ലീഗ് ഭാരവാഹിയോഗത്തില്‍ കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ച പി.കെ ഫിറോസിന് സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം

മുമ്പ് ലീഗിന് കനത്ത പരാജയമുണ്ടായപ്പോള്‍ അന്നത്തെ യൂത്ത്‌ലീഗ്, എം.എസ്.എഫ് നേതാക്കള്‍ ലീഗ് നേതൃത്വത്തിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ യുവാക്കളുടെ നിലപാടുകള്‍ പറയാന്‍ ഉത്തരവാദപ്പെട്ട പി.കെ ഫിറോസും നജീബ് കാന്തപുരവും സ്വന്തം താല്‍പര്യം സംരക്ഷിക്കാന്‍ കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി സംസാരിക്കുകയാണെന്നാണ് വിമര്‍ശനം.

Update: 2021-08-03 12:22 GMT
Advertising

മുസ്‌ലിം ലീഗ് സംസ്ഥാന ഭാരവാഹിയോഗത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരായ വിമര്‍ശനങ്ങളെ പ്രതിരോധിച്ച യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം എന്നിവര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം. പാര്‍ട്ടിക്കുള്ളിലെ തിരുത്തല്‍ ശക്തികളാവേണ്ട യുവ നേതാക്കള്‍ കുഞ്ഞാലിക്കുട്ടിയുടെ സംരക്ഷകരായി എന്നാണ് വിമര്‍ശനം.

ലീഗ് ഭാരവാഹിയോഗത്തില്‍ കെ.എം ഷാജി, കെ.എസ് ഹംസ, പി.എം സ്വാദിഖലി തുടങ്ങിയ നേതാക്കള്‍ കുഞ്ഞാലിക്കുട്ടിയുടെ നിലപാടുകള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. പാര്‍ട്ടിയെ ഒരു വ്യക്തിയിലേക്ക് ചുരുക്കരുതെന്നും പാര്‍ട്ടി ഫണ്ട് ഒരാള്‍ മാത്രം കൈകാര്യം ചെയ്യുന്ന സ്ഥിതിയുണ്ടാവരുതെന്നും ഷാജിയും സ്വാദിഖലിയും വിമര്‍ശിച്ചു. കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിയതിനെയും ഇവര്‍ വിമര്‍ശിച്ചു. യൂത്ത്‌ലീഗില്‍ സീനിയര്‍ വൈസ് പ്രസിഡന്റ് പദവി സൃഷ്ടിച്ചതിനെതിരെയും വിമര്‍ശനമുണ്ടായി.

എന്നാല്‍ കുഞ്ഞാലിക്കുട്ടിയെ പൂര്‍ണമായും പിന്തുണക്കുന്ന നിലപാടാണ് പി.കെ ഫിറോസും നജീബ് കാന്തപുരവും സ്വീകരിച്ചത്. കുഞ്ഞാലിക്കുട്ടിക്കല്ലാതെ പാര്‍ട്ടിയിലെ മറ്റൊരു നേതാവിനും നിലവില്‍ പാര്‍ട്ടിയെ നയിക്കാന്‍ ശേഷിയില്ലെന്ന നിലപാടാണ് ഫിറോസ് സ്വീകരിച്ചത്. കുഞ്ഞാലിക്കുട്ടിയാണ് പാര്‍ട്ടിക്ക് വേണ്ടി ഫണ്ട് കണ്ടെത്തുന്നതെന്നും അത് വാങ്ങി ഉപയോഗിക്കുന്നവര്‍ ഫണ്ട് കിട്ടിയതെങ്ങനെയെന്ന് അന്വേഷിക്കാറില്ലെന്നും ഫിറോസ് പറഞ്ഞിരുന്നു. അതേസമയം കുഞ്ഞാലിക്കുട്ടിക്കെതിരെ യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതിയില്‍ ഉയര്‍ന്ന വിമര്‍ശനങ്ങളെക്കുറിച്ച് ഫിറോസ് മൗനം പാലിക്കുകയും ചെയ്തു. കുഞ്ഞാലിക്കുട്ടി പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ഒഴിയണം എന്നതടക്കമുള്ള ആവശ്യങ്ങള്‍ യൂത്ത്‌ലീഗ് പ്രവര്‍ത്തകസമിതിയില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതൊന്നും ഫിറോസ് ഭാരവാഹിയോഗത്തില്‍ ഉന്നയിച്ചില്ല.

മുമ്പ് ലീഗിന് കനത്ത പരാജയമുണ്ടായപ്പോള്‍ അന്നത്തെ യൂത്ത്‌ലീഗ്, എം.എസ്.എഫ് നേതാക്കള്‍ ലീഗ് നേതൃത്വത്തിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ യുവാക്കളുടെ നിലപാടുകള്‍ പറയാന്‍ ഉത്തരവാദപ്പെട്ട പി.കെ ഫിറോസും നജീബ് കാന്തപുരവും സ്വന്തം താല്‍പര്യം സംരക്ഷിക്കാന്‍ കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി സംസാരിക്കുകയാണെന്നാണ് വിമര്‍ശനം.

പാര്‍ട്ടിയുടെ നിലവിലെ പോക്കിനെതിരെ നിശിത വിമര്‍ശനം ഉന്നയിക്കുമെന്ന് കരുതിയവര്‍ നേര്‍ വിപരീതം പറഞ്ഞു എന്ന് കേള്‍ക്കുമ്പോള്‍ സങ്കടമുണ്ട്. അടുത്ത തെരഞ്ഞെടുപ്പിലെ സീറ്റിന് വേണ്ടിയാണോ യുവനേതാവ് കുഞ്ഞാലിക്കുട്ടിയെ പിന്തുണക്കുന്നതെന്ന് കെ.എം.സി.സി കുറ്റ്യാടി മണ്ഡലം കെ.എം.സി.സി സെക്രട്ടറിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.




 


ഷണ്ഡീകരിക്കപ്പെട്ട യുവനേതൃത്വം, കുഴലൂത്തുകാരായ യുവനേതൃത്വം അവര്‍ ഒരു തലമുറയുടെ ഊര്‍ജത്തെയും ആര്‍ജവത്തെയും അസ്ഥിരപ്പെടുത്തും. വഞ്ചകന്‍മാരുടെ കൂട്ടത്തിലാണ് ഇവരുടെ സ്ഥാനം- യൂത്ത്‌ലീഗ് ഇടുക്കി ജില്ലാ ഭാരവാഹിയായ സല്‍മാന്‍ ഹനീഫ് പറയുന്നു.






Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News