പുരാവസ്തു തട്ടിപ്പ് കേസിൽ ഹാജരാകണം; കെ.സുധാകരന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്
ഈ മാസം 23ന് ഹാജരാകണമെന്നാണ് നോട്ടീസ്
കൊച്ചി: മോൻസൻ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരന് ക്രൈംബ്രാഞ്ച് വീണ്ടും നോട്ടീസ് നൽകി. ഈ മാസം 23ന് ഹാജരാകണമെന്നാണ് നോട്ടീസ്. ഇന്ന് ഹാജരാവുന്നതിൽ അസൗകര്യം ഉണ്ടെന്ന് സുധാകരൻ അറിയിച്ചിരുന്നു. അതേസമയം, കേസിൽ പരാതിക്കാരനായ ഷമീർ പുറത്തുവിട്ട ബാങ്ക് അക്കൗണ്ട് പരാതിക്കാരൻ പുറത്തു വിട്ട ബാങ്ക് അക്കൗണ്ട് വിവരങ്ങൾ വ്യാജമെന്ന് മോൻസൺ അഭിഭാഷകനെ അറിയിച്ചു.
കേസിൽ രണ്ടാം പ്രതിയായ സുധാകരനെതിരെ വഞ്ചനാക്കുറ്റം അടക്കമാണ് ചുമത്തിയിട്ടുള്ളത്. അതിനിടെ അറസ്റ്റ് സാധ്യത തടയാൻ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് സുധാകരൻ. വ്യാജ പുരാവസ്തുക്കൾ ഉപയോഗിച്ച് മോൻസൻ മാവുങ്കൽ 10 കോടിരൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസിൽ തിങ്കളാഴ്ചയാണ് സുധാകരനെ ക്രൈംബ്രാഞ്ച് പ്രതിചേർത്തത്.
സുധാകരന്റെ പേരിൽ വഞ്ചനാക്കുറ്റം ചുമത്തി രണ്ടാം പ്രതിയാക്കി എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ക്രൈംബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. മോൻസനാണ് കേസിൽ ഒന്നാം പ്രതി. ലോകത്തെ ഏറ്റവും വലിയ പുരാവസ്തുമ്യൂസിയം സ്ഥാപിക്കാനെന്നു വിശ്വസിപ്പിച്ച് 10 കോടി തട്ടിയതായി കോഴിക്കോട് സ്വദേശികളായ എം.ടി ഷമീർ, യാക്കൂബ്, സിദ്ദീഖ്, സലിം, മലപ്പുറം സ്വദേശി ഷാനിമോൾ, തൃശൂർ സ്വദേശി അനൂപ് അഹമ്മദ് എന്നിവർ നൽകിയ പരാതിയിലാണ് മോൻസനെ 2021 സെപ്റ്റംബർ 26-ന് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
25 ലക്ഷം രൂപ മോൻസന് കൈമാറുമ്പോൾ കെ. സുധാകരൻ മോൻസന്റെ വീട്ടിലുണ്ടായിരുന്നുവെന്നും പരാതിക്കാർ ആരോപിച്ചിരുന്നു. മോൻസൻ സുധാകരന് 10 ലക്ഷം രൂപ കൈമാറുന്നത് കണ്ടതായി മോൻസനുമായി തെറ്റിയശേഷം അദ്ദേഹത്തിന്റെ ഡ്രൈവർ അജിത്ത്, ജീവനക്കാരനായ ജെയ്‌സൺ, ജോഷി എന്നിവർ കോടതിയിൽ രഹസ്യമൊഴി നൽകിയിട്ടുണ്ട്. പരാതിക്കാർ നൽകിയ പണത്തിൽനിന്നുള്ളതാണ് ഇതെന്നാണ് ആരോപണം.