കൊച്ചിയിലെ ഫ്‌ലാറ്റിലെ കൊലപാതകം: പ്രതിയുടെ കൈയിൽ നിന്ന് മയക്കുമരുന്ന് പിടികൂടി

ഈ കേസിൽ മഞ്ചേശ്വരത്ത് അറസ്റ്റ് രേഖപ്പെടുത്തിയതോടെ അർഷാദിനെ കൊച്ചിയിലെത്തിക്കുന്നത് വൈകും.

Update: 2022-08-17 12:40 GMT
Editor : Nidhin | By : Web Desk
Advertising

കാസർകോട്: കൊച്ചി ഫ്‌ലാറ്റിലെ കൊലപാതക കേസിൽ അറസ്റ്റിലായ പ്രതിയുടെ കയ്യിൽ നിന്ന് മയക്കുമരുന്ന് പിടികൂടി. പയ്യോളി സ്വദേശി അർഷാദിൽ നിന്ന് അഞ്ച് ഗ്രാം എം.ഡി.എം.എ യും ഒരു കിലോ കഞ്ചാവുമാണ് പിടികൂടിയത്. ഇയാൾക്കൊപ്പം കോഴിക്കോട് സ്വദേശി അശ്വന്തും പിടിയിലായിട്ടുണ്ട്.

അതേസമയം അശ്വന്ത് കൊച്ചി ഫ്‌ലാറ്റ് കേസിൽ പ്രതിയല്ലെന്ന് പൊലീസ് വ്യക്തമാക്കി. ഇരുവരെയും കാസർകോട് കോടതിയിൽ ഹാജരാക്കും.

ഈ കേസിൽ മഞ്ചേശ്വരത്ത് അറസ്റ്റ് രേഖപ്പെടുത്തിയതോടെ അർഷാദിനെ കൊച്ചിയിലെത്തിക്കുന്നത് വൈകും. ഇന്ന് രാത്രിയോടെ എത്തിക്കാമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.

കാസർകോട് മഞ്ചേശ്വരം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതി സംസ്ഥാനം വിടാൻ ശ്രമിക്കുകയായിരുന്നു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലുള്ള അർഷദിനെ ഉടൻ എസ്.പി ഓഫീസിൽ എത്തിക്കും. കൊല്ലപ്പെട്ട സജീവ് കൃഷ്ണക്കൊപ്പം താമസിച്ചിരുന്ന അർഷാദ് കൊലപാതകത്തിനു ശേഷം ഒളിവിലായിരുന്നു. അതേസമയം സജീവിന്റെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. തലക്കും കഴുത്തിലും നെഞ്ചിലുമുൾപെടെ ഇരുപതിലേറെ മുറിവുകളാണ് ശരീരത്തിലുള്ളതെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

ഇന്നലെയാണ് മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്ണയെ കാക്കനാട് ഇടച്ചിറയിലെ ഫ്‌ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. ഇന്നലെ വൈകിട്ടാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ഇടച്ചിറയിലെ ഓക്‌സോണിയ ഫ്‌ലാറ്റിലാണ് സംഭവം.

ശരീരമാസകലം കുത്തേറ്റ സജീവൻറെ മൃതദേഹം പുതപ്പുകൊണ്ട് പൊതിഞ്ഞ് വരിഞ്ഞു കെട്ടിയ നിലയിലായിരുന്നു. ഫ്‌ലാറ്റിലെ പൈപ്പ് ഡെക്റ്റിനിടയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതക ശേഷം പൈപ്പ് ഡെക്റ്റിനിടയിലൂടെ മൃതദേഹം താഴേക്ക് എത്തിക്കാനുള്ള ശ്രമമായിരുന്നു. എന്നാൽ അത് പരാജയപ്പെട്ടു.

രണ്ടുദിവസമായി സജീവിനെ ഫോണിൽ കിട്ടാതായതോടെ ഫ്‌ലാറ്റിലെ സഹതാമസക്കാർ വന്നുനോക്കുകയായിരുന്നു. ഫ്‌ലാറ്റ് പുറത്തേക്ക് പൂട്ടിയ നിലയിൽ കണ്ടതോടെ സെക്യൂരിറ്റിയെ വിവരം അറിയിക്കുകയും പൊലീസ് എത്തിയ ശേഷം മറ്റൊരു താക്കോൽ ഉണ്ടാക്കി ഫ്‌ലാറ്റ് തുറക്കുകയും ആയിരുന്നു. രക്തക്കറ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പൈപ്പ് ഡക്റ്റിനിടയിൽ നിന്ന് മൃതദേഹം കണ്ടെത്തുന്നത്.

അർഷാദ് ഈ ഫ്‌ലാറ്റിലെ സ്ഥിരതാമസക്കാരൻ ആയിരുന്നില്ല. സ്ഥിരതാമസക്കാരൻ ആയിരുന്ന അംജാദ് എന്നയാളുടെ സുഹൃത്താണ് അർഷാദ്. ഈ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് അർഷാദ് ഇവിടെ താമസിക്കാനെത്തിയത്.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News