മുണ്ടക്കയം എസ്റ്റേറ്റ്; ഹാരിസണിന്‍റെ കൈവശമുള്ളത് വ്യാജ പട്ടയം
വ്യാജ കുടിയാന്‍ പട്ടയത്തിന്‍റെ മറവിലാണ് വർഷങ്ങളായി ഹാരിസണ്‍ മുണ്ടക്കയം എസ്റ്റേറ്റ് കൈവശം വെച്ചിരിക്കുന്നത്.
കോട്ടയം മുണ്ടക്കയം എസ്റ്റേറ്റ് ഹാരിസൺ കൈവശം വെക്കുന്നത് വ്യാജപട്ടയത്തിന്‍റെ മറവിലെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. വ്യാജ കുടിയാന്‍ പട്ടയത്തിന്‍റെ മറവിലാണ് വർഷങ്ങളായി ഹാരിസണ്‍ മുണ്ടക്കയം എസ്റ്റേറ്റ് കൈവശം വെച്ചിരിക്കുന്നത്. ഇതു മറച്ച് വെച്ചാണ് മണിമലയാറിന്‍റെ തീരത്തുള്ളവരെ കുടിയിറക്കി കൂടുതല്‍ ഭൂമി കയ്യേറാന്‍ ഹാരിസണ്‍ നീക്കം നടത്തുന്നത്.
എരുമേലി പശ്ചിമ ദേവസ്വത്തിന്‍റെ ഉടമസ്ഥതയിലായിരുന്നു മുണ്ടക്കയം എസ്റ്റേറ്റ് സ്ഥിതി ചെയ്യുന്ന ഭൂമി. 1976ല്‍ ഈ ഭൂമി മലയാളം പ്ലാന്‍റേഷന് സ്വന്തമാക്കുകയായിരുന്നു. ഭൂപരിഷ്കരണ നിയമത്തിലെ 82 വകുപ്പ് പ്രകാരമാണ് ഭൂമി ഇവർ സ്വന്തമാക്കിയത്. എരുമേലി ദേവസ്വത്തിന്‍റെ കുടിയാനെന്ന് എഴുതിയാണ് ലാൻഡ് ട്രൈബ്യൂണൽ 763 ഏക്കർ ഇംഗ്ലീഷ് കമ്പനിയായ മലയാളം ലിമിറ്റഡ് നല്‍കിയത്. കുടികിടപ്പുകാരും ഭൂരഹിതരുമായ വ്യക്തികള്‍ക്ക് മാത്രമേ ഭൂമി പതിച്ച് നല്‍കാവൂ എന്നാണ് നിയമം. ഇതുപ്രകാരം ആറ് ഏക്കർ ഭൂമി മാത്രമാണ് പതിച്ച് നല്‍കാന്‍ കഴിയുന്നത്. കുടുംബമാണെങ്കില്‍ 15 ഏക്കറും അഞ്ചില്‍ കൂടുതല്‍ പേരുണ്ടെങ്കില്‍ 20 ഏക്കറും നല്‍കാം.
എന്നാല്‍ ഈ നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് മലയാളം ലിമിറ്റഡിന് ഭൂമി പതിച്ച് നല്‍കിയത്. മുണ്ടക്കയം എസ്റ്റേറ്റിന്‍റെ അവകാശ രേഖയായി ഇപ്പോള്‍ ഹാരിസണ് ഉയർത്തി കാട്ടുന്നതും ഈ കുടിയാന്‍ പട്ടയമാണ്. നിയമം ലംഘിച്ച് ലാന്‍ഡ് ട്രൈബ്യൂണല്‍ തന്നെയാണ് ഭൂമി പതിച്ച് നല്‍കിയതെന്ന് രേഖകളില്‍ നിന്ന് വ്യക്തമാണ്.