'ജാനുവിനെ സ്ഥാനാർത്ഥിയാക്കാൻ ലീഗ് ആലോചിച്ചു, പിന്നീടാണ് ബിജെപിയിലേക്ക് പോയത്': പ്രസീത അഴീക്കോട്

സികെ ജാനുവും കെ സുരേന്ദ്രനും തമ്മിലുള്ള ആദ്യത്തെ കൂടിക്കാഴ്ച നടന്നത് കോട്ടയത്തെ നേതാവിന്റെ വീട്ടിലായിരുന്നുവെന്നും പ്രസീത വെളിപ്പെടുത്തി

Update: 2021-06-08 09:46 GMT
Editor : abs | By : Web Desk
Advertising

കൽപ്പറ്റ: മാനന്തവാടി മണ്ഡലത്തിൽ സികെ ജാനുവിനെ യുഡിഎഫ് സ്ഥാനാർത്ഥിയായി നിർത്താൻ മുസ്‌ലിംലീഗ് ആലോചിച്ചിരുന്നതായി ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട്. ഇതു സംബന്ധിച്ച ചർച്ചകൾ നടന്നിരുന്നതായും ലീഗുമായുള്ള ചർച്ചകൾ ഫലപ്രദമാകാതെ വന്നപ്പോഴാണ് ജാനു ബിജെപിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് സമ്മതിച്ചത് എന്നും പ്രസീത പറഞ്ഞു. മാധ്യമം പത്രത്തോട് സംസാരിക്കുകയായിരുന്നു അവർ.

സികെ ജാനുവും കെ സുരേന്ദ്രനും തമ്മിലുള്ള ആദ്യത്തെ കൂടിക്കാഴ്ച നടന്നത് കോട്ടയത്തെ നേതാവിന്റെ വീട്ടിലായിരുന്നുവെന്നും പ്രസീത വെളിപ്പെടുത്തി. നഗരഹൃദയത്തിലെ വീട്ടിൽ മാർച്ച് രണ്ടിന് രാത്രി 12നായിരുന്നു ആദ്യകൂടിക്കാഴ്ച. ഒരു മണിക്കൂർ നീണ്ട ഈ ചർച്ചയിലാണ് എൻ.ഡി.എയിൽ ചേരാൻ ജാനു 10 കോടി രൂപ ആവശ്യപ്പെട്ടത്. നേതാവിന്റെ വസതിയിൽ നടന്ന ചർച്ചയിൽ ജനാധിപത്യ രാഷ്ട്രീയ പാർട്ടിയുടെ രണ്ട് സെക്രട്ടറിമാർ, സി.കെ. ജാനു, കോട്ടയത്തെ നേതാവ്, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ എന്നിവർ ഉണ്ടായിരുന്നതായി അവർ കൂട്ടിച്ചേർത്തു.

ആദ്യം ആലപ്പുഴയിൽ ചർച്ച നടത്താനായിരുന്നു സുരേന്ദ്രന്റെ തീരുമാനം. എന്നാൽ, വിജയയാത്ര കോട്ടയത്ത് എത്തുന്നതിനാൽ ചർച്ച ഇവിടെയാക്കി. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ വരാനായിരുന്നു ആദ്യനിർദേശം. കോട്ടയത്തെത്തിയപ്പോൾ വീടിന്റെ ലൊക്കേഷൻ അയച്ചുകൊടുത്തു. 11.30നുശേഷം അവിടെയെത്തി. സുരേന്ദ്രൻ പ്രൈവറ്റ് സെക്രട്ടറിക്കൊപ്പമാണ് എത്തിയത്. ജാനു വയനാട്ടിൽനിന്ന് ബി.ഡി.ജെ.എസ് നേതാവിനൊപ്പവും. ഒരുമണിക്ക് ചർച്ച കഴിഞ്ഞ് പുറത്തിറങ്ങുകയും ചെയ്തു.

ആ ചർച്ചക്കിടെ മുൻ ധാരണയില്ലാതെ ജാനു 10 കോടിയും സുൽത്താൻബത്തേരി സീറ്റും കാബിനറ്റ് പദവിയും ആവശ്യപ്പെടുകയായിരുന്നു. ആവശ്യം സുരേന്ദ്രന് സ്വീകാര്യമായില്ല. ബത്തേരി സീറ്റ് തരാം. കാബിനറ്റ് പദവി പറ്റില്ല. മറ്റൊരു പദവി നൽകാം. ആലോചിക്കൂ എന്നുപറഞ്ഞാണ് ചർച്ച അവസാനിപ്പിച്ചത്. പിന്നീട് തനിക്ക് 30 ലക്ഷത്തിന്റെ സാമ്പത്തിക ബാധ്യതയുണ്ട്. എൽ.ഡി.എഫിൽ ഉള്ള സമയത്ത് പലരിൽനിന്നായി കടം വാങ്ങിയിരുന്നു. അത് തിരിച്ചുകൊടുക്കാതെ എൻ.ഡി.എയിലേക്ക് വരാൻ കഴിയില്ലെന്ന് ജാനു പറഞ്ഞു. തൽക്കാലത്തേക്ക് എത്ര വേണം എന്ന് ചോദിച്ചപ്പോഴാണ് 10 ലക്ഷം എന്ന് പറഞ്ഞത്. ആ തുക ഏഴിന് തിരുവനന്തപുരത്തുവെച്ച് പണമായിത്തന്നെ കൈമാറി. യാത്രയുടെ ഭാഗമായി പാലക്കാട്ടുനടന്ന യോഗത്തിലാണ് ജെ.ആർ.പി എൻ.ഡി.എയുമായി സഹകരിക്കാമെന്ന ധാരണയുണ്ടായത്- പ്രസീത കൂട്ടിച്ചേർത്തു.

Tags:    

Editor - abs

contributor

By - Web Desk

contributor

Similar News