'ഞാനല്ല, ആഭ്യന്തരമന്ത്രിയും പൊലീസുമാണ് ആ വക്കീൽ നോട്ടീസിന്റെ അവകാശികൾ'; കാഫിർ സ്ക്രീൻഷോട്ടിൽ പാറക്കൽ അബ്ദുല്ല

'കാസിമെന്ന ചെറുപ്പക്കാരന്റെ ജീവിതം തകർക്കാൻ നോക്കിയവരോട്, വടകരയുടെ സമാധാനം ഇല്ലാതാക്കാൻ കോപ്പ് കൂട്ടിയവരോട് യാതൊരു വിട്ടുവീഴ്ചയുമില്ല'- അദ്ദേഹം വ്യക്തമാക്കി.

Update: 2024-08-17 18:13 GMT
Advertising

കോഴിക്കോട്: വടകര ലോക്സഭ തെരഞ്ഞെടുപ്പിലെ 'കാഫിർ' സ്ക്രീൻ ഷോട്ട് വിവാദത്തിൽ ഡി.വൈ.എഫ്.ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ വക്കീൽ നോട്ടീസ് അയച്ചതിൽ പ്രതികരിച്ച് മുസ്‌ലിം ലീഗ് നേതാവ്‌ പാറക്കൽ അബ്ദുല്ല. മാഷാ അല്ലാഹ് സ്റ്റിക്കർ പതിപ്പിച്ച ഇന്നോവയാണ് പ്രതീക്ഷിച്ചതെങ്കിലും വന്നത് ടി.പി കൊലയാളികളുടെ വക്കീലിന്റെ നോട്ടീസാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

വ്യാജ സ്ക്രീൻഷോട്ട് ഇടത് ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്തു എന്ന് പൊലീസ് ഹൈക്കോടതിയോട് പറഞ്ഞതിന് താൻ മാപ്പ് പറയണമെന്നാണ് അതിലെ ആവശ്യം. ഇത് വ്യാജ പ്രചരണമെങ്കിൽ ആ വക്കീൽ നോട്ടീസിന്റെ അവകാശികൾ ആഭ്യന്തരമന്ത്രിയും അന്വേഷണ ഉദ്യോഗസ്ഥരുമാണെന്ന് പാറക്കൽ അബ്ദുല്ല പറഞ്ഞു.

'കാസിമെന്ന ചെറുപ്പക്കാരന്റെ ജീവിതം തകർക്കാൻ നോക്കിയവരോട്, വടകരയുടെ സമാധാനം ഇല്ലാതാക്കാൻ കോപ്പ് കൂട്ടിയവരോട്, യാതൊരു വിട്ടുവീഴ്ചയുമില്ല'- അദ്ദേഹം കൂട്ടിച്ചേർത്തു.

വടകര ലോക്സഭ തെരഞ്ഞെടുപ്പിലെ 'കാഫിർ' സ്ക്രീൻ ഷോട്ട് വിവാദവുമായി ബന്ധപ്പെട്ട് തനിക്കെതിരെ പ്രചാരണം നടത്തി സമൂഹത്തിൽ വേർതിരിവ് ഉണ്ടാക്കാൻ പാറക്കൽ അബ്ദുല്ല ശ്രമിച്ചെന്നാണ് റിബേഷ് വക്കീൽ നോട്ടീസിൽ പറയുന്നത്. ആയതിനാൽ പാറക്കൽ അബ്ദുല്ല തന്നോട് പരസ്യമായി ഖേദം പ്രകടിപ്പിക്കണം എന്നാണ് റിബേഷിന്റെ ആവശ്യം.

വടകരയിലെ 'കാഫിര്‍' സ്‌ക്രീന്‍ഷോട്ട് വ്യാജമാണെന്നും അത് ആദ്യം പ്രചരിച്ചത് ഇടത് സൈബർ ഗ്രൂപ്പുകളിലാണെന്നും പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. 2024 ഏപ്രില്‍ 25ന് ഉച്ചയ്ക്ക് 2.13ന് 'റെഡ് എന്‍കൗണ്ടര്‍' വാട്ട്സ്ആപ്പ് ഗ്രൂപ്പിലാണ് സ്‌ക്രീന്‍ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടതെന്നും റിബേഷ് എന്നയാളാണ് പോസ്റ്റ് ചെയ്തതെന്നും ഹൈക്കോടതിയില്‍ നല്‍കിയ റിപോര്‍ട്ടില്‍ പറയുന്നു. മിനിറ്റുകള്‍ക്കു ശേഷം ഏപ്രില്‍ 25ന് ഉച്ചയ്ക്ക് 2.34ന് 'റെഡ് ബറ്റാലിയന്‍' വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ അമല്‍ റാം എന്നായള്‍ സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്തു.

വൈകീട്ട് മൂന്നിനാണ് 'അമ്പാടിമുക്ക് സഖാക്കള്‍' എന്ന ഫേസ്ബുക്ക് പേജില്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചത്. അഡ്മിന്‍ മനീഷാണ് ഇത് പോസ്റ്റ് ചെയ്തത്. രാത്രി 8.23ന് 'പോരാളി ഷാജി' എന്ന ഫേസ്ബുക്ക് പേജിലും സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചു. അഡ്മിന്‍ അബ്ബാസാണ് ഇത് പോസ്റ്റ് ചെയ്തതെന്നും പൊലീസ് റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ശാസ്ത്രീയമായ അന്വേഷണം പുരോഗമിക്കുന്നുവെന്നും ഹൈക്കോടതിയില്‍ വടകര പൊലീസ് വ്യക്തമാക്കി.

വടകരയിലെ ലോക്സഭ തെരഞ്ഞെടുപ്പിൽ വലിയ രാഷ്ട്രീയ വിവാദത്തിനു വഴിതെളിച്ച വിഷയമാണ് കാഫിര്‍ വ്യാജ സ്ക്രീന്‍ ഷോട്ട്. എല്‍.ഡി.എ‌ഫ് സ്ഥാനാര്‍ഥി കെ.കെ ശൈലജയെ കാഫിറെന്ന് വിശേഷിപ്പിച്ചിരുന്ന പോസ്റ്റ് മുസ്‌ലിം യൂത്ത് ലീഗ് നേതാവ് പി.കെ മുഹമ്മദ് കാസിം എന്നയാൾ പോസ്റ്റ് ചെയ്തു എന്ന രീതിയിലാണ് സ്ക്രീൻഷോട്ട് പ്രചരിച്ചത്. 


Full View


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News