വിശ്വാസകാര്യങ്ങളിൽ സി.പി.എം കടന്നുകയറുന്നു; മലപ്പുറം എന്നു കേട്ടാൽ മാർക്‌സിസ്റ്റ് പാർട്ടിക്ക് അലർജി-പി.എം.എ സലാം
''പട്ടിണി മാറ്റാനോ ജനങ്ങളുടെ പ്രശ്‌നങ്ങളിൽ ഇടപെടാനോ അല്ല സി.പി.എം പ്രവർത്തിച്ചത്. മുസ്‌ലിം പെൺകുട്ടികളുടെ തലയിലെ തട്ടം മാറ്റാനാണ് അവർ പ്രവർത്തിച്ചതെന്ന് ഇപ്പോൾ വ്യക്തമായി.''
മലപ്പുറം: ജനങ്ങളുടെ വിശ്വാസപരമായ കാര്യങ്ങളിലേക്ക് സി.പി.എം കടന്നുകയറുകയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. സി.പി.എം സംസ്ഥാന സമിതി അംഗം അഡ്വ. കെ. അനിൽകുമാറിന്റെ വിവാദ തട്ടം പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രസ്താവന ഗൗരവത്തോടെ കാണണം. മലപ്പുറം എന്നു കേട്ടാൽ മാർക്‌സിസ്റ്റ് പാർട്ടിക്ക് അലർജിയാണെന്നും സലാം ആരോപിച്ചു.
ജനങ്ങളുടെ വിശ്വാസപരമായ കാര്യങ്ങളിലേക്ക് സി.പി.എം കടന്നുകയറുകയാണ്. വഖഫ്, ശബരിമല സ്ത്രീ പ്രവേശനം വിഷയങ്ങളിലെല്ലാം ഇക്കാര്യം ചൂണ്ടിക്കാട്ടിയതാണ്. നേരത്തെ സി.പി.എം ആറാം നൂറ്റാണ്ട് പ്രസ്താവന നടത്തി. മുസ്‌ലിംകളുടെ വിശ്വാസകാര്യങ്ങളിൽ അനാവശ്യമായി ഇടപെടുകയാണ്. സി.പി.എം എന്താണു ചെയ്യുന്നതെന്നാണ് അനിൽകുമാർ വിളിച്ചുപറഞ്ഞതെന്നും സലാം പറഞ്ഞു.
തട്ടമിട്ട പെൺകുട്ടികൾ വലിയ നേട്ടങ്ങൾ ഉണ്ടാക്കുന്ന കാലത്താണു നമ്മൾ ജീവിക്കുന്നത്. പട്ടിണി മാറ്റാനോ ജനങ്ങളുടെ പ്രശ്‌നങ്ങളിൽ ഇടപെടാനോ അല്ല സി.പി.എം പ്രവർത്തിച്ചത്. മുസ്‌ലിം പെൺകുട്ടികളുടെ തലയിലെ തട്ടം മാറ്റാനാണ് അവർ പ്രവർത്തിച്ചതെന്ന് ഇപ്പോൾ വ്യക്തമായെന്നും സലാം കുറ്റപ്പെടുത്തി.
മാർക്‌സിസ്റ്റ് പാർട്ടിക്ക് എന്നും മലപ്പുറം കേട്ടാൽ അലർജിയാണെന്നും അദ്ദേഹം ആരോപിച്ചു. മലപ്പുറത്തെ കുട്ടികൾ കോപ്പിയടിച്ചു ജയിക്കുന്നുവെന്നു പറഞ്ഞത് പാർട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗവും മുൻ മുഖ്യമന്ത്രിയും നിയമസഭാ കക്ഷി നേതാവുമെല്ലാം ആയ ആളാണ്.
മലപ്പുറം എന്നു കേട്ടാൽ ചതുർത്ഥിയാണ്. ഇത് അവരുടെ രക്തത്തിൽ അലിഞ്ഞതാണെന്നും പി.എം.എ സലാം കൂട്ടിച്ചേർത്തു.
Summary: 'CPM is interfering in people's religious matters': Muslim League Kerala state general secretory PMA Salam in K Anilkumar controversy