മുസ്‌ലിം സംഘടനകൾ ആവശ്യപ്പെട്ടു; മുഹറം അവധി ഈ മാസം ഒൻപതായി പുനർനിശ്ചയിച്ച് സർക്കാർ
നേരത്തെ എട്ടിനായിരുന്നു അവധി
തിരുവനന്തപുരം: മുഹറത്തോടനുബന്ധിച്ച് സർക്കാർ പ്രഖ്യാപിച്ചിരുന്ന അവധിയിൽ മാറ്റം. മുഹറം അവധി ഈ മാസം ഒൻപതായി സർക്കാർ പുനർനിശ്ചയിച്ചു. നേരത്തെ എട്ടിനായിരുന്നു അവധി. മുസ്‌ലിം സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് ഈ മാറ്റം.
തിങ്കളാഴ്ച പ്രവർത്തി ദിവസമായിരിക്കും. സ്കൂളുകൾക്ക് പുറമെ സർക്കാർ സ്ഥാപനങ്ങൾക്കും സ്വകാര്യ പൊതുമേഖലാ ബാങ്കുകൾ തുടങ്ങിയവയ്ക്കും അന്നേ ദിവസം അവധിയായിരിക്കും. അതേസമയം, കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ 6 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ആഗസ്ത് 5) അവധി പ്രഖ്യാപിച്ചു. പാലക്കാട്, കോട്ടയം, ഇടുക്കി, ആലപ്പുഴ, തൃശൂര്‍, പത്തനംതിട്ട ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. നാളെ നടക്കേണ്ട എം.ജി സര്‍വകലാശാലയുടെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു.
പാലക്കാട് ജില്ലയില്‍ മോഡൽ റെസിഡൻഷ്യൽ സ്കൂളുകളുടെ പ്രവർത്തനങ്ങൾക്കും നാളെ നടക്കാനിരിക്കുന്ന മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അവധി ബാധകമല്ലെന്ന് കളക്ടര്‍ അറിയിച്ചു.അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കണമെന്ന് ഇടുക്കി കളക്ടര്‍ അറിയിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇന്‍റര്‍വ്യൂകള്‍ക്കും മാറ്റമുണ്ടാകില്ലെന്ന് ഇടുക്കി, തൃശൂര്‍ കളക്ടര്‍മാര്‍ പറഞ്ഞു.