മുട്ടിൽ മരംമുറി; വനംവകുപ്പ് രജിസ്റ്റർ ചെയ്ത കേസിലും പ്രതികൾക്ക് ജാമ്യം
സുൽത്താൻ ബത്തേരി ഒന്നാം ക്ലാസ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് ജാമ്യമനുവദിച്ചത്
മുട്ടിൽ മരം കൊള്ളക്കേസിൽ വനംവകുപ്പ് രജിസ്റ്റർ ചെയ്ത കേസിലും പ്രതികൾക്ക് ജാമ്യം. സുൽത്താൻ ബത്തേരി ഒന്നാം ക്ലാസ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് ജാമ്യമനുവദിച്ചത്. നേരത്തെ, ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിലും പ്രതികൾക്ക് ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ പട്ടയഭൂമിയിലെ മരം മുറിച്ചതിന് മീനങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കോടതി ജാമ്യം നിഷേധിച്ചതിനാൽ പ്രതികൾക്ക് ഉടൻ പുറത്തിറങ്ങാനാകില്ല.
തൃക്കൈപ്പറ്റ മുക്കംകുന്നിൽ നിന്ന് ഈട്ടി മരങ്ങൾ മുറിച്ചു കടത്തിയതിന് മേപ്പാടി പൊലീസും നേരത്തെ അഗസ്റ്റിൻ സഹോദരങ്ങളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ക്രൈംബ്രാഞ്ചും വനം വകുപ്പും കേസിൽ ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. ഹൈക്കോടതിയിൽ നിന്ന് അനുമതി ലഭിക്കാത്തതാണ് കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നതെന്നാണ് വനംവകുപ്പിന്‍റെ വിശദീകരണം.