പരാതി പിന്‍വലിച്ചാല്‍ നടപടിയെടുക്കാമെന്ന് ലീഗ്; ആദ്യം നടപടി എന്നിട്ട് പരാതി പിന്‍വലിക്കാമെന്ന് ഹരിത നേതാക്കള്‍
അച്ചടക്ക നടപടിയെടുത്ത് കഴിഞ്ഞ് പരാതി പിന്‍വലിക്കാമെന്ന മറുപടിയാണ് ഹരിതാ നേതാക്കള്‍ നല്‍കിയത്
എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പി കെ നവാസിനെതിരെ പരാതി നൽകിയ ഹരിതാ നേതാക്കളെ തള്ളിപ്പറയുമ്പോഴും പരാതി പരിഹരിക്കാന്‍ മുസ്‍ലിം ലീഗ് നേതൃത്വം ഇടപെടുന്നു. പരാതി പിന്‍വലിക്കുകയാണെങ്കില്‍ നവാസിനെതിരെ നടപടിയെടുക്കാമെന്നാണ് വാഗ്ദാനം. അച്ചടക്ക നടപടിയെടുത്ത് കഴിഞ്ഞ് പരാതി പിന്‍വലിക്കാമെന്ന മറുപടിയാണ് ഹരിതാ നേതാക്കള്‍ നല്‍കിയിരിക്കുന്നത്. ഇതോടെ ഹരിത സംസ്ഥാന പ്രസിഡന്‍റ് മുഫീദ തെസ്നിക്കും ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറക്കുമെതിരെ നടപടിയെടുപ്പിക്കാനുള്ള നീക്കം മറുവിഭാഗം നടത്തുന്നുണ്ട്.
മുസ്‍ലി ലീഗിനകത്തെ ആഭ്യന്തര പ്രശ്നങ്ങള്‍ നേതൃത്വത്തിന് തലവേദനയായിരിക്കെയാണ് എംഎസ്എഫിന്‍റെ വിദ്യാര്‍ഥിനി വിഭാഗമായ ഹരിതയിലെ നേതാക്കള്‍ പി കെ നവാസിനെതിരെ വനിതാ കമ്മീഷനെ സമീപിച്ചത്. പ്രതിരോധത്തിലായ ലീഗ് നേതൃത്വം ഇലക്കും മുള്ളിനും കേടില്ലാതെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങളിലാണ്. ചില എംഎസ്എഫ് ഭാരവാഹികള്‍ വഴി ലീഗ് നേതൃത്വം ഹരിത സംസ്ഥാന പ്രസിഡന്‍റ് മുഫീദ തെസ്നി, ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറ എന്നിവരോട് സംസാരിച്ചു. പരാതി പിന്‍വലിക്കുകയാണങ്കില്‍ നവാസിനെതിരെ നടപടിയെടുക്കാമെന്നാണ് അവരെ അറിയിച്ചത്. പക്ഷേ ആദ്യം നടപടി പിന്നീട് പരാതി പിന്‍വലിക്കല്‍ എന്ന നിലപാടിലാണ് ഹരിത നേതൃത്വം. ഇതോടെ വനിതാ കമ്മീഷനെ സമീപിച്ചവര്‍ക്കെതിരെ നടപടിയെടുപ്പിക്കാനുള്ള ശ്രമങ്ങള്‍ മറുവിഭാഗം നടത്തുന്നുണ്ട്. അത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് കാര്യങ്ങള്‍ എത്തിക്കുമെന്ന അഭിപ്രായമുള്ളവരും ലീഗ് നേതൃത്വത്തിലുണ്ട്.
എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പി കെ നവാസും മലപ്പുറം ജില്ലാ സെക്രട്ടറി വി അബ്ദുൽ വഹാബും സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് ഹരിത ഭാരവാഹികൾ വനിതാ കമ്മീഷനെ സമീപിച്ചത്. പാർട്ടിക്ക് ലഭിച്ച പരാതിയിൽ തുടര്‍നടപടികള്‍ പരിഗണനയിലിരിക്കെ വിവാദങ്ങൾ സൃഷ്ടിച്ചത് അച്ചടക്കലംഘനമാണെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. ഹരിത ഭാരവാഹികളുടെ നീക്കത്തെ വിമർശിച്ച് എംഎസ്എഫ് ദേശീയ സെക്രട്ടറി എൻ എ കരീം, സംസ്ഥാന ട്രഷറർ സി കെ നജാഫ് എന്നിവരും രംഗത്തെത്തി.
പരാതി വിശദമായി പരിശോധിക്കുമെന്ന് വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ പ്രതികരിച്ചു. തനിക്കെതിരെയുള്ള പരാതി ചില അജണ്ടയുടെ ഭാഗമാണെന്നായിരുന്നു എംഎസ്എഫ് പ്രസിഡന്‍റ് പി കെ നവാസിന്‍റെ പ്രതികരണം.