ഹരിത വിവാദത്തിന് പിറകേ പെണ്‍കുട്ടികള്‍ക്ക് പാര്‍ട്ടി ക്ലാസുമായി മുസ്‌ലിം ലീഗ്
ഇടതു ലിബറല്‍ പശ്ചാത്തലമുള്ള വനിതാ ആക്ടിവിസ്റ്റുകളുടെ സ്വാധീനത്തിന് ഹരിത ഭാരവാഹികള്‍ വഴിപ്പെട്ടുവെന്നാണ് നേതാക്കള്‍ കരുതുന്നത്.
ഹരിത വിവാദം സംഘടനക്കുണ്ടാക്കിയ പരിക്ക് തീര്‍ക്കാനും രാഷ്ട്രീയവും സംഘടനാപരവുമായ ആശയവ്യക്തതയുണ്ടാക്കാനും പെണ്‍കുട്ടികള്‍ക്ക് മുസ്‌ലിം ലീഗിന്റെ പാര്‍ട്ടി ക്ലാസ്. മുസ്‌ലിം സ്ത്രീ സ്വത്വം ഉയര്‍ത്തിപ്പിടിച്ച് രാഷ്ട്രീയ പ്രവര്‍ത്തനത്തിനിറങ്ങാന്‍ പെണ്‍കുട്ടികളെ പ്രാപ്തരാക്കുകയാണ് പാര്‍ട്ടി ക്ലാസിന്റെ ലക്ഷ്യം.ശനിയാഴ്ച മലപ്പുറത്ത് ഹരിത ഭാരവാഹികള്‍ക്കായി നടത്തിയ ഏകദിന പഠന ക്യാമ്പോടെ പഠന പദ്ധതിക്ക് തുടക്കമായി.
എംഎസ്എഫ് പ്രസിഡണ്ട് പി കെ നവാസിന്‍റെ അറസ്റ്റിന് വഴിവെച്ച ഹരിത വിവാദത്തിന്‍റെ അടിസ്ഥാന കാരണം ഹരിത ഭാരവാഹികള്‍ ബാഹ്യ അജണ്ടക്ക് വഴിപ്പെട്ടതാണെന്ന് ലീഗ് നേതൃത്വം വിലയിരുത്തിയിട്ടുണ്ട്.ഇടതു ലിബറല്‍ പശ്ചാത്തലമുള്ള വനിതാ ആക്ടിവിസ്റ്റുകളുടെ സ്വാധീനത്തിന് ഹരിത ഭാരവാഹികള്‍ വഴിപ്പെട്ടുവെന്നാണ് നേതാക്കള്‍ കരുതുന്നത്.
സി.പി.എം സഹയാത്രികരായ ലിബറലുകള്‍ ലീഗിന്റെ വനിതാ പ്രവര്‍ത്തകരെ സ്വാധീനിക്കുന്നത് തടയേണ്ടത് അടിയന്തര ലക്ഷ്യമായി ലീഗ് കണക്കാക്കുന്നു.ഹരിത ഭാരവാഹികളെ പിന്തുണച്ച് ഇത്തരം കേന്ദ്രങ്ങള്‍ രംഗത്ത് വന്നതിലും ഡിവൈഎഫ്ഐ ഹരിതാ ഭാരവാഹികളെ സ്വാഗതം ചെയ്തതിലും അപകടകരമായ സന്ദേശങ്ങള്‍ ഉണ്ടെന്നാണ് ലീഗ് നേതൃത്വം വിലയിരുത്തുന്നത്.
മുസ്‌ലിം സമുദായത്തിലെ വനിതാ ബുദ്ധിജീവികളുമായുള്ള സംവാദം കാര്യക്ഷമമാക്കാനാണ് പാർട്ടിയുടെ ആലോചന. ആക്ടിവിസത്തെയും വിശ്വാസത്തെയും ബന്ധിപ്പിക്കാതെ പോയാൽ അടിസ്ഥാന തത്വങ്ങൾ ലംഘിക്കപ്പെടുമെന്നും നേതൃത്വം കരുതുന്നു.ഇതിനായുള്ള നിരന്തര സംവാദങ്ങള്‍ ഹരിത പ്രവര്‍ത്തകര്‍ക്കായി ലീഗ് നേതൃത്വം സംഘടിപ്പിക്കും.മലപ്പുറത്ത് ലീഗിന്റെ ഒരു ജില്ലാ സെക്രട്ടറിക്കാണ് പാര്‍ട്ടി ചുമതല നല്‍കിയിരിക്കുന്നത്.
ശനിയാഴ്ച മലപ്പുറം ഖാഇദെ മില്ലത്ത് സൗദത്തിൽ നടന്ന പഠന ക്യാമ്പിലെ ക്ലാസുകള്‍ ലിബറലിസത്തിന്റെ അപകടത്തിലാണ് ഊന്നയിത്.പുറത്താക്കപ്പെട്ട ഹരിത ഭാരവാഹികളുടെ സംഘടനാ വിരുദ്ധ നടപടികളും ക്ലാസുകളില്‍ വിശദീകരിച്ചു. ഡോ.വി.പി ഷമീന, ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി യു.എ ലത്തീഫ് എം.എൽ എ, ജില്ലാ സെക്രട്ടറി കെ.എം ഗഫൂർ, എം.എസ്. എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് എന്നിവർ സംബന്ധിച്ചു.