മുണ്ടക്കയം ബെവ്കോ ഔട്ട്ലറ്റില്‍ നിന്നും വിദേശ മദ്യം കടത്തുന്നതായി പരാതി
പരാതി വ്യാപകമായതിനെ തുടർന്ന് എക്സൈസ് സംഘമെത്തി ഔട്ട്ലെറ്റ് സീല്‍ ചെയ്തു
ബിവറേജ് കോർപ്പറേഷന്‍റെ മുണ്ടക്കയം ഔട്ട്ലറ്റില്‍ നിന്നും വിദേശ മദ്യം കടത്തുന്നതായി പരാതി. പരാതി വ്യാപകമായതിനെ തുടർന്ന് എക്സൈസ് സംഘമെത്തി ഔട്ട്ലെറ്റ് സീല്‍ ചെയ്തു. മദ്യം കടത്തി വലിയ തുകയ്ക്ക് മറിച്ച് വിറ്റെന്നാണ് നാട്ടുകാർ പറയുന്നത്.
നാട്ടുകാരാണ് ഈ സംശയം ആദ്യം ഉന്നയിക്കുന്നത്. മുണ്ടക്കയത്തെ ഔട്ട്ലെറ്റിന് സമീപത്തായിട്ടുള്ള റബർ തോട്ടത്തില്‍ വാഹനത്തില്‍ മദ്യം വില്‍ക്കുന്നുവെന്നായിരുന്നു ആരോപണം. അമിത വിലയ്ക്ക് വിറ്റതിനെ തുടർന്ന് ചിലർ വിവരം പുറത്ത് പറഞ്ഞതാണെന്നും പറയപ്പെടുന്നു. ചില ജീവനക്കാരുടെ ഒത്താശയോടെയാണ് മദ്യം കടത്തി വില്‍പന നടത്തിയതെന്നാണ് സംശയം. സംഭവം വിവാദമായതോടെ എക്സൈസ് സംഘമെത്തി ഔട്ട്ലെറ്റ് സീല്‍ ചെയ്യുകയായിരുന്നു.
എക്സൈസ് സംഘം ബീവറേജസ് ഔട്ട്ലെറ്റില്‍ വിശദമായ പരിശോധനയും നടത്തി. ജീവനക്കാരില്‍ നിന്നും മൊഴിയെടുക്കുയും ചെയ്തിട്ടുണ്ട്. ലോക്ക് ഡൌണിന് ശേഷം കെഎസ് ഡിസി വിഭാഗവും എക്സൈസും സംയുക്തമായി ഔട്ട് ലെറ്റില് എത്തി പരിശോധന നടത്തും. കമ്പ്യൂട്ടറിലെ സ്റ്റോക്കിന്‍റെ കണക്ക് കൂടി പരിശോധിച്ച ശേഷമാകും തുടർ നടപടികള്‍.