27ൽ 23 സീറ്റു വരെ പ്രതീക്ഷ; മുസ്‌ലിംലീഗ് സ്‌ട്രൈക്ക് റേറ്റ് ഉയർത്തുമോ?
2016ലെ തെരഞ്ഞെടുപ്പില്‍ 75 ശതമാനം സീറ്റിലും ജയിച്ച പാര്‍ട്ടിയാണ് ലീഗ്.
കോഴിക്കോട്: മത്സരിച്ച 27 സീറ്റിൽ 20-23 സീറ്റു വരെ ജയിക്കാമെന്ന് മുസ്‌ലിംലീഗിന്റെ അവസാനവട്ട വിലയിരുത്തൽ. കഴിഞ്ഞ തവണ 24 മണ്ഡലത്തിൽ മത്സരിച്ച ലീഗ് 18 സീറ്റിലാണ് ജയിച്ചിരുന്നത്. പുനലൂർ, പേരാമ്പ്ര മണ്ഡലങ്ങളാണ് ലീഗ് പൂർണമായി പ്രതീക്ഷ കൈവെടിഞ്ഞിട്ടുള്ളത്. പാർട്ടിയുടെ രണ്ടാംഘട്ടത്തിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച മണ്ഡലങ്ങളാണിത്.
മഞ്ചേശ്വരം, അഴീക്കോട്, കൂത്തുപറമ്പ്, കുറ്റ്യാടി, കുന്ദമംഗലം, തിരുവമ്പാടി, കോഴിക്കോട് സൗത്ത്, കോങ്ങാട്, ഗുരുവായൂർ, കളമശ്ശേരി മണ്ഡലങ്ങളിൽ സ്ഥാർത്ഥികൾ കടുത്ത മത്സരം നേരിടേണ്ടി വരുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. കാസർകോട്, കൊടുവള്ളി, വള്ളിക്കുന്ന്, കൊണ്ടോട്ടി, ഏറനാട്, മഞ്ചേരി, മലപ്പുറം, വേങ്ങര, കോട്ടയ്ക്കൽ, തിരൂരങ്ങാടി, താനൂർ, തിരൂർ, പെരിന്തൽമണ്ണ, മങ്കട, മണ്ണാർക്കാട് മണ്ഡലങ്ങളിൽ പാർട്ടി ജയം ഉറപ്പിക്കുന്നു. തിരുവമ്പാടി, ഗുരുവായൂർ, കോങ്ങാട് എന്നീ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവച്ചു എന്നതാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. പാലാരിവട്ടം പാലം വിവാദം കളമശ്ശേരിയിലെ ജനവിധിയെ ബാധിക്കില്ലെന്നും പാർട്ടി കണക്കുകൂട്ടുന്നു.
2011ൽ 83.33 ശതമാനം മണ്ഡലങ്ങളിലും ജയിച്ച പാർട്ടിയാണ് ലീഗ്. 2016ൽ അത് 75 ശതമാനമായി. യുഡിഎഫിൽ കോൺഗ്രസിന് 2016ൽ 25.28 ശതമാനം മാത്രമാണ് സ്‌ട്രൈക്ക് റേറ്റ്. 2016ൽ 87 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് ജയിക്കാനായത് 22 ഇടത്ത് മാത്രം. എന്നാൽ മത്സരിച്ച 25 സീറ്റിൽ 18 ഇടത്തും ലീഗ് സ്ഥാനാർത്ഥികൾ ജയിച്ചു. ഇത്തവണ സ്‌ട്രൈക്ക് റേറ്റ് അതിലും വർധിപ്പിക്കാമെന്നു തന്നെയാണ് ലീഗിന്റെ പ്രതീക്ഷ. എൽഡിഎഫിൽ ഏറ്റവും കൂടുതൽ സ്‌ട്രൈക്ക് റേറ്റുള്ള പാർട്ടി സിപിഐയാണ്-70.37% തൊട്ടുപിന്നിൽ സിപിഎമ്മും-68.47%.
കഴിഞ്ഞ തവണ ജയിച്ച അഴീക്കോട്, തിരൂരങ്ങാടി, മഞ്ചേശ്വരം, കുറ്റ്യാടി, കോഴിക്കോട് സൗത്ത് മണ്ഡലങ്ങളിൽ ലീഗ് കടുത്ത വെല്ലുവിളി നേരിടുന്നുണ്ട്. അഴീക്കോട്ട് കഴിഞ്ഞ തവണ 2287 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെഎം ഷാജി ജയിച്ചിരുന്നത്. ഇത്തവണ ജനകീയ അടിത്തറയുള്ള, മൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെവി സുമേഷിനെയാണ് എൽഡിഎഫ് രംഗത്തിറക്കിയിട്ടുള്ളത്. എന്നാൽ 2011ൽ സിറ്റിങ് എംഎൽഎ എം പ്രകാശനെ 493 വോട്ടിന് തോൽപ്പിച്ച ഷാജി അടുത്ത തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം രണ്ടായിരം കടത്തിയത് ലീഗിന് ആത്മവിശ്വാസം പകരുന്നു.
തിരൂരങ്ങാടിയിൽ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദാണ് മത്സരിക്കുന്നത്. പാർട്ടിക്കുള്ളിൽ ആദ്യഘട്ടത്തിൽ ഉയർന്ന പ്രശ്‌നങ്ങൾ പരിഹരിച്ചു എന്നാണ് നേതൃത്വം പറയുന്നത്. ഇവിടെ നിയാസ് പുളിക്കലകത്താണ് എൽഡിഎഫ് സ്ഥാനാർത്ഥി. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അജിത് കോളാടിയെ മാറ്റിയാണ് എൽഡിഎഫ് നിയാസിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നത്.
2016ൽ പികെ അബ്ദുറബ് മത്സരിച്ച വേളയിൽ ലീഗിന്റെ ഭൂരിപക്ഷം 6043 ആയി കുറക്കാൻ നിയാസിനായിരുന്നു. മുപ്പതിനായിരത്തിന് മുകളിൽ നിന്ന ഭൂരിപക്ഷമാണ് ആറായിരത്തിലേക്ക് ചുരുങ്ങിയത്. ആഞ്ഞുപിടിച്ചാൽ മണ്ഡലം പിടിക്കാമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്. എന്നാൽ ആശങ്കകളില്ല എന്ന വിലയിരുത്തലിലാണ് ലീഗ് നേതൃത്വം.
മഞ്ചേശ്വരത്ത് കടുത്ത ത്രികോണ മത്സരമാണ് ലീഗ് നേരിടുന്നത്. എകെഎം അഷ്‌റഫാണ് ലീഗിനായി മത്സരരംഗത്തുള്ളത്. സിപിഎമ്മിനായി വിവി രമേശനും ബിജെപിക്കായി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും കളത്തിലുണ്ട്. കഴിഞ്ഞ മൂന്നു നിയമസഭാ തെരഞ്ഞെടുപ്പിലും ജയിച്ച ചരിത്രമാണ് ഇവിടെ ലീഗിനുള്ളത്. പ്രദേശവാസി എന്ന നിലയിൽ ഭാഷാ ന്യൂനപക്ഷ വോട്ടുകൾ മണ്ഡലത്തിൽ ലീഗ് പ്രതീക്ഷിക്കുന്നുണ്ട്. 2016ൽ സുരേന്ദ്രൻ 89 വോട്ടിനാണ് മണ്ഡലത്തിൽ പരാജയപ്പെട്ടത്. മൂന്നാം തവണയാണ് സുരേന്ദ്രൻ മണ്ഡലത്തിൽ അങ്കത്തിനിറങ്ങുന്നത്.
കുറ്റ്യാടിയിൽ സിറ്റിങ് അബ്ദുല്ലയാണ് ലീഗിനായി ഒരിക്കൽ കൂടി പോരിനിറങ്ങുന്നത്. എന്നാൽ കഴിഞ്ഞ തവണ കൈവിട്ട മണ്ഡലം ഏതുവിധേനയും തിരിച്ചു പിടിക്കണം എന്ന വികാരത്തിൽ മണ്ഡലത്തിൽ ജനകീയനായ കെപി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററെയാണ് എൽഡിഎഫ് രംഗത്തിറക്കിയിട്ടുള്ളത്. കഴിഞ്ഞ തവണ 1901 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിനായിരുന്നു അബ്ദുല്ലയുടെ ജയം. മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ തുണയാകുമെന്ന വിലയിരുത്തലിലാണ് മുസ്‌ലിംലീഗ്.
കാൽനൂറ്റാണ്ടിന് ശേഷം വനിതാ സ്ഥാനാർത്ഥി മത്സരരംഗത്തുള്ള മണ്ഡലമാണ് കോഴിക്കോട് സൗത്ത്. കഴിഞ്ഞ തവണ എംകെ മുനീർ 6327 വോട്ടിന് ജയിച്ച മണ്ഡലമാണിത്. ഇവിടെ എൽഡിഎഫിന്റെ അഹമ്മദ് ദേവർകോവിൽ കടുത്ത വെല്ലുവിളിയാണ് നൂർബിനയ്ക്ക് ഉയർത്തുന്നത്.
സ്ഥാനാർഥികൾ ഇവർ:
1. മഞ്ചേശ്വരം : എ.കെ.എം. അഷ്‌റഫ്
2. കാസർഗോഡ് : എൻ.എ. നെല്ലിക്കുന്ന്
3. അഴീക്കോട് : കെ.എം. ഷാജി
4. കൂത്തുപറമ്പ് : പൊട്ടങ്കണ്ടി അബ്ദുല്ല
5. കുറ്റ്യാടി : പാറക്കൽ അബ്ദുല്ല
6. കോഴിക്കോട് സൗത്ത് : നൂർബിന റഷീദ്
7. കുന്ദമംഗലം : ദിനേഷ് പെരുമണ്ണ (യു.ഡി.എഫ് സ്വതന്ത്രൻ)
8. തിരുവമ്പാടി : സി.പി. ചെറിയ മുഹമ്മദ്
9. മലപ്പുറം : പി. ഉബൈദുല്ല
10. വള്ളിക്കുന്ന് : പി. അബ്ദുൽ ഹമീദ് മാസ്റ്റർ
11. കൊണ്ടോട്ടി : ടി.വി. ഇബ്രാഹിം
12. ഏറനാട് : പി.കെ ബഷീർ
13. മഞ്ചേരി : യു.എ. ലത്തീഫ്
14. പെരിന്തൽമണ്ണ : നജീബ് കാന്തപുരം
15. താനൂർ : പി.കെ. ഫിറോസ്
16. കോട്ടയ്ക്കൽ : കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ
17. മങ്കട : മഞ്ഞളാംകുഴി അലി
18. വേങ്ങര : പി.കെ. കുഞ്ഞാലിക്കുട്ടി
19. തിരൂർ : കുറുക്കോളി മൊയ്തീൻ
20. ഗുരുവായൂർ : കെ.എൻ.എ. ഖാദർ
21. തിരൂരങ്ങാടി : കെ.പി.എ. മജീദ്
22. മണ്ണാർക്കാട് : എൻ. ഷംസുദ്ദീൻ
23. കളമശ്ശേരി : വി.ഇ. ഗഫൂർ
24. കൊടുവള്ളി : എം.കെ. മുനീർ
25. കോങ്ങാട് : യു.സി. രാമൻ
26. പുനലൂർ : അബ്ദുറഹ്‌മാൻ രണ്ടത്താണി
27. പേരാമ്പ്ര : സിഎച്ച് ഇബ്രാഹിംകുട്ടി