'ലീഗിനും മുനീറിനും ആറാം നൂറ്റാണ്ടിൽനിന്ന് വണ്ടി കിട്ടിയിട്ടില്ല'; വിമര്‍ശനവുമായി ഡി.വൈ.എഫ്.ഐ
''ലീഗ് എല്ലാ ഘട്ടത്തിലും സ്ത്രീകൾ രംഗത്ത് ഇറങ്ങുന്നതിനെതിരെ ശബ്ദമുയർത്തിയവരാണ്. അടുക്കളയിൽനിന്ന് അരങ്ങത്തേക്ക് എന്നതിനു പകരം അരങ്ങിൽനിന്ന് അടുക്കളയിലേക്ക് സ്ത്രീകളെ നയിക്കണം എന്നു പറയുന്നവരാണ് മിക്ക നേതാക്കളും.''
കൊല്ലം: സംസ്ഥാന സര്‍ക്കാരിന്‍റെ ജെൻഡര്‍ ന്യൂട്രൽ യൂനിഫോം, മിക്സഡ് സ്കൂള്‍ നയങ്ങള്‍ക്കെതിരെ മുസ്‌ലിം ലീഗ് നേതാവ് ഡോ. എം.കെ മുനീർ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ വിമർശനവുമായി ഡി.വൈ.എഫ്.ഐ. ലീഗും മുനീറും ഇപ്പോഴും ആറാം നൂറ്റാണ്ടിലാണെന്നും അവർക്ക് 21-ാം നൂറ്റാണ്ടിലേക്ക് വണ്ടികിട്ടിയിട്ടില്ലെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് വിമർശിച്ചു. കൊല്ലത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു വിമര്‍ശനം.
കഴിഞ്ഞ ദിവസം എം.കെ മുനീർ നടത്തിയ പ്രസംഗം സാംസ്‌കാരിക കേരളത്ത് അങ്ങേയറ്റം നാണക്കേടുണ്ടാക്കുന്നതാണ്. കേരളം ഈ രാജ്യത്തിനാകെ മാതൃകയായ നാടാണ്. ആ നേട്ടങ്ങൾക്കെല്ലാം കോട്ടംതട്ടുന്ന പ്രസ്താവനകൾ തുടർച്ചയായി മുസ്‍ലിം ലീഗിന്റെ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. സ്ത്രീപദവിയുടെ രാഷ്ട്രീയത്തെ സംബന്ധിച്ച് വളരെ ഗൗരവമായി ലോകത്താകെ ചർച്ചകളും പരിഷ്‌ക്കരണങ്ങളും മാറ്റങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. ആ പരിഷ്‌ക്കരണങ്ങളെ ലീഗ് അംഗീകരിക്കുന്നില്ല. നവോത്ഥാനവും ആധുനിക സമൂഹം മുന്നോട്ടുവയ്ക്കുന്ന സ്ത്രീസമത്വ ആശയം ലീഗ് അംഗീകരിക്കുന്നില്ലെന്നതിന്റെ തെളിവാണ് മുനീർ നടത്തിയ പ്രസ്താവന. കേരളീയ നവോത്ഥാന മുന്നേറ്റത്തെ പിന്നോട്ടടിപ്പിക്കുന്ന ഇത്തരം പ്രസ്താവനകൾ പിൻവലിച്ചു മാപ്പുപറഞ്ഞ് കേരളീയ സമൂഹത്തിനു മുൻപിൽ ഏറ്റുപറയണം-സനോജ് ആവശ്യപ്പെട്ടു.
ലീഗ് എല്ലാ ഘട്ടത്തിലും സ്ത്രീകൾ രംഗത്ത് ഇറങ്ങുന്നതിനെതിരെ ശബ്ദമുയർത്തിയവരാണ്. അടുക്കളയിൽനിന്ന് അരങ്ങത്തേക്ക് എന്നതിനു പകരം അരങ്ങിൽനിന്ന് അടുക്കളയിലേക്ക് സ്ത്രീകളെ നയിക്കണം എന്നു പറയുന്നവരാണ് മിക്ക നേതാക്കളും. ലീഗിന്റെ നയം തന്നെ അങ്ങനെയാണ്. അതുകൊണ്ടുതന്നെ ലീഗിന്റെ ഭാഗമായി നിന്നിരുന്ന വലിയൊരു വിഭാഗം ആളുകൾ അവരെ കൈയൊഴിയുകയാണ്. കഴിഞ്ഞ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളിൽ ലീഗിന് സ്വാധീനമുണ്ടായിരുന്ന മണ്ഡലങ്ങളിൽ അവർക്ക് വലിയ ചോർച്ചയുണ്ടായി. നേരത്തെ ലീഗ് മതാടിസ്ഥാനത്തിലായിരുന്നു മുന്നോട്ടുപോയിരുന്നത്. എന്നാൽ, ഇപ്പോൾ ലീഗ് കുടുംബങ്ങളില്‍ അഭ്യസ്തവിദ്യരായ നിരവധി പേർ വരുന്നു. അവരെല്ലാം ലീഗിന്റെ ഇത്തരം നീക്കത്തോട് കടുത്ത വിയോജിപ്പുള്ളവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആധുനിക സമൂഹത്തിൽ സ്ത്രീകൾ ഇത്തരം വേഷം ധരിക്കണം, പുറത്തിറങ്ങാൻ പാടില്ല എന്നു പറയുന്നതിനോട് ആർക്കും യോജിക്കാൻ പറ്റില്ല. കാലം ഒരുപാട് മാറിയിട്ടുണ്ട്. എന്നാൽ, മുനീറിനും മുസ്‍ലിം ലീഗിനും അഞ്ചാം നൂറ്റാണ്ടിൽനിന്നും ആറാം നൂറ്റാണ്ടിൽനിന്നും 21-ാം നൂറ്റാണ്ടിലേക്ക് വണ്ടി കിട്ടിയിട്ടില്ല. അവർ ഇപ്പോഴും വണ്ടി കിട്ടാതെ കാത്തിരിക്കുകയാണെന്നും വി.കെ സനോജ് വിമര്‍ശിച്ചു.
Summary: 'Muslim League and MK Muneer are still in the 6th century', alleges DYFI state secretary VK Sanoj