്. ഞാന്‍ എന്തായാലും പോകും''; ദുരന്തഭൂമിയില്‍ നോവായി പ്രജീഷ്

രക്ഷാപ്രവർത്തനത്തിനായി മൂന്നാമതും മലയുടെ മുകളിൽ പോകുമ്പോൾ സുഹൃത്തുകൾ തടഞ്ഞു

Update: 2024-08-02 06:42 GMT
Editor : Jaisy Thomas | By : Web Desk
Advertising

വയനാട്: വിറങ്ങലിച്ച മൃതദേഹങ്ങളും തകര്‍ന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങളും...ചെളിയും പാറക്കല്ലുകളും നിറഞ്ഞ ദുരന്തഭൂമിയില്‍ ജീവന്‍റെ തുടിപ്പെങ്കിലും അവശേഷിക്കുന്നുണ്ടോ എന്ന് തിരയുന്ന രക്ഷാപ്രവര്‍ത്തകര്‍...മുണ്ടക്കൈയില്‍ നിന്നും പുറത്തുവരുന്ന ഓരോ ദൃശ്യങ്ങളും നെഞ്ച് പൊള്ളിക്കുന്നതാണ്. തീരാത്ത നോവിന്‍റെ വേദനയും പേറി കഴിയുകയാണ് ഉരുള്‍പൊട്ടലില്‍ നിന്നും രക്ഷപ്പെട്ടവര്‍. പ്രിയപ്പെട്ടവരെ രക്ഷിക്കുന്നതിനിടയില്‍ ജീവന്‍ നഷ്ടമായവരാണ് മറ്റൊരു വേദന. സ്വന്തം ജീവന്‍ പോലും മറന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയാകുന്നതിനിടെയാണ് ഇവര്‍ മലവെള്ളപ്പാച്ചിലില്‍ ഇല്ലാതായത്. ആളുകളെ രക്ഷപ്പെടുത്താനായി ജീപ്പുമായി മല കയറുന്നതിനിടെയാണ് മുണ്ടക്കൈ സ്വദേശിയായ പ്രജീഷ് എന്ന യുവാവിനെ മണ്ണും വെള്ളവും കൊണ്ടുപോയത്.

ജംഷീദ് പള്ളിപ്രം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്

സൂപ്പർ ഹീറോ സിനിമകൾ കാണുന്നവരാണ് നമ്മൾ. സ്പൈഡർ മാനും ബാറ്റ് മാനും സൂപ്പർമാനും അടക്കം കണ്ടവർ. ജനങ്ങൾ ദുരിതം അനുഭവിക്കുമ്പോൾ അവരെത്തും. ആ പ്രദേശത്തെ മനുഷ്യരെ രക്ഷിക്കും. മുണ്ടകൈയിൽ അങ്ങനെ ഒരു സൂപ്പർ മാനുണ്ട്. പേര് പ്രജീഷ്. ഉരുൾ പൊട്ടലുണ്ടായ ആദ്യ നിമിഷം തന്നെ ആളുകളെ രക്ഷിക്കാൻ പ്രജീഷ് ജീപ്പുമായി ഇറങ്ങി. നിരവധി ആളുകളെ രക്ഷിച്ചു.

ആദ്യ രണ്ടു തവണ മലകയറി വന്നു. ആളുകളെ സുരക്ഷിത സ്ഥലത്താക്കി. പിന്നെയും ആളുകൾ മലയുടെ മുകളിൽ സഹായം കാത്തു പരിഭ്രമിച്ച് നിൽക്കുന്നുണ്ടായിരുന്നു. അവരെ അവിടെ തനിച്ചാക്കി മനസമാധനത്തോടെ ഉറങ്ങാൻ ചിലപ്പോൾ പ്രജീഷിന് ആവില്ലായിരിക്കാം.

രക്ഷാപ്രവർത്തനത്തിനായി മൂന്നാമതും മലയുടെ മുകളിൽ പോകുമ്പോൾ സുഹൃത്തുകൾ തടഞ്ഞു. സുഹൃത്തുക്കളോട് അയാൾ പറഞ്ഞു: " മലയുടെ മുകളിൽ നിരവധി ആളുകൾ കുടുങ്ങി കിടക്കുന്നുണ്ട് വാസുവേട്ടാ. എന്നെ തടയരുത്. ഞാന്‍ എന്തായാലും പോകും. " പ്രജീഷ് പിന്നെയും ജീപ്പുമായി മലകയറി. ആളുകളെ ജീപ്പിൽ കയറ്റി. ചൂരൽമല പാലത്തിനടുത്ത് എത്താൻ കഴിഞ്ഞില്ല. തിരിച്ചുവരുമ്പോൾ ആ ജീപ്പടക്കം മണ്ണും വെള്ളവും കൊണ്ടുപോയി. അയാൾ ഈ ലോകത്ത് നിന്നും വിട പറഞ്ഞു.

അയാളുടെ വേഷം സൂപ്പർ ഹീറോയിടെതായിരുന്നില്ല. അയാൾക്ക് അസാമാന്യ കഴിവുകളുണ്ടായിരുന്നില്ല. ചില മനുഷ്യർ അങ്ങനെയാണ്. ദുരിത പ്രദേശങ്ങളിൽ അവർ അവതരിക്കും. അവരുടെ ജീവനെക്കാൾ അപരന്റെ ജീവന് വില നൽകും. അങ്ങനെ അവർ ഹീറോ ആയി മാറും.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News