പാലാ ബിഷപ്പിന്‍റെ വിദ്വേഷ പ്രസംഗം: മുസ്‍ലിം സംഘടനകൾ കോടതിയിലേക്ക്
ബിഷപ്പിനെതിരെ കേസ് എടുക്കാന്‍ സര്‍ക്കാര്‍ വൈകുന്ന സാഹചര്യത്തിലാണ് നീക്കം
പാലാ ബിഷപ്പിന്‍റെ വിവാദ പരാമര്‍ശത്തില്‍ കോടതിയെ സമീപിക്കാനൊരുങ്ങി മുസ്‍ലിം സംഘടനകള്‍. ബിഷപ്പിനെതിരെ കേസ് എടുക്കാന്‍ സര്‍ക്കാര്‍ വൈകുന്ന സാഹചര്യത്തിലാണ് നീക്കം. സര്‍ക്കാര്‍ നിലപാടിനെതിരെ സമര പരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനമായി.
പാലാ ബിഷപ്പിന്‍റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതിനോടകം സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി പരാതികളും ലഭിച്ചു. എന്നാല്‍ ബിഷപ്പിനെതിരെ നടപടി സ്വീകരിക്കാനോ പ്രശ്നം പരിഹരിക്കാനോ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് കോടതിയെ സമീപിക്കാന്‍ മുസ്‍ലിം സംഘടനകള്‍ ആലോചിക്കുന്നത്. കോട്ടയം പൌരാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് ഈ നീക്കം.
വിവാദം തൊടുത്തുവിട്ട പാലാ ബിഷപ്പ് പ്രശ്ന പരിഹാരത്തിന് മുന്നോട്ട് വരാത്തതിനെയും മുസ്‍ലിം സംഘടനകള്‍ വിമര്‍ശിക്കുന്നുണ്ട്. ഒത്തുതീര്‍പ്പിന് ശ്രമിക്കേണ്ട സര്‍ക്കാര്‍ പ്രശ്നം വഷളാക്കുകയാണെന്നാണ് ഇവരുടെ ആക്ഷേപം. സര്‍ക്കാര്‍ നിലപാടിനെതിരെ മഹലുകള്‍ കേന്ദ്രീകരിച്ച് പ്രതിഷേധ സമരം സംഘടിപ്പിക്കാനും പൌരാവകാശ സംരക്ഷണ സമിതി തീരുമാനിച്ചിട്ടുണ്ട്.
പാലാ ബിഷപ്പിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി
സമൂഹത്തിന്‍റെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം കടുത്തതോടെ പാലാ ബിഷപ്പിന്‍റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം തള്ളി മുഖ്യമന്ത്രി രംഗത്ത്. വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിക്കാതിരിക്കുകയും സാമൂഹിക മാധ്യമങ്ങളിൽ വിദ്വേഷ പ്രചരണം തുടരുകയും ചെയ്തതോടെ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി. മതനിരപേക്ഷതയുടെ വിളനിലമായ കേരളത്തെ തകർത്തുകളയാം എന്ന് തെറ്റിദ്ധരിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പാലാ ബിഷപ്പിന്‍റെ നാർക്കോട്ടിക് ജിഹാദ് പരാമർശത്തിനെതിരെ പൊതുസമൂഹത്തിൽ വലിയ വിമർശനങ്ങൾ ഉയർന്നിട്ടും മുഖ്യമന്ത്രിയോ സിപിഎമ്മോ കൃത്യമായ നിലപാട് വ്യക്തമാക്കിയിരുന്നില്ല. ബിഷപ്പിന് ദുരുദ്ദേശമില്ലായിരുന്നു എന്നാണ് സിപിഎം ആക്ടിങ് സെക്രട്ടറി വിജയരാഘവൻ ന്യായീകരിച്ചത്. എന്നാൽ സമൂഹത്തിലുണ്ടായ വിദ്വേഷ പ്രചരണം വീണ്ടും വർധിക്കുന്നുവെന്ന് മനസിലാക്കിയാണ് കൃത്യമായ നിലപാട് മുഖ്യമന്ത്രി പ്രഖ്യാപിച്ചതെന്നാണ് വിലയിരുത്തൽ. കർദിനാൾ ക്ലിമ്മിസിന്‍റെ നേതൃത്വത്തിൽ യോഗം ചേർന്ന് ബിഷപ്പിന്‍റെ നിലപാട് തള്ളിയിട്ടും സാമൂഹിക മാധ്യമങ്ങളിലടക്കം വിദ്വേഷ പ്രചാരണം തുടരുന്നതിലും സർക്കാരിന് അതൃപ്തിയുണ്ട്. നാളെ ചേരുന്ന മുന്നണി യോഗത്തിലും വിഷയം ചർച്ചക്ക് വരാൻ സാധ്യതയുണ്ട്.