പുറമ്പോക്കിലെ വീട് പൊളിക്കാന്‍ നഗരസഭാ നീക്കം; പെൺമക്കളേയും കൊണ്ട് തെരുവിലിറക്കരുതെന്ന് അഭ്യർഥിച്ച് വീട്ടമ്മ
സ്ഥലം ഒഴിയാത്തതിന്റെ പേരില്‍ ഭീഷണിയുണ്ടെന്ന് സോള്‍ബി പറയുന്നു.
തൃശൂര്‍: ചാലക്കുടിയില്‍ പുറമ്പോക്കുഭൂമിയിലെ വീട് പൊളിക്കാനുള്ള നഗരസഭാ നീക്കത്തിനെതിരെ പ്രതിഷേധം. ചാലക്കുടി ഫെറോന പള്ളിക്കു പുറകില്‍ കനാല്‍ പുറമ്പോക്കിലെ വീട്ടില്‍ താമസിക്കുന്ന സോള്‍ബിയും കുടുംബവുമാണ് കുടിയിറക്ക് ഭീഷണി നേരിടുന്നത്.
ചേരിനിര്‍മാര്‍ജനത്തിന്റെ ഭാഗമായി കൈയേറ്റങ്ങള്‍ പൊളിച്ചുനീക്കാനാണ് നഗരസഭയുടെ തീരുമാനം. എന്നാല്‍, ലൈഫ് പദ്ധതിയില്‍ വീട് ലഭിക്കുംവരെ സാവകാശം നല്‍കണമെന്നാണ് സോള്‍ബിയുടെ ആവശ്യം. നഗരസഭ കനിഞ്ഞില്ലെങ്കില്‍ മൂന്നു മക്കളുമായി തെരുവിലിറങ്ങേണ്ട ഗതികേടിലാണ് കുടുംബം.
സ്ഥലം ഒഴിയാത്തതിന്റെ പേരില്‍ ഭീഷണിയുണ്ടെന്ന് സോള്‍ബി പറയുന്നു. ലൈഫ് പദ്ധതിയില്‍ പുതിയ വീട് കിട്ടുംവരെ ഈ വീട്ടില്‍ കിടക്കാനുള്ള അനുവാദം മാത്രമാണ് തങ്ങള്‍ ചോദിക്കുന്നതെന്നും വീട്ടമ്മ പറയുന്നു. വീട് കിട്ടിയാലുടന്‍ മാറിക്കൊള്ളാമെന്നും സോള്‍ബി വ്യക്തമാക്കുന്നു.
കൈയേറ്റങ്ങള്‍ പൊളിച്ച് ആളുകളെ പുനരധിവസിപ്പിക്കാന്‍ തീരുമാനിച്ച നഗരസഭ സോള്‍ബിയടക്കമുള്ളവര്‍ക്ക് ലൈഫ് പദ്ധതിയില്‍ വീട് നല്‍കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ആ കിടപ്പാടം കിട്ടുന്നതുവരെ പുറമ്പോക്കിലെ വീട്ടില്‍ കിടക്കാനുള്ള സാവകാശം വേണമെന്ന ഇവരുടെ അപേക്ഷ നഗരസഭ തള്ളുകയായിരുന്നു. നിയമങ്ങള്‍ പറയുമ്പോഴും മനുഷ്യത്വത്തിന്റെ പേരിലുള്ള അല്‍പം കരുണയാണ് ഈ വീട്ടമ്മയും മക്കളും അധികാരികളില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.