കണ്ണൂര്‍ മണ്ഡലത്തിലെ പരാജയത്തില്‍ കോൺഗ്രസിനെ പഴിചാരി മുസ്‍ലിം ലീഗ്
യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിക്കെതിരെ ലീഗ് മണ്ഡലം കമ്മിറ്റി യോഗത്തിൽ രൂക്ഷ വിമർശനമുയർന്നു
നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തിലെ പരാജയത്തില്‍ കോൺഗ്രസിനെ പഴിചാരി മുസ്‍ലിം ലീഗ്. യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിക്കെതിരെ ലീഗ് മണ്ഡലം കമ്മിറ്റി യോഗത്തിൽ രൂക്ഷ വിമർശനമുയർന്നു. യു.ഡി.എഫ് സ്ഥാനാര്‍ഥി സതീശന്‍ പാച്ചേനിയെ പരാജയപ്പെടുത്താന്‍ റിജില്‍ മാക്കുറ്റി ശ്രമിച്ചെന്നാണ് ആരോപണം. കെ.സുധാകരന്‍, കണ്ണൂര്‍ മേയര്‍ ടി.ഒ മോഹനന്‍ എന്നിവര്‍ പ്രചാരണത്തില്‍ അലംഭാവം കാണിച്ചെന്നും ലീഗിന്‍റെ വിമർശനമുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ചേര്‍ന്ന മുസ്‍ലിം ലീഗിന്‍റെ ആദ്യ മണ്ഡലം കമ്മറ്റി യോഗത്തിലാണ് കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മികച്ച ഭൂരിപക്ഷം ലഭിച്ച എടക്കാട്,കണ്ണൂര്‍ സിറ്റി തുടങ്ങിയ സ്ഥലങ്ങളില്‍ വലിയ വോട്ട് ചോര്‍ച്ചയുണ്ടായി.
സംഘടനാ സംവിധാനത്തിന് വിരുദ്ധമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് റിജില്‍ മാക്കുറ്റി നടത്തിയ പ്രവര്‍ത്തനങ്ങള്‍ പരാജയത്തിന് ആക്കം കൂട്ടിയതായി യോഗം വിലയിരുത്തി. കണ്ണൂര്‍ സീറ്റ് പ്രതീക്ഷിച്ച റിജില്‍ മാക്കുറ്റി സതീശന്‍ പാച്ചേനിയെ പരാജയപ്പെടുത്താന്‍ ചില തത്പരകക്ഷികളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് ലീഗിന്‍റെ ആരോപണം.
കെ.സുധാകരന്‍റെ തട്ടകമായ എടക്കാട് കടുത്ത തിരിച്ചടിയാണ് യു.ഡി.എഫിന് സംഭവിച്ചത്. കണ്ണൂര്‍ മേയര്‍ ടി.ഒ മോഹനന്‍, മുന്‍ ഡപ്യൂട്ടി മേയര്‍ പി.കെ രാഗേഷ് തുടങ്ങിയവരും പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നില്ലെന്നാണ് ലീഗിന്‍റെ ആക്ഷേപം. ലീഗ് മണ്ഡലം കമ്മറ്റി തയ്യാറാക്കിയ അവലോകന റിപ്പോര്‍ട്ട് ജില്ലാ-സംസ്ഥാന നേതൃത്വങ്ങള്‍ക്ക് കൈമാറും. മണ്ഡലത്തില്‍ ലീഗിനെ പൂര്‍ണമായും തഴയുന്ന നിലപാടാണ് കോണ്‍ഗ്രസിന്‍റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നും ലീഗ് നിയോജക മണ്ഡലം കമ്മറ്റി ആരോപിക്കുന്നു.